ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് സ്വന്തം കൃഷിയിടത്തില്‍ കൃഷി ചെയ്തു പോയതിന്റെ പേരില്‍ ഗുജറാത്തിലെ 9 കര്‍ഷകരില്‍ നിന്ന് പെപ്‌സി കമ്പനി ഒന്നരക്കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസു കൊടുത്തുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞയാഴ്ചയാണ്. കണ്ടപ്പോള്‍ ആദ്യം ഓര്‍മവന്നത് ചങ്ങമ്പുഴയുടെ വാഴക്കുലയാണ്. മലയപ്പുലയനും മക്കളും കൂടി നട്ടു നനച്ച് വളര്‍ത്തിയെടുത്ത വാഴ കുലച്ചപ്പോള്‍ കുല വെട്ടാനെത്തിയ ജന്മിയായ തമ്പുരാനെയാണ്. കാലം ഒരുപാട് മുന്നോട്ട് പോയെങ്കിലും ജന്മിയും അടിയാനുമൊക്കെ ഇന്നുമുണ്ട്. മലയപ്പുലയന്റെ സ്ഥാനത്ത് ഗുജറാത്തിലെ ഏതോ കര്‍ഷകര്‍. തമ്പുരാന്റെ സ്ഥാനത്ത് പെപ്‌സികോ ഇന്ത്യാ ലിമിറ്റഡ്. അത്രയൊക്കെയേ വ്യത്യാസമുള്ളൂ.
ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി എന്നീ ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ കേസ് ഫയല്‍ ചെയ്തത്. നമ്മുടെ നാട്ടില്‍ ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ തരംഗമായിത്തീര്‍ന്നിട്ടുള്ള പെപ്‌സി ഉല്‍പന്നമായ ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കൃഷിചെയ്തു എന്നതാണ് കര്‍ഷകര്‍ക്കുമേല്‍ ആരോപിച്ച കുറ്റം. പ്രാദേശികമായി തങ്ങള്‍ക്ക് ലഭിച്ച ഉരുളക്കിഴങ്ങ് വിത്ത് ഉപയോഗിച്ച് പരമ്പരാഗ രീതിയില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് കുടുങ്ങിയത്. കൃഷിയില്‍ നല്ല വിളവ് ലഭിച്ചാല്‍പ്പോലും ഉല്പന്നത്തിന് വിലയില്ലാതെ കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങി ആത്മഹത്യ ചെയ്യേണ്ടി വരുന്ന, സസ്യ ജൈവ വൈവിധ്യ അവകാശസംരക്ഷണ നിയമത്തെക്കുറിച്ചൊന്നും കേട്ടിട്ടു പോലുമില്ലാത്ത പരമ്പരാഗത കര്‍ഷകരോടാണ് പെപ്‌സികോ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉരുളക്കിഴങ്ങ് കൃഷി ചെയ്തുപോയെന്ന ‘അക്ഷന്തവ്യമായ’ അപരാധത്തിന്റെ പേരില്‍ കര്‍ഷകര്‍ കുറ്റവാളികളാവുന്ന ഈ അവസ്ഥയുടെ കാരണം തേടിപ്പോവുകയാണെങ്കില്‍ നമ്മള്‍ എത്തിച്ചേരുക ഇന്നിലോ ഇന്നലെയിലോ അല്ല. അതിനും മുമ്പുള്ള കാലത്തിലാണ്. കൃത്യമായിപ്പറഞ്ഞാല്‍ പി വി നരസിംഹറാവു പ്രധാനമന്ത്രിയും മന്‍മോഹന്‍സിങ്ങ് ധനകാര്യമന്ത്രിയുമായി പുത്തന്‍ സാമ്പത്തിക നയത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ച ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിലേക്ക്. ഇന്ത്യയിലെ കര്‍ഷനെയും കര്‍ഷക തൊഴിലാളിയെയും കൃഷിഭൂമിയെയും കാര്‍ഷികവിളകളെയും കൃഷി അധിഷ്ഠിത വ്യവസായങ്ങളെയും ഒന്നും കണക്കിലെടുക്കാതെ രാജ്യ താല്‍പര്യങ്ങള്‍ പോലും ഹനിച്ച് ബഹുരാഷ്ട്രക്കുത്തകകളുടെ താല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന കരാറുകള്‍ ഒപ്പിട്ട് തളളിയിരുന്ന ആ കാലത്തേക്ക്.
അന്ന് അതില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നവരെ നമ്മുടെ ഇടയില്‍ത്തന്നെ പലരും പുച്ഛിച്ചിരുന്നു. നിങ്ങള്‍ക്കെപ്പോഴും അമേരിക്കയെന്നും സാമ്പത്തികനയമെന്നും ആഗോളവത്കരമെന്നും ഉദാരവത്കരണമെന്നും മാത്രമേ പറയാനുള്ളൂ എന്ന പരിഹാസം അന്ന് സാധാരണയായിരുന്നു. മലയാളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അരാഷ്ട്രീയ വാദികളിലൊരാള്‍ എടുത്ത ഒരു സിനിമയില്‍ പ്രധാനഭാഗം വിനിയോഗിച്ചത് പുത്തന്‍ സാമ്പത്തിക നയത്തിനെതിരെയുള്ള പോരാട്ടങ്ങളെ കളിയാക്കാനായിരുന്നു. “നിങ്ങടെ പറമ്പില്‍ എന്ത് കൃഷി ചെയ്യണം എന്ന് അമേരിക്ക തീരുമാനിക്കും” എന്ന് പറയുന്ന പഞ്ചായത്ത് തല കമ്യൂണിസ്റ്റ് നേതാവ് അതിലെ കോമാളിയായ തമാശക്കഥാപാത്രമായിരുന്നു. “ഞമ്മടെ പറമ്പില്‍ അമേരിക്ക കടന്നാല്‍ അമേരിക്കന്റെ കാല് ഞമ്മള് തല്ലിയൊടിക്കും” എന്ന് പറയുന്ന ഉമ്മയും ഒരു തമാശക്കഥാപാത്രമായിരുന്നു. ‘ഉരുളക്കിഴങ്ങ് വറക്കാന്‍ അമേരിക്കന്‍ കമ്പനി വേണോ’ എന്ന് തലക്കെട്ടുള്ള ഒരു ലേഖനം അതിനും മുമ്പുള്ള കാലത്ത് വായിച്ചതോര്‍ക്കുന്നു. നേരത്തെ പറഞ്ഞ ആഗോളവത്കരണ വിരുദ്ധരുടെ പ്രസിദ്ധീകരണത്തിലായിരുന്നതു കൊണ്ട് നമ്മുടെ നാട്ടിലെ പുകള്‍പെറ്റ നിഷ്പക്ഷരുടെയും പൊതുജനം എന്ന സംജ്ഞയുടെ അട്ടിപ്പേറവകാശം പേറുന്നവരെന്ന് സ്വയം നടിക്കുന്നവരുടെയും ശ്രദ്ധയിലൊന്നും പെടാതെ പോയ ഒന്ന്.
ഗുജറാത്തിലെ സാധാരണ കര്‍ഷകര്‍ സ്വന്തം പറമ്പില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഒന്നരക്കോടിയുടെ നഷ്ടപരിഹാരക്കേസില്‍ പ്രതികളായപ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മയില്‍ വന്നെന്നു മാത്രം. ഇതല്ല ഇതിലുമപ്പുറം ഉണ്ടായാലും അമേരിക്ക വന്ന് നമ്മുടെ പറമ്പിലെ വാഴയും വെട്ടുമെന്ന കാര്യം നമുക്ക് ഒരിക്കലും ബോധ്യപ്പെടില്ലെന്ന് അറിയാഞ്ഞിട്ടല്ല. നിങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊന്നും പറയാനില്ലേ എന്ന് ചോദിക്കുന്നവരുടെയും അരാഷ്ട്രീയ സിനിമകളിറക്കുന്നവരുടെയുമൊക്കെ പറമ്പുകളിലെ ചേനയും ചേമ്പും വാഴയുമൊക്കെ വെട്ടാന്‍ പെപ്‌സികോ വരാതിരിക്കട്ടെ എന്ന് ആശംസിക്കാന്‍ മാത്രമേ കഴിയൂ.
എന്തായാലും അതിനിടയിലും പ്രതീക്ഷയേകുന്ന ചില വാര്‍ത്തകള്‍ വരുന്നുണ്ട്. കര്‍ഷകര്‍ക്കെതിരെ കോടിയെ സമീപിച്ച പെപ്‌സികോ രണ്ടു ദിവസത്തിനകം തന്നെ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി. സോഷ്യല്‍ മീഡിയയില്‍ ലെയ്‌സ്-പെപ്‌സി ബഹിഷ്‌കരണ ക്യാമ്പയിന്‍ ശക്തമായതിന് പിന്നാലെയാണ് പെപ്‌സി നഷ്ടപരിഹാര ആവശ്യത്തില്‍ നിന്ന് പിന്മാറിയത്. അതാതയത് പുതിയ കാലത്തിന്റെ രീതികള്‍ ഉപയോഗിച്ച് ആവിഷ്‌കരിക്കുന്ന കാലാനുസൃതമായ പോരാട്ടങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് ഈ പിന്മാറ്റം കാണിക്കുന്നത്. എത്ര കരാറുകള്‍ ഒപ്പിട്ടാലും ഉപഭോക്താക്കള്‍ ഉല്പന്നം വാങ്ങാതെ മുതലാളിക്ക് നിലനില്‍പ്പില്ലല്ലോ.
പക്ഷേ ഒത്തുതീര്‍പ്പിനായി പെപ്സികോ മുന്നോട്ട് വെച്ചിട്ടുള്ള ഉപാധികള്‍ ഇവയാണ്. തങ്ങള്‍ ലെയ്സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണം. നിലവില്‍ ഉല്പാദിപ്പിച്ച ഉരുളക്കിഴങ്ങുകള്‍ നശിപ്പിക്കുകയോ കമ്പനിക്ക് വില്‍ക്കുകയോ ചെയ്യണം. കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്പന്നം കമ്പനിക്ക് തന്നെ വില്‍ക്കുകയും ചെയ്യാവുന്നതാണ്. അതായത് സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് ചുരുക്കം. പെപ്സികോയുടെ ഈ ഉപാധികളെ കുറിച്ച് കര്‍ഷകരോട് ചോദിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് കര്‍ഷകരുടെ അഭിഭാഷകന്‍ അഹമ്മദാബാദ് കോടതിയില്‍ അറിയിച്ചിട്ടുള്ളത്.
പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 64ാം സെക്ഷന്‍ പ്രകാരമാണ് പെപ്സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകളും കര്‍ഷകരും അവകാശപ്പെടുന്നത്. മാത്രമല്ല ഏത് വിളകളും കൃഷി ചെയ്യാനും വില്‍ക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും ഇവര്‍ പറയുന്നു. എന്തായാലും തൊണ്ണൂറുകളില്‍ രാജ്യത്ത് നടപ്പാക്കാനാരംഭിച്ച സാമ്പത്തിക നയം ഇന്ന് അതിന്റെ വിശ്വരൂപം കാട്ടാനാരംഭിച്ചിരിക്കുന്നു. പഴയ ടീമിനേക്കാള്‍ വാശിയോടെ സാമ്രാജ്യത്വ ആഗോളവത്കരണം നടപ്പാക്കുന്നവരുടെ ഭരണകാലത്താണ് ഇതെന്നതും ശ്രദ്ധേയമാണ്. ഈ അവസരത്തിലെങ്കിലും നമ്മള്‍ നമുക്കു വേണ്ടി നില കൊള്ളുമോ അതോ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി അരാഷ്ട്രീയ കമന്റുകളടിച്ചും അരാഷ്ട്രീയ സിനിമകളെടുത്തും നേരം കൊല്ലുമോ.