തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം സര്‍ക്കാരിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ഇത് സമരമല്ലെന്നും നാമജപയജ്ഞമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രതിഷേധത്തിന്റെ രീതിയിലാണ് നാമജപയജ്ഞം സംഘടിപ്പിച്ചിരിക്കുന്നതെന്നും സുപ്രീംകോടതി വിധി ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠയ്ക്ക് വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിനോട് യോജിപ്പില്ലെന്നും, കൊട്ടാരം മാത്രമായാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടി പിടിച്ച് സമരം നടത്തില്ല. വിവിധ രാഷ്ട്രീയ സംഘടനകള്‍ പിന്തുണ അറിയിക്കുന്നുണ്ട്. ശരണം വിളിക്കുന്നതിന് പിന്തുണയുമായി ആരെത്തിയാലും പിന്തുണ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വിധി നടപ്പാക്കുന്നത് നീട്ടി വെക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയും. ശബരിമല വിധി സംബന്ധിച്ച് ചര്‍ച്ച കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല. എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകില്ലെന്നു പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.