‘ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് താഴെ ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍; സ്ത്രീകള്‍ പ്രവേശിച്ചാല്‍ സന്താനോത്പാദന ശേഷിയെ ബാധിക്കും’;വിചിത്ര കണ്ടെത്തലുമായി നടന്‍ ദേവന്‍; വിശ്രമമില്ലാതെ ട്രോളന്മാര്‍!

ആ വിഗ്രഹത്തിന് താഴെ, എത്രയോ മീറ്ററുകള്‍ താഴ്ചയിലുള്ള ഒരു കാന്തിക മണ്ഡലത്തില്‍ നിന്നും വരുന്ന എനര്‍ജിയാണ് ബിംബത്തിന് ജീവന്‍ കൊടുക്കുന്നത്.

തിരുവനന്തപുരം: പശു ഓക്‌സിജന്‍ പുറത്തും വിടുന്നു എന്ന തരത്തിലുള്ള ഉത്തരേന്ത്യയിലെ പല നേതാക്കളുടെയും മണ്ടത്തരങ്ങള്‍ ട്രോളി ക്ഷീണിച്ചിരിക്കുന്ന ട്രോളന്മാര്‍ക്ക് വീണ്ടും ചാകരയായി നടന്‍ ദേവന്റെ ‘പുതിയ കണ്ടെത്തല്‍’. ആര്‍ത്തവം അശുദ്ധിയാണെന്ന പഴഞ്ചന്‍ കാഴ്ചപ്പാടിനെ തിരുത്താനായി ഒരു കൂട്ടര്‍ ഇറങ്ങിത്തിരിച്ച സമയത്ത് മണ്ടത്തരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുകയാണ് മറു കൂട്ടര്‍.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നത് തടയാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് അബദ്ധങ്ങള്‍ പ്രചരിപ്പിച്ച അമേരിക്കയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷ പിള്ളയേയും അവരുടെ കാന്തിക മണ്ഡലം തിയറിയും സോഷ്യല്‍മീഡിയ തെളിവുസഹിതം പൊളിച്ചടുക്കി കൊടുത്തതാണ്. ഇതിനു പിന്നാലെയാണ് മലയാളസിനിമാ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദേവന്‍ മറ്റൊരു ‘ശാസ്ത്രീയ’ മണ്ടത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയ നടന്റെ പത്രസമ്മേളനത്തിലാണ് വിഡ്ഢിത്തം കടന്നുകൂടിയിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന വാദത്തെ ന്യായീകരിക്കാന്‍ ദേവന്‍ പറയുന്നത് ഇങ്ങനെ: സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആചാരങ്ങളുടെ തുടര്‍ച്ചയാണ്. അത് സ്ത്രീ വിവേചനമല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയില്ല.

ക്ഷേത്രങ്ങള്‍ ഒരു ആരാധനാലയങ്ങള്‍ അല്ല. ഹൈ വോള്‍ട്ടേജ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ചില കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ശബരിമലയിലെ അയ്യപ്പനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹമോ നമ്മള്‍ കാണുന്നത് അല്ല യഥാര്‍ത്ഥത്തിലുള്ള മൂര്‍ത്തി. ആ വിഗ്രഹത്തിന് താഴെ, എത്രയോ മീറ്ററുകള്‍ താഴ്ചയിലുള്ള ഒരു കാന്തിക മണ്ഡലത്തില്‍ നിന്നും വരുന്ന എനര്‍ജിയാണ് ബിംബത്തിന് ജീവന്‍ കൊടുക്കുന്നത്. ഏതാണ്ട് 30 കോടി ജനങ്ങളുടെ ശരഘോഷം കേട്ട് ആ മൂര്‍ത്തിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജിയാണത്.

ഹൈ വോള്‍ട്ടേജിലുള്ള ഇലക്ട്രിക് എന്‍ര്‍ജിയും കാന്തശക്തിയും സ്വരൂപിച്ച് കൊണ്ടുള്ള പ്രതിഷ്ഠയാണ് അയ്യപ്പന്‍. ആര്‍ത്തവ സമയത്ത് മാനസികമായും ശാരീരികമായും സ്ത്രീകള്‍ ഒരു ശക്തിയില്ലായ്മ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള ഹൈ വോള്‍ട്ടേജ് എനര്‍ജി സന്താനോത്പാദന ശേഷിയെ കാര്യമായി ബാധിക്കും. ഇതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് അമ്പങ്ങളില്‍ പോകരുത് എന്ന് പറയുന്നത്.’ഏതായാലും പത്രസമ്മേളത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.

താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും നമ്മെ ഭരിക്കുകയും ചെയ്യുന്നതോടെ കേരളത്തിന്റെ തകര്‍ച്ച സമ്പൂര്‍ണമാവും എന്നാണ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ദേവന്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒപ്പം ട്രോളന്മാരും ദേവനെ കടന്നാക്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തിലെ വിധിക്ക് പിന്നാലെ സോഷ്യല്‍മീഡിയയ്ക്ക് വിശ്രമമില്ലാത്ത അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.

Exit mobile version