കോഴിക്കോട് എം പി, എം കെ രാഘവന് ഒളിക്യാമറയില്‍ കുടുങ്ങിയതാണ് ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്ക്കുന്ന ഒരു വിവാദ വിഷയം. ടിവി 9 ഭാരത് വര്‍ഷ ചാനലാണ് എം കെ രാഘവന് എം പി കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ പണിയാന്‍ എത്തിയവരില്‍ നിന്ന് അഞ്ച് കോടി രൂപ ഇടനില കമ്മീഷനായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കാമെന്ന വാഗ്ദാനം സ്വീകരിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. സ്വാഭാവികമായും എം കെ രാഘവനെതിരെയും കോണ്‍ഗ്രസിനെതിരെയും പ്രയോഗിക്കാനുള്ള ആയുധമായി എതിര്‍പക്ഷം അത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഒളിക്യാമറ വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്ത് രാഘവ അനുകൂലികളും രംഗത്തുണ്ട്.
അഞ്ച് കോടി രൂപ അവര്‍ വാഗ്ദാനം ചെയ്യുന്നതിന്റെയും അതിന് എം കെ രാഘവന് നല്കുന്ന മറുപടിയുടെയുമെല്ലാം ഭാഗത്ത് എഡിറ്റിങ്ങ് നടന്നിട്ടുണ്ടെന്നും ശബ്ദത്തിന്റെ സ്ഥായിയില്‍ വ്യത്യാസമുണ്ടെന്നുമെല്ലാമാണ് ഒരു വാദം. ചാനല്‍ ബി ജെ പി അനുകൂല ചാനലാണെന്നും എം കെ രാഘവനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പക്ഷേ ഇവിടെ വിഷയം അതല്ല. എം കെ രാഘവന് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ പറയുന്നതു പോലെ നന്മ മരമാണോ അതോ നന്മ മരമായി അഭിനയിക്കുന്ന അഴിമതി മരമാണോ എന്നതൊക്കെ അന്വേഷണങ്ങളിലൂടെ പുറത്തു വരട്ടെ. അല്ലെങ്കില്‍ കാലം തെളിയിക്കട്ടെ. ടിവി 9 പുറത്തുവിട്ട ഒളിക്യാമറാ ദൃശ്യങ്ങളില്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. തെരഞ്ഞെടുപ്പിന് കഴിഞ്ഞ തവണ ചെലവിട്ടത് ഇരുപത് കോടി രൂപയാണെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ എം കെ രാഘവന് പറയുന്നുണ്ട്. പാര്‍ട്ടി നിങ്ങള്‍ക്ക് പണം തരില്ലേ എന്ന ചോദ്യത്തിന് പറയുന്ന മറുപടി രണ്ട് കോടി രൂപ തന്നു എന്നാണ്. അഞ്ചു കോടി രൂപ വാഗ്ദാനവും അതിന് രാഘവന് പറയുന്ന മറുപടിയും വ്യക്തമല്ലെന്ന വാദം ഉന്നയിക്കുന്നവര്‍ ഈ ഇരുപത് കോടിയുടെയും രണ്ട് കോടിയുടെയും കണക്കിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.
ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക എഴുപത് ലക്ഷമായി തെരഞ്ഞെടുപ്പ് കമ്മീഷന് നിജപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ഇതില്‍ പറഞ്ഞിട്ടുള്ള ഇരുപത് കോടി എന്തായാലും രേഖകളില്പ്പെടുത്തി ചെലവഴിക്കാനാവില്ല. അതായത് അത്രയും കള്ളപ്പണം ചെലവഴിച്ചുവെന്നാണ് അര്‍ത്ഥം. ഇനി അതില്‍ പാര്‍ട്ടി തന്നുവെന്ന് പറഞ്ഞ രണ്ട് കോടിയുടെ കാര്യമെടുക്കുക. അതും കണക്കില്‍പ്പെടുത്തി സ്ഥാനാര്‍ത്ഥിയ്ക്ക് കൊടുക്കാനോ സ്ഥാനാര്‍ത്ഥിയ്ക്ക് ചെലവഴിക്കാനോ കഴിയില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് എ ഐ സി സി ആസ്ഥാനത്തു നിന്ന് എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ ചെലവിലേക്ക് പണമെത്തുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ഡല്‍ഹിയില്‍ നിന്ന് കൊടുത്തുവിട്ട തുക പൂര്‍ണമായി എത്താത്തതിനെത്തുടര്‍ന്ന് വലിയ വിവാദമുണ്ടായതാണ്. അന്ന് പറഞ്ഞു കേട്ടിരുന്നത് കൊടുത്തു വിട്ട തുക മൂന്നു കോടിയെന്നാണ്. ഇന്ന് കെ പി സി സിയുടെ താക്കോല്‍ സ്ഥാനത്തുള്ള അന്നത്തെ ആ സ്ഥാനാര്‍ത്ഥി ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ട ആളായതു കൊണ്ട് എം കെ രാഘവനുള്ളതിനേക്കാള് കൂടുതല്‍ വിഹിതം കൊടുത്തു വിട്ടതാണോ എന്നും അറിയില്ല. എന്തായാലും പിന്നീട് അതിനെപ്പറ്റിയുള്ള ചോദ്യങ്ങളോ പറച്ചിലുകളോ ഒന്നും കണ്ടില്ല. ഒന്നിനും രേഖയില്ലാത്തതു കൊണ്ട് രേഖാമൂലമുള്ള പരാതികളും നടപടികളും ഒന്നുമുണ്ടാവില്ലല്ലോ,
അന്നത്തെ വിവാദത്തില്‍പ്പെട്ട മൂന്നു കോടി അങ്ങനെ കേട്ടു കേള്‍വികള്‍ മാത്രമായിപ്പോയതു കൊണ്ട് ഇന്നത്തെ വീഡിയോയില്‍ കണ്ട രണ്ടു കോടി തന്നെയെടുക്കാം. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 464 സീറ്റുകളിലാണ്. ഈ സീറ്റുകളിലേക്കെല്ലാം 2 കോടി വെച്ച് എ ഐ സി സി നല്‍കിയെന്ന് കരുതുക. ആകെ നല്കിയ തുക 928 കോടി രൂപ. അതും രേഖകളില്ലാത്ത കള്ളപ്പണം. അതായത് എം കെ രാഘവന്റെ പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങളിലുള്ള യഥാര്‍ത്ഥ വിഷയം സ്ഥലക്കച്ചവടത്തില്‍ അഞ്ച് കോട് കമ്മീഷനടിച്ചോ ഇല്ലേ എന്നതല്ല എന്ന് ചുരുക്കം. അതിലെ പ്രധാന വിഷയം രാജ്യത്തെ ഒരു വലിയ രാഷ്ട്രീയപ്പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിന്റെ ആസ്ഥാനത്തു നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ആയിരം കോടി രൂപയോളം കള്ളപ്പണമൊഴുക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ കിട്ടിയ ആയുധം എന്ന നിലയില്‍ മാത്രം എതിരാളികളുള്‍പ്പെടെ ഇതിനെ ചുരുക്കിക്കാണും എന്നതിനാല്‍ മുങ്ങിപ്പോകുന്നതും ഈ വലിയ വിഷയമാണ്.
ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു വെച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നൂറ്റിമുപ്പത് കോടി ജനങ്ങളുടെ കണ്മുന്നില് നഗ്നമായി ലംഘിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല, ബി ജെ പിയും ഇതുപോലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആസ്ഥാനത്തു നിന്ന് വന്‍തോതില്‍ പണമൊഴുക്കുന്നുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ പണമൊഴുക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയും ബി ജെ പി തന്നെയാണ്. അധികാരം കയ്യിലുള്ളതിനാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഒളിയും മറയും ഇല്ലാതെ പണം സ്വീകരിക്കാന്‍ ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം തന്നെ മോദി ഭരണകൂടം കൊണ്ടു വന്നു. ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്ടറല്‍ ബോണ്ട്. സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. പാര്‍ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ട്രല്‍ ബോണ്ടുകളും വാങ്ങാം.ബോണ്ടുകള്‍ ആരാണ് നല്കുന്നതെന്ന്പാര്ടികള് വെളിപ്പെടുത്തേണ്ടതില്ല. നല്കിയവരും പറയേണ്ടതില്ല.
2017-18 ല്‍ ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്കാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ഇതിന്റെ സിംഹഭാഗവും കിട്ടിയിട്ടുള്ളത് ബിജെപിക്കു തന്നെയാണ്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ആകെ 469.89 കോടി വരും. ഇതില്‍ 437.04 കോടിയും കിട്ടിയത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് കിട്ടിയത് 27.67 കോടി മാത്രം. 1361 കോര്‍പ്പറേറ്റ് മുതലാളിമാരാണ് സംഭാവന നല്‍കിയത്. ഇതില്‍ 1207 കോര്‍പ്പറ്റുകളും സംഭാവന കൊടുത്തത് ബിജെപിക്ക്. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും കിട്ടിയ തുക ഒന്നിച്ചു ചേര്‍ത്താലും അതിന്റെ പന്ത്രണ്ട് ഇരട്ടി ബിജെപിക്ക് കിട്ടി എന്നാണ് കണക്ക്. സ്വാഭാവികമായും ഈ തുകയില്‍ നിന്ന് വലിയ ഒരു ഭാഗം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് എത്തിയിട്ടുണ്ടാവുമല്ലോ. അല്ലെങ്കില്‍ പിന്നെ ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം തന്നെ തട്ടിപ്പാണെന്ന് ബി ജെ പി തുറന്ന് സമ്മതിക്കേണ്ടി വരും. പക്ഷേ ഇലക്ടറല്‍ ബോണ്ടിനെതിരെ സി പി എം സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് കോര്‍പ്പറേറ്റ് സംഭാവനകള്‍ സുതാര്യമാക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടു വന്നതെന്നാണ്.
എന്തായാലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പണമെറിഞ്ഞു കളിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ ഉറപ്പുകളെല്ലാം ജനങ്ങളുടെ കണ്മുന്നില്ത്തന്നെ അപഹാസ്യമായി മാറുകയാണ്. അതിനുമപ്പുറത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തന്നെ തകര്‍ക്കുന്ന അത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ക്ക് രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ നേതൃത്വം കൊടുക്കുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാവുമ്പോള്‍ ഈ രാജ്യത്ത് ഒഴുകിപ്പരന്ന കള്ളപ്പണത്തിന് കയ്യും കണക്കും ഉണ്ടാവില്ല എന്നര്‍ത്ഥം. കള്ളപ്പണം തടഞ്ഞ് രാജ്യത്ത് സുശക്തമായ സമ്പദ്ഘടന കെട്ടിപ്പടുക്കും എന്ന് വാഗ്ദാനം ചെയ്ത് ആ പ്രക്രിയയില്‍ പങ്കെടുക്കുന്നവരുടെ കൈകളിലൂടെയാണ് അത് എന്നും ഓര്‍ക്കണം.
Discussion about this post