ഇനിയൊരാള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാന്‍ പുറപ്പെടുകയാണെങ്കില്‍ അതില്‍ കേരള കോണ്‍ഗ്രസിനെ പരാമര്‍ശിയ്ക്കുന്ന ഇടം നിശ്ചയമായും രണ്ടായി തിരിക്കേണ്ടി വരും. കെ എം മാണിയ്ക്ക് മുന്‍പും പിന്‍പും. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെ ഉണ്ടായിരുന്നാലും പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞത കൊണ്ട് കേരള രാഷ്ട്രീയത്തെ ഇത്രയേറെ സ്വാധീനിച്ച വ്യക്തികള്‍ കെ എം മാണിയെപ്പോലെ അധികമില്ല എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ സാദ്ധ്യതയില്ല.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ പോള്‍ ടെലിവിഷന്‍ അടയാളത്തില്‍ മത്സരിക്കുമ്പോള്‍ എറണാകുളം ഉപതെരഞ്ഞെടുപ്പിലെ നിലപാടെന്ത് എന്ന ചോദ്യത്തിന് അതറിയാന്‍ എല്ലാവരും ടി വി കാണണമെന്ന് മറുപടി പറഞ്ഞ കെ കരുണാകരനായിരുന്നു ഒരാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ്ങ് മേക്കര്‍ എന്നുവരെ അറിയപ്പെട്ടിരുന്ന കെ കരുണാകരന് പക്ഷേ അവസാന നാളുകളില്‍ തന്ത്രങ്ങളും ചുവടുകളും പിഴച്ചതിന് കേരള രാഷ്ട്രീയം സാക്ഷിയായി. എന്നാല്‍ അടിമുടി പ്രായോഗിക രാഷ്ട്രീയക്കാരനാണെന്ന് തെളിയിച്ച് സജീവരാഷ്ട്രീയത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ഒരുമിച്ച് പടിയിറങ്ങാന്‍ കഴിഞ്ഞു കെ എം മാണിക്ക്.
ഒരു മുന്നണിയില്‍ നില്‍ക്കുമ്പോഴും ഏതു നിമിഷവും മറു വശത്തേക്ക് ചായുമെന്ന പ്രതീതിയുണ്ടാക്കി സ്വന്തം താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിലും പിന്‍ഗാമിയായി പ്രിയപുത്രനെ പാര്‍ട്ടിക്കുള്ളില്‍ വാഴിച്ചെടുക്കുന്നതിലുമെല്ലാം ആ തന്ത്രജ്ഞതയുടെ പൂര്‍ണത കാണിച്ച കെ എം മാണിക്ക് കൈപ്പിടിയിലൊതുങ്ങാതെ പോയ രാഷ്ട്രീയ ആഗ്രഹം കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര മാത്രമായിരിക്കും. കുടിയേറ്റ ക്രിസ്ത്യാനിയുടെ പാര്‍ട്ടി എന്ന ലേബല്‍ പേറുന്ന കേരള കോണ്‍ഗ്രസിന്റെ ഒറിജിനല്‍ പേരിന്റെ അവകാശം വേറെ ആളുകള്‍ക്കാണെങ്കിലും കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ മലയാളിയുടെ മനസ്സിലേക്ക് ബ്രാക്കറ്റിലെ എമ്മും മാണിയുടെ മുഖവും ആദ്യം ഓടിയെത്തുന്ന സ്ഥിതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്തു മാണിയിലെ പ്രായോഗിക രാഷ്ട്രീയക്കാരന്‍.
മാണിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി. മന്ത്രിയാവാന്‍ താല്പര്യമുള്ളവരൊക്കെ പാര്‍ട്ടി പിളര്‍ത്തി ബ്രാക്കറ്റില്‍ ഓരോ അക്ഷരവും പേറി ഇടത് വലത് മുന്നണികളില്‍ ചേക്കേറുകയെന്ന രാഷ്ട്രീയ തന്ത്രമോ സംസ്‌കാരമോ കേരളത്തിന് പരിചയപ്പെടുത്തിയ പാര്‍ട്ടി. 1963 ഡിസംബര്‍ 8ന് സംസ്ഥാന ആഭ്യന്തര മന്ത്രി പി ടി ചാക്കോയുടെ കാര്‍ തൃശൂരില്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ ആരോപണങ്ങളുടെ പരിണിത ഫലമായി പിറവിയെടുത്ത പാര്‍ട്ടി. ലോക ചരിത്രത്തില്‍ തന്നെ ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് സമാനമായ ഉല്പത്തി കഥകളുണ്ടാവുമോ. സംശയമാണ്.
1964ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ കെ എം ജോര്‍ജും ബാലകൃഷ്ണപ്പിള്ളയും ചേര്‍ന്ന് രൂപീകരിച്ച കേരള കോണ്‍ഗ്രസ് ആറരപ്പതിറ്റാണ്ടിനിടെ പത്തിലധികം തവണ പിളര്‍ന്നിട്ടുണ്ട്. പിളര്‍ന്ന് മാറിയ ഗ്രൂപ്പുകള്‍ പലതും പിന്നെയും പരസ്പരം ചേരുകയും വീണ്ടും പിളരുകയും എല്ലാം ഉണ്ടായി.
1979ലാണ് കേരള കോണ്‍ഗ്രസ് എം എന്ന പേരില്‍ കെ എം മാണി സ്വന്തം പേരില്‍ പാര്‍ട്ടി രൂപീകരിച്ചത്. 1987ല്‍ പി ജെ ജോസഫും മാണിയെ വിട്ട് ജോസഫ് ഗ്രൂപ്പുണ്ടാക്കി. പിന്നീട് ഇരു മുന്നണികളിലായി പതിറ്റാണ്ടുകള്‍ രാഷ്ട്രീയ വൈരികളായി നിലകൊണ്ടു മാണിയും ജോസഫും. ഒടുവില്‍ 2010ല്‍ എല്ലാ പിണക്കവും മറന്ന് മാണി ഗ്രൂപ്പില്‍ തിരിച്ചെത്തി ജോസഫ്. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ ജോസഫ് – മാണി പോര് പാര്‍ട്ടിക്കുള്ളില്‍ ശക്തമാവുകയും ജോസഫ് ഏറെ ആഗ്രഹിച്ച ഇടുക്കി സീറ്റ് നിഷേധിക്കുകയും മാണിയുടെ മകനും തനിക്കും പാര്‍ട്ടിക്കുള്ളില്‍ രണ്ട് നീതിയാണെന്ന് ജോസഫ് പരസ്യമായി പറയുകയും ഒക്കെ ചെയ്ത സാഹചര്യത്തിലാണ് കെ എം മാണി യാത്രയാവുന്നത്.
അണികളില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ചില നേതാക്കളെ മാത്രം ചുറ്റിപ്പറ്റിയായിരുന്നു എന്നും കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കറങ്ങിയിരുന്നത്. അങ്ങനെ സ്വാധീന ശേഷിയുള്ള നേതാക്കള്‍ സ്വന്തം പേരിന്റെ അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ ബ്രാക്കറ്റുകളുമായി പാര്‍ട്ടിയെ പിളര്‍ത്തുകയും വീണ്ടും യോജിപ്പിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. ഇതില്‍ കെ എം മാണിയുടെ സ്വാധീന ശക്തിയും നേതൃപാടവവുമൊക്കെയായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിനെ ഏറ്റവും വലിയ കേരള കോണ്‍ഗ്രസായി നില നിര്‍ത്തുകയും ബാക്കിയുള്ളവരെ ആ പാര്‍ട്ടിക്കു ചുറ്റും കറങ്ങാന്‍ പ്രേരിപ്പിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നത്.
പുതിയ സാഹചര്യത്തില്‍ ജോസഫും ജോസ് കെ മാണിയുമൊക്കെ പാര്‍ട്ടിയുടെ അവകാശം സ്വന്തം പേരില്‍ പതിച്ചു കിട്ടാനുള്ള ശ്രമങ്ങളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രംഗത്തു വരുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പഴയപോലെ ഉലയാതെ ഏറ്റവും വലിയ കേരള കോണ്‍ഗ്രസായി പിടിച്ചു നിര്‍ത്താന്‍ ഏതെങ്കിലും നേതാവിന് കഴിയുമോ. അതോ ഒന്നാം നിര നേതാക്കളുടെയും രണ്ടാം നിര നേതാക്കളുടെയുമൊക്കെ പേരിലുള്ള ബ്രാക്കറ്റുകളുമായി വളരാനോ തളരാനോ എന്നറിയാതെ പിളരുമോ. അഥവാ കരിങ്കോഴയ്ക്കല്‍ മാണി മാണിയുടെ പ്രായോഗികതയും മെയ് വഴക്കവും ജോസ് കരിങ്കോഴയ്ക്കല്‍ മാണിയ്ക്ക് ഉണ്ടാവുമോ.
Discussion about this post