ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപില്‍. പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തു.ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയിലെത്തിയതിന് ശേഷം ആദ്യമായാണ് മോഡിയുടെ മാലിദ്വീപ് സന്ദര്‍ശനം. അടിസ്ഥാന സൗകര്യം, മാനവ വിഭവ ശേഷി, ആരോഗ്യം, തുടങ്ങിയ മേഖലയില്‍ രാജ്യത്തിന്റെ വികസനത്തിനായി എല്ലാവിധ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ജനാധിപത്യത്തില്‍ അടിയുറച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സുസ്ഥിരമായ രാജ്യമായി തീരട്ടെയെന്നാണ് മാലിദ്വീപിനെ കുറിച്ച് ഇന്ത്യയുടെ ആഗ്രഹമെന്നും മോഡി പറഞ്ഞു.
മാലിദ്വീപിന്റെ പുതിയ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും മോഡി ട്വിറ്ററിലൂടെ അറിയിച്ചു. മാലിദ്വീപിന്റെ മുന്‍പ്രസിഡന്റ് അബ്ദുള്ള യാമീനുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ ഒഴിവാക്കി ഇന്ത്യയുമായി സുദൃഢമായ ബന്ധം സ്ഥാപിക്കുമെന്ന് സോലിഹ് തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.