ഈ ബ്ലഡി മല്ലൂസൊക്കെ ‘ചാറില്‍ മുക്കി നക്കിയാ മതി’ എന്നാണോ കോണ്‍ഗ്രസേ?

പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിട്ട് സഭാ നേതാവ് സ്ഥാനം പോലും തന്നില്ലല്ലോ

ഒടുവില്‍ കോണ്‍ഗ്രസ് അതിന്റെ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപി അധീര്‍ രഞ്ജന്‍ ചൗധരിയാണ് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍. കോണ്‍ഗ്രസിന് രണ്ടു സീറ്റുമാത്രമുള്ള പശ്ചിമ ബംഗാളിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍. രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് സോണിയാ ഗാന്ധി അധീര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി നിര്‍ദേശിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം.

രാഹുല്‍ ഗാന്ധി ലീഡര്‍ സ്ഥാനം ഏറ്റെടുക്കില്ല എന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അപ്പോഴൊക്കെ കോണ്‍ഗ്രസിന്റെ സഭാ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരുകള്‍ കൊടിക്കുന്നില്‍ സുരേഷിന്റേതും ശശി തരൂരിന്റേതുമായിരുന്നു. സ്വാഭാവികമായും രാഷ്ട്രീയമറിയാവുന്നവര്‍ അങ്ങനെയേ ചിന്തിക്കുമായിരുന്നുള്ളൂ. ഒന്ന് കോണ്‍ഗ്രസിന് ഏറ്റവും വലിയ വിജയം സമ്മാനിച്ച സംസ്ഥാനം എന്ന പരിഗണന. രണ്ട് കൊടിക്കുന്നിലിന്റെ സീനിയോറിറ്റിയും കഴിഞ്ഞ സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുള്ള പരിചയവും. മൂന്ന് യുഎന്‍ അണ്ടര്‍ സെക്രട്ടറി വരെയായി പ്രവര്‍ത്തിച്ചിട്ടുള്ള ശശി തരൂരിന്റെ പരിചയവും അന്താരാഷ്ട്ര തലത്തില്‍ പോലുമുള്ള സ്വീകാര്യതയും സഭാ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കാണിച്ചിട്ടുള്ള മികവും. പക്ഷേ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞപ്പോള്‍ ഇതിനെയൊക്കെ മറികടന്ന് അധീര്‍ രഞ്ജന്‍ ചൗധരി ലീഡറായി.

ഈ അവസരത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍ പ്രചരിപ്പിച്ചിരുന്ന കാര്യങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രി കേരളത്തില്‍ നിന്നായിരിക്കുമെന്നാണല്ലോ. വയനാട്ടില്‍ സ്ഥാപിച്ചിരുന്ന ‘പ്രധാനമന്ത്രിയ്ക്ക് ഒരു വോട്ട്’ ബോര്‍ഡുകള്‍ ഇപ്പോഴും പൂര്‍ണമായി നശിച്ചിട്ടില്ല. ഭൂരിപക്ഷം കിട്ടാത്തവര്‍ക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പറ്റില്ല എന്നതു കൊണ്ട് അത് നടന്നില്ല എന്നത് സ്വാഭാവികം മാത്രം. പക്ഷേ പാര്‍ട്ടിയോ മുന്നണിയോ വിജയിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയൊക്കെ ആയിരുന്ന ആള്‍ സ്വാഭാവികമായി പ്രതിപക്ഷ നേതാവാകുന്നതാണല്ലോ രീതി. ഔദ്യോഗിക പ്രതിപക്ഷമാകാന്‍ വേണ്ട സീറ്റില്ലാത്തതു കൊണ്ട് അതും നടന്നില്ലെന്നതും മനസ്സിലാക്കാം.

പക്ഷേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാവാന്‍ ആ പാര്‍ട്ടി മാത്രം തീരുമാനിച്ചാല്‍ മതിയല്ലോ. അതിന് ആ നേതാവ് തയ്യാറായി തന്നെ തെരഞ്ഞെടുത്തവരോട് പറ്റാവുന്നിടത്തോളം നീതി കാണിക്കണ്ടേ? ഇനി ആ നേതാവ് അതിന് തയ്യാറായില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക. അപ്പോഴും പ്രധാനമന്ത്രി മോഹം നല്‍കിയ ജനങ്ങളോട് ആ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വമില്ലേ? രാജ്യം മുഴുവന്‍ പുറന്തള്ളിയപ്പോഴും പ്രധാനമന്ത്രി പദ വാഗ്ദാനത്തില്‍ വിശ്വസിച്ച് വന്‍ വിജയം നല്‍കിയ സംസ്ഥാനത്തിന് സ്വാഭാവികമായും ഒരു സമ്മാനമായി ആ നേതൃസ്ഥാനം നല്‍കേണ്ടതല്ലേ? പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ആള്‍ കഴിഞ്ഞാല്‍ വിജയിച്ചവരില്‍ ഏറ്റവും പ്രധാനപ്പെട്ട നേതാവ് മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നാണെങ്കില്‍ രക്ഷയൊന്നുമില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ച മുതിര്‍ന്ന നേതാക്കളൊക്കെ പരാജയപ്പെട്ടു. അടുത്ത നിരയില്‍ സീനിയറായ, കഴിവുള്ള നേതാക്കള്‍ ജയിച്ചിട്ടുള്ളതും കേരളത്തില്‍ നിന്നാണ്. എന്നിട്ടും നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ കേരളം തഴയപ്പെട്ടു. ഇപ്പോള്‍ കോണ്‍ഗ്രസിനകത്തു നിന്ന് പുറത്തു വരുന്ന അനൗദ്യോഗിക വിശദീകരണങ്ങളാണ് കൂടുതല്‍ രസം. ശക്തരായ ബിജെപിയെ നേരിടുന്നതിന് ഹിന്ദിയൊക്കെ അറിയുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെപ്പോലെ ശക്തനായ ഒരു നേതാവ് വേണമത്രേ. അതായത് ചപ്പാത്തി തിന്നാത്തതു കൊണ്ട് ഹിന്ദിയറിയാത്ത മദ്രാസി നേതാക്കളായ കൊടിക്കുന്നിലും തരൂരുമൊന്നും അത്ര ശക്തരല്ലെന്ന്. ഈ നേതാവ് തെരഞ്ഞെടുപ്പിലൂടെ നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഫെഡറല്‍ ഇന്ത്യയ്ക്ക് ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്താണ്?

ഇന്ത്യ ഹിന്ദിക്കാരുടേതാണെന്നോ? മലയാളികളടക്കമുള്ള മറ്റ് ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ദേശീയതയില്‍ ഒരു പങ്കുമില്ലെന്നോ? നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധി സഭാ കക്ഷി നേതാവിന്റെ സ്ഥാനം ഏറ്റെടുത്തിരുന്നുവെങ്കില്‍ ശരി, അല്ലാതെ ഒരു മലയാളിയിലൂടെ അത് കേരളത്തിന് ലഭിക്കാന്‍ അര്‍ഹതയില്ലെന്നോ? എങ്കില്‍ പിന്നെ എന്തിനാണ് സംഘപരിവാറിന്റെ ഹിന്ദി അജണ്ടയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്? ഇപ്പോഴത്തെ നേതാവ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച സോണിയാ ഗാന്ധിയുടെ നടപടി വെറും ഷോ ഓഫ് മാത്രമായേ കാണാനാവൂ. നിങ്ങളുടെ ഭാഷയില്‍ പ്രതിജ്ഞ ചൊല്ലുക എന്ന് പറയുകയും ഹിന്ദി അറിയില്ലെന്നതിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുക. ഗംഭീര സമീപനം തന്നെ.

കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരിയെ സഭാ കക്ഷി നേതാവാക്കിയതില്‍ ഒറ്റക്കാര്യമേയുള്ളൂ. അത് അധീര്‍ രഞ്ജന്‍ ചൗധരി ബിജെപിയില്‍ പോകുന്നത് തടയുക എന്നതാണ്. സോണിയയുടെയും രാഹുലിന്റെയുമൊക്കെ ഇടത്തും വലത്തും ഇരിക്കുന്നവര്‍ പിറ്റേന്ന് രാവിലെ ബിജെപി ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കുന്നത് കാണുന്ന കോണ്‍ഗ്രസിന് ആ പേടി ഉണ്ടാവുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ അങ്ങനെയൊരാളെ നേതാവാക്കുമ്പോള്‍ കോണ്‍ഗ്രസ് പറയുന്നതെന്താണ്. സ്ഥാനങ്ങള്‍ കിട്ടണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന പ്രതീതി ഉണ്ടാക്കണമെന്നല്ലേ? അധീര്‍ രഞ്ജന്‍ ചൗധരി ബിജെപിയിലേക്ക് പോകുന്നത് പേടിച്ച് തടയാനെടുത്ത നടപടിയെത്തുടര്‍ന്ന് അവസാനം എല്ലാവരും കൂടി പോകുന്ന ഗതി കോണ്‍ഗ്രസിന് ഉണ്ടാവാതിരിക്കട്ടെ എന്ന് ആശംസിക്കുക മാത്രം ചെയ്യാം.

അതൊക്കെ പോട്ടെ. കേരളത്തിന് ഈ നേതൃസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണല്ലോ. അമേത്തിയില്‍ തോറ്റതു കൊണ്ട് കേരളത്തിന്റെ എംപി എന്ന് ഉറപ്പിച്ചു പറയാറായ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിക്കുമായിരുന്നില്ലല്ലോ? അതായത് പ്രധാനമന്ത്രി സ്ഥാനമായിരുന്നെങ്കില്‍ കൊള്ളാം, പ്രതിപക്ഷത്തു നിന്ന് ശക്തരായ ഭരണ പക്ഷത്തോട് പൊരുതേണ്ട സഭാ നേതാവ് പരിപാടിക്ക് ഞാനില്ലെന്ന്. എങ്ങനെയാണ് ഈ നിലപാടിനെ കോണ്‍ഗ്രസും രാഹുലുമൊക്കെ വിശദീകരിക്കുന്നതെന്നറിയാനും കൗതുകമുണ്ട്. പിന്നെ ലോട്ടറിയിലെ സമാശ്വാസ സമ്മാനം പോലെ കൊടിക്കുന്നിലിന് ചീഫ് വിപ്പ് സ്ഥാനം കൊടത്തിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലം സമാശ്വസിക്കുക തന്നെ.

Exit mobile version