സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്’..! യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരായ കോണ്‍ഗ്രസ് നിലപാടില്‍ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജീഷ് കെപി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പുരോഗമനപരമായ മാറ്റങ്ങളോട് പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ഇനിയും യോജിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബിജേഷ് തന്റെ രാജിക്കത്തില്‍ വിശദീകരിക്കുന്നു.

‘സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിയുടെ കാരണം വിശദീകരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നേതാവിന്റെ രാജി പ്രഖ്യാപനം.

ബിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ നേരിട്ട് അറിയാവുന്നവർക്ക് ഒരു കാര്യമാറിയാം,ഞാൻ ഒരു കോഗ്രസ്സ് കാരണാണ്. ഇനി അങ്ങനെ ആയിരിക്കില്ല എന്നറിയിക്കാനാണ് ഈ പോസ്റ്റ്. അതിന് പല കാരണങ്ങളുണ്ട്.പ്രധാനപ്പെട്ടത്, സ്ത്രീകൾക്ക് തുല്യത നൽകരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോർത്തു നാളെ എന്റെ മക്കൾക്ക് തലതാഴ്ത്തേണ്ടി വരരുത്. നാം മുന്നോട്ടാണ് സഞ്ചരിക്കേണ്ടത് എന്ന ബോധ്യത്തിൽ എതിരെ നിൽക്കുന്ന ഒരു വലിയ ജനവിഭാഗത്തിനു മുന്നിലും നിലപാടിൽ പാതറാതെ നിൽക്കുന്ന ഇടതു പക്ഷത്തിന് കരുത്ത് പകരേണ്ട സമയം ഇതുതന്നെയാണെന്ന ഉത്തമബോധ്യത്തിൽ കോൺഗ്രസ്സിൽ നിന്നുള്ള എന്റെ രാജി ഞാൻ പരസ്യപ്പെടുത്തുന്നു..

പ്രിയപ്പെട്ട സഹപ്രവർത്തകരെ..

വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നതിനു മുന്നേ തന്നെ വ്യക്തിബന്ധങ്ങളുടെ പേരിൽ കോൺഗ്രസ്സുകാരനായ ആളാണ് ഞാൻ. രാഷ്ട്രീയ പ്രവർത്തനത്തോട് കൂടുതൽ അടുക്കുംതോറും ഒരു കാര്യത്തിൽ എനിക്ക് വ്യക്തത കൂടി വരുന്നുണ്ടായിരുന്നു..
ഞാൻ ഒരു ഇടത് പക്ഷക്കാരനാണ്.
അപ്പോഴും കോൺഗ്രസ്സ് ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് എന്ന് എനിക്ക് അനുഭവപെട്ടിട്ടില്ല. ഒരു ഇടത് പക്ഷക്കാരന് പ്രവർത്തിക്കാനുള്ള ഇടവും കോൺഗ്രസ്സ്സിൽ ഉണ്ടെന്ന് തന്നെ ഞാൻ മനസിലാക്കിയിരുന്നു.
എന്നിരുന്നാലും കോൺഗ്രസ്സിന്റെ പ്രവർത്തനശൈലിയിൽ വലിയ രീതിയിലുള്ള വിയോജിപ്പുകൾ എനിക്കെപ്പോഴും ഉണ്ടായിരുന്നു. കോൺഗ്രസിൽ നേതാക്കന്മാർ ഉണ്ടായി വരുകയല്ല ചെയ്യുന്നത്, പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചെടുക്കുകയാണ്. പ്രത്യേയശാസ്ത്രത്തിലൂനിയ പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ വളർച്ചയെ മുന്നോട്ട് നായികാനും അതിലൂടെ നാടിന്റെ ക്ഷേമം ഉറപ്പുവര്ത്താനുമല്ല നേതാക്കന്മാർ ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം സ്വയം വളരാൻ വളക്കൂറുള്ള മണ്ണ് മാത്രമാണ് കോൺഗ്രസ്സ്.

എന്തിനോ വേണ്ടി തിളക്കുന്ന സമ്പാറിന്റെ അവസ്ഥയിലാണ് പ്രവർത്തകർ. അവർക്ക് നിലപാടിനൊപ്പം നിൽക്കാൻ അറിയില്ല. ഏതെങ്കിലും വ്യക്തിക്ക് കീഴിൽ അണിനിരക്കാനാണ് അവർ ആഗ്രഹിക്കുന്നത് (പഴയ ജന്മി-കുടിയാൻ ബന്ധത്തിന്റെ അവശേഷിപ്പ്).
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒറ്റപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഉണ്ടാകും. ഞാൻ ഒരു പ്രസ്ഥാനത്തിന്റെ പൊതുരീതിയാണ് കണക്കിലെടുക്കുന്നത്. ഞാൻ മനസിലാക്കിയിടത്തോളം അനുസരണയില്ലാത്ത ഒരു ആൾകൂട്ടമാണ് കോൺഗ്രസ്സ്. പല വിഷയങ്ങളിലും കോൺഗ്രസ്സുക്കാർ പാരമ്പര്യ , പിന്തുടർച്ച വാദികളാണ്. പല പുരോഗമനപരമായ മാറ്റങ്ങളോടും മുഖം തിരിഞ്ഞു നില്കുന്നു. അത് തന്നെയാണ് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സത്ത എന്ന് മനസിലാവാഞ്ഞിട്ടല്ല. ഞാൻ ആ പക്ഷക്കാരനല്ല എന്നതാണ് പ്രശ്‌നം. സ്വന്തം വളർച്ചക്ക് ദോഷംചെയ്യുമോ എന്ന പേടിയിൽ പാർട്ടിക്ക് ഗുണം ചെയ്യുന്ന ഉറച്ച ഒരു നിലപാടെടുക്കാൻ പോലും തയ്യാറാവാത്ത പ്രാദേശിക നേതൃതത്വവും മനസുമടുപ്പിച്ചിരിക്കുന്നു. ഈ വിയോജിപ്പുകൾക്കു നടുവിലും പാർട്ടിയിൽ നിന്ന് ഇതുവരെ എന്നെ പുറത്തകടക്കാൻ അനുവദിക്കാതിരുന്നത്, കോൺഗ്രസ്സിലെ സഹപ്രവർത്തകരുമായി എനിക്കുള്ള ആത്മബന്ധമാണ്. ഇപ്പോഴും ആ ബന്ധം അങ്ങനെ തന്നെ നിൽക്കുമ്പോഴും ഇനിയും മനസാക്ഷിക്കൊപ്പം നില്കാതിരിക്കാൻ എനിക്ക് കഴിയില്ല.
സമസ്ത മേഖലകളിലും മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങളിൽ പോരായ്മകളും, പരിമിതികളും ഉണ്ടാകുക സ്വാഭാവികമാണ്. ഇവിടെ നമുക്ക് ചെയ്യാൻ കഴിയുക നമ്മുടെ ചിന്തകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ താരതമ്യേന ഭേദപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതാണ്. ഇപ്പോൾ കോൺഗ്രസിനു പുറത്തുകടന്ന് അങ്ങനെ ഒരു തിരഞ്ഞെടുപ്പിന് ഞാൻ ശ്രമിക്കുകയാണ്. അന്വേഷണങ്ങൾകൊടുവിൽ താരതമ്യേന മെച്ചപ്പെട്ടത് ഞാൻ തിരഞ്ഞെടുക്കും. അതിന്റെ ഭാഗമായി എന്റെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സ്ഥാനം ഞാൻ രാജി വെക്കുന്നു.
ആശയപരമായ ഭിന്നിപ്പുകൾക്കിടയിലും പ്രിയ സുഹൃത്തുക്കളുമായി വ്യക്തിപരമായ അടുപ്പം തുടരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
സ്നേഹപൂർവ്വം,
ബിജീഷ് കെ പി

Exit mobile version