ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്ഥാപനമായ ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരിക്കുന്നു. ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ തന്നെയാണ് ഔദ്യോഗികമായി വ്യക്തമാക്കിയത്. അസാധാരണമായ നടപടിയെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
മത ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് ഗൗരവമായി കാണുമെന്നും ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇതിനു വിശദീകരണമായി മന്ത്രി പറഞ്ഞത്. അപ്പോള്‍ ഈ കാര്‍ട്ടൂണ്‍ എങ്ങനെയാണ് മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതെന്ന് പരിശോധിക്കണമല്ലോ. കത്തോലിക്കാ സഭയ്ക്കുള്ളില്‍ നിന്നു തന്നെ ലൈംഗിക പീഡന ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ് സുഭാഷ് കല്ലൂരിന്റെ കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രം. ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലുള്ള ബിഷപ്പുമാരുടെ അധികാര ചിഹ്നമായ അംശവടിയ്ക്കു മേല്‍ കുരിശിനു പകരം അടിവസ്ത്രത്തിന്റെ ചിത്രവും കാര്‍ട്ടൂണിസ്റ്റ് വരച്ചു ചേര്‍ത്തിട്ടുണ്ട്. ഇതാണ് കത്തോലിക്കാ സഭയെ പ്രകോപിപ്പിച്ചത്.
ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കലാണ് ഈ കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതിനു പിന്നിലെ ലക്ഷ്യമെന്ന് കെസിബിസി വക്താവ് പ്രസ്താവനയിറക്കി. ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലാണോ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നിലെന്ന പഞ്ച് ചോദ്യവും കെസിബിസി വക്താവ് ഉയര്‍ത്തി. ആ ചോദ്യമാണ് സര്‍ക്കാരിനെ വീഴ്ത്തിയതെന്നു വേണം കരുതാന്‍. പക്ഷേ ആ വീഴ്ച ഒരു വല്ലാത്ത വീഴ്ചയായിപ്പോയി എന്ന് പറയാതിരിക്കാനാവില്ല. നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒപ്പം നിന്ന ഒരുപാടു പേരെ നിരാശയിലാഴ്ത്തിയ വീഴ്ച.
കാര്‍ട്ടൂണ്‍ മോശമാണെന്നതു കൊണ്ടോ നിലവാരമില്ലാത്തതാണെന്നതു കൊണ്ടോ അവാര്‍ഡ് പുനഃപരിശോധിക്കുകയാണെങ്കില്‍ അതിലൊരു ശരിയുണ്ടെന്നു പറയാം. പക്ഷേ ഇവിടെ ഒരു മതസ്ഥാപനത്തിന്റെ പ്രതിഷേധക്കുറിപ്പിനെത്തുടര്‍ന്ന് പുരോഗമന കേരളത്തില്‍ ഒരു കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌കാരം ഇടതുപക്ഷ സര്‍ക്കാര്‍ നേരിട്ടിടപെട്ട് പിന്‍വലിക്കുകയാണ്. അത് ഏത് രാഷ്ട്രീയ സാഹചര്യത്തിലാണെന്നു കൂടി പരിശോധിക്കണം. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മത വിശ്വാസത്തെ ഹനിക്കുന്നതാണെന്നും വിധി നടപ്പാക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പിറകോട്ട് നടത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. അന്ന് സര്‍ക്കാരിനെതിരെ സംഘരിവാര്‍ ബോധപൂര്‍വം പ്രചരിപ്പിച്ച ഒരു കാര്യം ഹിന്ദുക്കളോട് മാത്രമേ ഇടതു മുന്നണിക്ക് ഈ സമീപനമുള്ളൂ എന്നാണ്. ആ ആരോപണം ശരി വെയ്ക്കാന് സാധാരണക്കാരായ ഹിന്ദു മത വിശ്വാസികള്‍ക്ക് അവസരമൊരുക്കിക്കൊടുത്തിരിക്കുകയാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍. അവരെ സംഘപരിവാര്‍ പാളയത്തിലേക്ക് നിര്‍ബന്ധിച്ചു നടത്തുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി.
ശബരിമല സംഭവത്തോടനുബന്ധിച്ചും കത്വയിലെ ക്രൂരമായ സംഭവത്തിനു ശേഷവുമൊക്കെ പല തരത്തിലുള്ള കാര്‍ട്ടൂണുകള്‍ പുറത്തു വന്നിരുന്നു. അതില്‍ ഹൈന്ദവ ചഹ്നങ്ങളെ അപമാനിക്കുന്നുവെന്ന പ്രചാരണവും കൊലവിളിയുമായി സംഘപരിവാര്‍ സംഘടനകള്‍ വന്നപ്പോള്‍ കൃത്യമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരുന്നു ഇടതുപക്ഷം നിന്നത്. ആ ആവിഷ്‌കാര സ്വാതന്ത്ര്യ വാദത്തിന് ഇപ്പോള്‍ എന്ത് പറ്റി എന്ന ചോദ്യം ഈ അവസരത്തില്‍ ഉയരുന്നത് സ്വാഭാവികം മാത്രം. സാംസ്‌കാരിക മന്ത്രി പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ്. എന്നാല്‍ മത ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് ഗൗരവമായി കാണും. അവിടെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെപ്പോലുള്ളവര്‍ മത ചിഹ്നങ്ങളെ ദുരപയോഗം ചെയ്യുന്നു എന്ന് പറയുന്നത് എങ്ങനെ മത ചിഹ്നങ്ങളെ അവഹേളിക്കലാവും. ബിഷപ്പുമാരുടെ അധികാര ചിഹ്നത്തെ ഫ്രാങ്കോയെപ്പോലുള്ളവര്‍ ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കാന്‍ അശവടിക്കു പകരം ക്രിക്കറ്റ് ബാറ്റോ കുട്ടിയും കോലുമോ വരച്ചാല്‍ സാധിക്കുമോ.
ഫ്രാങ്കോ മുളയ്ക്കലല്ല, കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ട പികെ ശശിയാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. അതിന് കൃത്യമായ മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെ സാംസ്‌കാരിക മന്ത്രി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം നല്‍കിയത് മുഖ്യമന്ത്രിയും കോടിയേരിയുമൊക്കെ കഥാപാത്രങ്ങളായ ഗോപീകൃഷ്ണന്റെ കടക്കു പുറത്ത് എന്ന കാര്‍ട്ടൂണിനാണെന്ന് അതില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ ലഭിച്ചിരിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ പുലിപ്പാല്‍ എന്ന കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെ ചിത്രീകരിച്ചിട്ടുള്ളതും പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പികെ ശശി ആരോപണത്തിന് ഈ മറുപടി ധാരാളമാണ്. പക്ഷേ അതില്‍ മറ്റൊരു കുരുക്കുണ്ട്.
മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞ ഉണ്ണിക്കൃഷ്ണന്റെ കാര്‍ട്ടൂണിന്റെ ടൈറ്റില്‍ പുലിപ്പാല്‍ എന്നാണ്. അംശവടി ക്രിസ്ത്യന്‍ മത ചിഹ്നമാവുന്നതു പോലെ പുലിപ്പാല്‍ ഹൈന്ദവ ചിഹ്നമല്ലേ. അയ്യപ്പനെക്കുറിച്ചുള്ള കഥയിലല്ലാതെ ഈ ലോകത്ത് വേറെ എവിടെയെങ്കിലും പുലിപ്പാലിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ടോ. അപ്പോള്‍ ആ പേര് കാര്‍ട്ടൂണിന് നല്‍കി ഹിന്ദു മത ചിഹ്നത്തെ അവഹേളിച്ചുവെന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ വന്നാല്‍ അതിന് നല്‍കിയ ഓണറബിള്‍ മെന്‍ഷനും പിന്‍വലിക്കുമോ. അതോ സംഘപരിവാര്‍ എപ്പോഴും ആരോപിക്കുന്ന പോലെ സംഘടിത ന്യൂനപക്ഷത്തിന്റെ ഭീഷണിയെ മാത്രമേ വിലയുള്ളൂ എന്ന വാദത്തിന് കരുത്തു പകരുന്ന നിലപാടെടുക്കുമോ.
അംശവടി മാത്രമല്ല, ഫ്രാങ്കോയെപ്പോലുള്ളവരെ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ ഉപയോഗിക്കേണ്ട ളോഹയും കൊന്തയും കുരിശും തൊപ്പിയും അടക്കമുള്ളവയൊക്കെ മത ചിഹ്നങ്ങളാണ്. സംഘപരിവാര്‍ നേതാക്കള്‍ പലരും ഉപയോഗിക്കുന്ന കാവിയും കുറിയും അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ളവരുടെ തൊപ്പിയും ഒക്കെ മത ചിഹ്നങ്ങളാണ്. ഇനി ഇതൊന്നും കാര്‍ട്ടൂണുകളില്‍ വരക്കുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല, അഥവാ വരച്ചാല്‍ തന്നെ അങ്ങനെയുള്ള കാര്‍ട്ടൂണുകള്‍ എത്ര മികച്ചതായാലും പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയേ വേണ്ട എന്നാണ് ഇപ്പോഴത്തെ നടപടിയിലൂടെ സര്‍ക്കാര്‍ പറയുന്നത്. പ്രബുദ്ധ കേരളം എന്ന് ഇടയ്ക്കിടെ അവകാശപ്പെടുന്ന സ്ഥലത്ത്. വോട്ടിനും സീറ്റിനും വേണ്ടി കേരളത്തെ പിറകോട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ ഇങ്ങനെയാണോ സംസ്ഥാനത്തെ മുന്നോട്ട് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാന പ്രശ്നം കൂടി ഈ വിഷയത്തിലുണ്ട്. അത് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാണിച്ചതാണ്. സ്വയംഭരണ സ്ഥാപനമായ ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്നതാണ് ആ പ്രശ്നം. കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പിവി കൃഷ്ണന്‍, മധു ഓമല്ലൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ആ അവാര്‍ഡ് പുനഃപരിശോധിക്കണമെന്ന നിലപാട് ലളിതകലാ അക്കാദമിക്കു മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം കലാ സാംസ്‌കാരിക അക്കാഡമിക് മേഖലകളിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍എസ്എസ്‌വത്കരിക്കുന്നുവെന്നും അവയില്‍ ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നുവെന്നുമുള്ള വിമര്‍ശനം ശക്തമായി ഉന്നയിക്കുന്നവരാണ് ഇടതുപക്ഷം. ഇത്തരം കാര്യങ്ങളില്‍ എപ്പോഴും ഉത്തരേന്ത്യയിലേക്ക് നോക്കുന്നവര്‍ സ്വന്തം സ്ഥലത്ത് ഇതൊക്കെ നടപ്പാക്കുന്നുവെന്നത് സംഘപരിവാറിന്റെ വിമര്‍ശനവും. ആ സംഘപരിവാര്‍ വിമര്‍ശനത്തിന് പരസ്യമായ അംഗീകാരമാണ് ഇപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ കൂടെ നില്‍ക്കാതിരുന്ന വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ അവാര്‍ഡ് പുനഃപരിശോധന സഹായിക്കുമെന്നാണോ ഇടത് സര്‍ക്കാര്‍ കരുതിയിരിക്കുന്നത്. എങ്കില്‍ കഷ്ടം എന്നേ പറയാനുള്ളൂ. അന്ധവിശ്വാസത്തിനപ്പുറം മാനവികതയ്ക്കും ലിംഗസമത്വത്തിനും പ്രാമുഖ്യം നല്‍കി കേരളത്തെ പിറകോട്ട് നയിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ നാല് വോട്ട് പോയാല്‍ പോട്ടെ പുല്ല് എന്നു വെക്കും എന്ന് പ്രഖ്യാപിച്ച ഇടതുപക്ഷത്തെ നെഞ്ചേറ്റിയ ഒരുപാട് പേരുണ്ട്. ഏത് പ്രതിസന്ധിയിലും തളരാതെ കാലുറപ്പിച്ച് നിന്നവര്‍. ഇടതു നിലപാടുകളെ പ്രതിരോധിക്കാന്‍ വഴിയിലും വീട്ടുമുറ്റത്തും കടത്തിണ്ണയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വാക്കുകള്‍ കൊണ്ട് പടവെട്ടിയവര്‍. അതാണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഒരു മതസ്ഥാപനത്തിന്റെ പ്രസ്താവനയ്ക്കു മുന്‍പില്‍ ആ അടിത്തറയാണ് ഇടതുമുന്നണി നഷ്ടപ്പെടുത്തുന്നത്. അവരെയെല്ലാം ഇനി പടപൊരുതാന്‍ ആയുധങ്ങളില്ലാതെ നിരായുധരാക്കിയിരിക്കുന്നു ഇടതു സര്‍ക്കാര്‍. കൃത്യമായിപ്പറഞ്ഞാല്‍ ഉത്തരത്തിലുള്ളത് എടുക്കാന്‍ പോലുമല്ല, പറന്നു പോകുന്ന പക്ഷിയെ കല്ലെടുത്തെറിയാനായി കക്ഷത്തിലിരിക്കുന്നത് നഷ്ടപ്പെടുത്തുന്ന സമീപനം. ഇത് വിനാശകാലത്തെ വിപരീതബുദ്ധി ആവാതിരിക്കട്ടെ എന്നാഗ്രഹിക്കാന്‍ മാത്രമേ ഇപ്പോള്‍ കഴിയൂ.