പത്തനംതിട്ട: അറസ്റ്റിലായ ശേഷം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ചത് ക്രൂരമായ അനുഭവങ്ങളെന്ന് പറഞ്ഞ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ വാദങ്ങളെ പൊളിച്ചടുക്കി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍. സുരേന്ദ്രന്റെ വാദങ്ങള്‍ പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബിജെപി നേതാവിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പോലീസ് സ്റ്റേഷനില്‍ വെച്ച് തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു നേതാവിന്റെ ആരോപണം. എന്നാല്‍ സുരേന്ദ്രന്‍ തന്നെ ഇരുമുടികെട്ട് നിലത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ കാണാം. ശേഷം നിലത്തു വീണ ഇരുമുടികെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ എടുത്ത് സുരേന്ദ്രന്റെ തോളില്‍ വെച്ച് കൊടുക്കുകയായിരുന്നു. രണ്ടു തവണയാണ് ഇത് ആവര്‍ത്തിച്ചത്. തന്നെ പോലീസ് മര്‍ദ്ദിച്ചെന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറിയതായും ദൃശ്യങ്ങള്‍ വ്യക്തമാണ്. അതിനു മുന്‍പ് തന്നെ മര്‍ദ്ദിച്ചുവെന്ന ആരോപണം വൈദ്യപരിശോധനയിലൂടെ പൊളിഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മറ്റു വാദങ്ങളെ ഖണ്ഡിച്ച് കൊണ്ടുള്ള വീഡിയോ കൂടി പുറത്ത് വന്നത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി പങ്കുവെച്ചത്. കെ സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നത് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു.
കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
(വ്യക്തതയുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ കമന്റില്‍)