കമ്മീഷന് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ടെങ്കിലും മഹാത്മാഗാന്ധി വധത്തില്‍ ഇന്ത്യന്‍ ജനമനസ്സ് എന്നേ കുറ്റക്കാരെന്ന് വിധിച്ച സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക സംഘം. ഗാന്ധിജിയ്ക്കു നേരെ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്സേ ആര്എസ്എസുകാരനായിരുന്നുവെന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യവുമാണ്. ഇന്ത്യന്‍ ജനതയ്ക്ക് ഗാന്ധിജിയോടുള്ള ആദരവും സ്നേഹവും സ്വാഭാവികമായും ആര്‍എസ്എസിനോടും സംഘപരിവാരത്തോടുമുള്ള എതിര്‍പ്പായി നിലനില്‍ക്കുമെന്ന് മറ്റാരേക്കാളും നന്നായി ആര് എസ് എസിനറിയാം. അതുകൊണ്ടാണ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഏതൊരു പരാമര്‍ശവും ഇന്ത്യയുടെ ചരിത്രപാഠങ്ങളില്‍ നിന്ന് മായ്ച്ചു കളയാന്‍ കഴിയാവുന്ന രീതിയില്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആര്‍എസ്എസിനെ നിരോധിച്ചതിന്റെ ക്രെഡിറ്റുള്ള സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ പണിതു കൊണ്ടായാലും ഗാന്ധി പ്രതിമകള്‍ക്ക് ബദല്‍ തേടിക്കൊണ്ടേയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് നെഹറു കുടുംബത്തിലെ ഇളമുറക്കാര്‍ ഗാന്ധിയെന്ന പേര് ഉപയോഗിക്കുന്നത് ആര് എസ് എസിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയെ ഇത്രമേല്‍ അസ്വസ്ഥരാക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഗാന്ധിയെന്ന പേരിന് പരം വെക്കാവുന്ന ഇറ്റാലിയന്‍ പേരുകള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നത്. ഗാന്ധിയെന്ന പേര് ആര്‍എസ്എസിന് അത്രമാത്രം അലോസരമുണ്ടാക്കുന്നുണ്ട്.
നാഥുറാം വിനായക് ഗോഡ്സെയുടെ കാര്യത്തില്‍ ആര് എസ് എസിന്റെയും സഹോദര സംഘടനകളുടെയും നിലപാടെന്തെന്ന് പലതവണ പല സംഘരിവാര്‍ നേതാക്കളുടെയും നാവുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ്ങ് ഠാക്കൂറിന്റെ ഡയലോഗ്. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരവാദിയാണ് നാഥുറാം വിനായക് ഗോഡ്സെയെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പ്രഗ്യാ സിങ്ങ് പറഞ്ഞത് ഗോഡ്സേ അന്നും ഇന്നും എന്നും രാജ്യസ്നേഹിയാണ് എന്നാണ്. ഒരു ശരാശരി ആര്‍എസ് എസുകാരന് ഗോഡ്സേ ആരാണെന്നത് ആ വാക്കുകളിലുണ്ട്. ഗാന്ധിവധം ഒരു ദേശ സ്നേഹ പ്രവൃത്തിയായിരുന്നുവെന്ന ആര്‍എസ്എസുകാരന്റെയും ബിജെപിക്കാരന്റെയും ഉള്ളിന്റെ ഉള്ളിലെ വികാരവും അതിലുണ്ട്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേയും മറ്റൊരു ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ നളിന്‍ കുമാര്‍ കട്ടീലും പ്രഗ്യയെ പിന്തുണച്ച് രംഗത്തു വന്നതും വെറുതെയല്ല.
വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പു കാലത്തിന്റെ സമ്മര്‍ദ്ദത്തില്‍ ബി ജെ പിയ്ക്ക് പ്രഗ്യയെ തള്ളിപ്പറയേണ്ടി വന്നുവെങ്കിലും, മൂന്നു നേതാക്കളോടും വിശദീകരണം ചോദിച്ചുവെങ്കിലും അതൊക്കെ തെരഞ്ഞടുപ്പിനിടയിലെ ചെപ്പടി വിദ്യകളാണെന്നത് ആര്‍ക്കാണറിയാത്തത്. സമ്മര്‍ദ്ദത്തിലായ ബിജെപി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രഗ്യ സിങ്ങ് പ്രകടിപ്പിച്ച ഖേദം കണ്ടാലറിയാമല്ലോ അതിന്റെ ഗൗരവം. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പ്രഗ്യ പറഞ്ഞത്. ബിജെപി സമ്മര്ദ്ദത്തിലായതിനെത്തുടര്ന്ന് പ്രഗ്യയോടും മറ്റു രണ്ടു നേതാക്കളോടും അമിത്ഷാ പത്തു ദിവസത്തിനകം വിശദീകരണം നല്കാന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മൗനം വിമര്ശിക്കപ്പെട്ടപ്പോള് പ്രഗ്യയ്ക്ക് മാപ്പില്ലെന്ന് നരേന്ദ്രമോദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വന്നുപെട്ട തട്ടുകേട് തല്ക്കാലം പരിഹരിക്കലാണ് നടപടികളുടെ ലക്ഷ്യം.
ഗാന്ധിവധം ചര്‍ച്ചകളില്‍ നിറയുമ്പോഴെല്ലാം നാഥുറാം വിനായക് ഗോഡ്സേ ആര് എസ് എസുകാരനല്ലെന്ന് പറഞ്ഞാണ് അവര്‍ പ്രതിരോധിക്കാറുള്ളത്. ഗോഡ്സേയെ അതിനുമുമ്പ് ആര്‍എസ്എസില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്ന് അവകാശപ്പെടും. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന്റെ പങ്കന്വേഷിച്ച കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും സുപ്രീം കോടതി ഉത്തരവും എല്ലാം അവര്‍ ചൂണ്ടിക്കാണിക്കും. പോരാത്തതിന് ഗോഡ്സേ ആര്‍എസ്എസ് അംഗമായിരുന്നുവെന്ന് തെളിയിക്കാന്‍ വെല്ലവിളിക്കുകയും ചെയ്യും. ഗാന്ധിവധത്തിലെ പ്രതികള്‍ക്ക് ആര്‍എസ്എസില്‍ അംഗത്വമുണ്ടായിരുന്നതിന് തെളിവില്ലെന്നും ഹിന്ദു മഹാസഭയില്‍ അംഗങ്ങളായിരുന്നുവെന്നുമാണ് കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് കണക്കിലെടുത്താണ് സുപ്രീം കോടതി ഉത്തരവും. പക്ഷേ ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ആ നിരോധനം നീക്കാന്‍ മുന്നോട്ടു വെച്ച പ്രധാന ആവശ്യം ആര് എസ് എസിന് വ്യക്തമായ ഒരു ഭരണഘടനയുണ്ടാവണമെന്നതായിരുന്നു. തുടര്‍ന്ന് ഗോള്‍വാള്‍ക്കര്‍ ഒരു ഭരണഘടന എഴുതിയുണ്ടാക്കിക്കൊണ്ടുവന്നപ്പോഴാണ് ആര്‍എസ്എസിന്റെ നിരോധനം നീക്കിക്കിട്ടിയത്. അതായത് അതിനു മുമ്പ് ആ സംഘടനയ്ക്ക് ഭരണഘടനയും രേഖാമൂലമള്ള അംഗത്വവുമൊന്നുമുണ്ടായിരുന്നില്ല എന്നര്‍ത്ഥം. ഇല്ലാത്ത സാധനത്തിന്റെ തെളിവ് എവിടെ നിന്ന് കൊണ്ടുവരാനാണ്.
എന്തായാലും ഒരു സാധാരണ സ്വയം സേവകന് നാഥുറാം വിനായക് ഗോഡ്സേ ആരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രഗ്യാ സിങ്ങിന്റെയും അവരെ പിന്തുണച്ച് രംഗത്തുവന്ന ദേശീയ തലത്തിലെ സ്വയം സേവകന്മാരുടെയും ഒക്കെ വാക്കുകള്‍. ട്വീറ്റുകള്‍ പിന്‍വലിച്ചാലും ജനങ്ങളുടെ മനസ്സില്‍ എഴുതിയത് പിന്‍വലിക്കാനാവില്ലല്ലോ. ഗാന്ധിവധം നടന്നയന്ന് പുത്തരിക്കണ്ടം മൈതാനമടക്കം ഇന്ത്യയുടെ മുക്കിലും മൂലയിലും മധുരം വിതരണം ചെയ്ത സ്വയം സേവകന്മാര് പഠിച്ച സ്കൂളില്‍ തന്നെയാണ് പ്രഗ്യാ സിങ്ങ് ഠാക്കൂറും നളിന്‍ കുമാര്‍ കാട്ടീലും അനന്ത് കുമാര്‍ ഹെഗ്ഡേയുമൊക്കെ പഠിച്ചത്.
ആ സ്കൂളില്‍ ഇപ്പോഴും ഗാന്ധിയെക്കുറിച്ചും ഗോഡ്സേയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ഒക്കെ എന്താണ് പഠിപ്പിക്കുന്നതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തവുമാണ്. പിന്നെ നിങ്ങള്‍ ഏത് ആര്എസ്എസിലാണ് നാഥുറാം വിനായക് ഗോഡ്സേ ഉണ്ടായിരുന്നില്ല എന്നു പറയുന്നത്.
Discussion about this post