2019ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞടുപ്പായിരിക്കുമെന്ന് പറഞ്ഞത് രാജ്യത്തെ സാധാരണക്കാര്‍ ആരുമല്ല. പ്രമുഖ ബി ജെ പി നേതാവും എം പിയും വീണ്ടും ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാളുമായ സാക്ഷി മഹാരാജാണ് അടുത്തിടെ ഇത് പറഞ്ഞത്. 2019ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്നും അങ്ങനെ വന്നാല്‍ പിന്നെയൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നുമാണ് സാക്ഷി മഹാരാജ് പറഞ്ഞത്. അയാള്‍ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാന്‍ വരട്ടെ. ഇത്രവലിയ നേതാവും പാര്‍ലമെന്റേറിയനുമായ ഒരാളുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പ്രസ്താവന വന്നിട്ടും ബിജെപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ഈ നിമിഷം വരെ ഈ പ്രസ്താവന നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
ബി ജെ പി പ്രതികരിക്കില്ല. മോദിയും. പക്ഷേ അതിനൊക്കെ അപ്പുറം ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തില്‍ വലിയ കോലാഹലങ്ങളുണ്ടാക്കേണ്ട ഒരു പ്രസ്താവന ഭരണപക്ഷത്തെ ഒരു പാര്‍ലമെന്റേറിയനില്‍ നിന്നുണ്ടായിട്ടും ഒരു ചലനവുമുണ്ടായില്ല എന്നതാണ് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. മാത്രമല്ല, സാധാരണ ഗതിയില്‍ ഇത്തരത്തിലൊരു പ്രസ്താവന ഏതെങ്കിലും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരില്‍ നിന്നുണ്ടായാല്‍
പോലും ആ പാര്‍ട്ടി വലിയ രൂപത്തില്‍ പതിരോധത്തിലാവുകയും പിന്നെ അതില്‍ നിന്ന് തലയൂരാന്‍ അതിന്റെ നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയും വേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകിച്ചും. പക്ഷേ ബിജെപിയെ സംബന്ധിച്ച് ഈ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല. അദ്ദേഹം എന്തു പറയുന്നു എന്ന് ഞങ്ങള്‍ പരിഗണിക്കാറില്ല എന്ന തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവന മാത്രമാണ് ബിജെപി വക്താവിന്റെ ഭാഗത്തു നിന്നുണ്ടായത്. ബി ജെ പിയുടെ ഭാഗത്തു നിന്നുള്ള ഈ ഒഴുക്കന്‍ പ്രതികരണവും നേതൃത്വത്തിന്റെ മൗനവും സൂചിപ്പിക്കുന്നത് എന്താണ്. സാക്ഷി മഹാരാജ് പറഞ്ഞതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടെന്നാണോ? കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഫെഡറല്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളും നടപടികളും പരിശോധിക്കുമ്പോള്‍ സാക്ഷി മഹാരാജ് പറഞ്ഞത് അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ് ഫെഡറലിസം. അതിനു നേരെ വലിയ കടന്നാക്രമണമുണ്ടായ 5 വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. മുന്‍പില്ലാത്ത വിധം നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ പ്രഹരമേല്‍പ്പിച്ചു. പലതിനെയും ഏകപക്ഷീയമായി ഇല്ലാതാക്കി. പ്ലാനിംഗ് കമ്മീഷനെ തകര്‍ത്തതോടെ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിയമപരമായി ഉന്നയിക്കാനുള്ള അവസരവും ഇല്ലാതായി. ജനങ്ങളുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും ദേശീയ ദുരന്തങ്ങള്‍ മറികടക്കാനുമൊക്കെ പണം ലഭിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഔദാര്യപൂര്‍വം നല്‍കുന്നത് മാത്രം വാങ്ങുക എന്നതിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. നാഷണല്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിക്കാനും നേടിയെടുക്കാനുമുള്ള എല്ലാ വേദികളും നഷ്ടമായി.
ഇന്ത്യ എന്ന രാജ്യത്തിന്റെ വൈവിധ്യം നില നിര്‍ത്തുന്ന ഫെഡറലിസം തകര്‍ത്ത് കേന്ദ്ര സംസ്ഥാന ബന്ധം തകര്‍ന്ന് തരിപ്പണമായി. ഇതിനു പുറമെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് അരുമ മനോഭാവവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ചിറ്റമ്മ നയവും എന്ന അവസ്ഥ വന്നു. ഇതിനിടയില്‍ റവന്യൂ വരുമാനം ഉണ്ടാക്കാനുള്ള സംസ്ഥാനങ്ങളുടെ എല്ലാ അധികാരവും ജി എസ് ടി ഇല്ലാതാക്കി. ജി എസ് ടി നടപ്പാക്കിയ രീതി സംസ്ഥാനങ്ങള്‍ക്ക് അവരുടെ റവന്യു വരുമാനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തുകയും ഇതുവഴി തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതെ വരികയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമായി കേന്ദ്രീകൃത അധികാര ഘടനയുള്ള ഒരു രാഷ്ട്രം നിര്‍മ്മിക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരുന്നത്. കേന്ദ്രീകൃത അധികാര ഘടനയെന്ന് പറയുമ്പോള്‍ ആ അധികാരം കേന്ദ്രീകരിക്കുന്നത് ആരിലേക്കെന്ന് നമുക്കറിയാം. ധനമന്ത്രി അറിയാതെ നോട്ട് നിരോധിക്കുന്നതും പ്രതിരോധമന്ത്രി അറിയാതെ മിന്നലാക്രമണം നടക്കുന്നതുമൊക്കെ ഇതിനിടയില്‍ സാധാരണ സംഭവങ്ങളായി മാറിയിരുന്നുവല്ലോ.
ഫെഡറലിസം തകര്‍ക്കുന്നതിനു പുറമെ ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക വൈവിധ്യം തകര്‍ത്ത് വംശീയതയുടെ വിത്തെറിഞ്ഞ് ഭൂരിപക്ഷ ആധിപത്യം ഉറപ്പിക്കാനും നേരിട്ടുള്ള ശ്രമങ്ങള്‍ ഈ അഞ്ച് വര്‍ഷത്തിനുളളില്‍ നടന്നിരുന്നു. അങ്ങനെയാണല്ലോ ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനാളില്ലാത്ത രാജ്യത്ത് സ്വന്തം ജീവിതരീതിയനുസരിച്ചുള്ള ഭക്ഷണം കഴിച്ചു പോയതിന്റെ പേരില്‍ പോലും മനുഷ്യരെ മര്‍ദ്ദിച്ചു കൊല്ലാനാളുണ്ടായത്. ആചാരങ്ങളുടെ കാര്യത്തിലും മറ്റും ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ആക്കം കൂടിയിട്ടുണ്ട്. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും നേരെ നടന്ന വിനാശകരമായ ആക്രമണങ്ങള്‍, വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇല്ലാതാക്കിയത്, ഇതിനോടൊപ്പം ദലിതരെ ആക്രമിക്കുന്നതിനെതിരായ നിയമത്തില്‍ വെള്ളം ചേര്‍ത്തത്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിതരെ നിയമിക്കുന്നതിന് സമയക്രമം കൊണ്ടുവന്നത് തുടങ്ങിയവയെല്ലാം ഇതിനോടൊപ്പം ചേര്‍ത്ത് ഈ അര്‍ത്ഥത്തില്‍ തന്നെ വായിക്കണം.
ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രമല്ല, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനം തന്നെ വര്‍ഗീയവതികരിക്കപ്പെട്ടിരിക്കുന്നു. അതുപോലെത്തന്നെ അക്കാഡമികളിലും സാംസ്‌കാരിക സംഘടനകളിലും ഒരു യോഗ്യതയുമില്ലാത്ത ആര്‍ എസ് എസുകാരെ തിരുകിക്കയറ്റിയിരിക്കുന്നു. സമ്പന്നമായ ഇന്ത്യാ ചരിത്രത്തെ പഠനമേഖലകളില്‍ നിന്ന് മാറ്റി പകരം ഹിന്ദു മിത്തോളജിയെ അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതുപോലെ ഇന്ത്യയുടെ സമ്പന്നമായ തത്വചിന്താ പാരമ്പര്യത്തെ ഹിന്ദു ദൈവശാസ്ത്രം കൊണ്ട് മൂടാനുള്ള ശ്രമവും നടക്കുന്നു. മതേതര ജനാധിപത്യ ഇന്ത്യയെ ആര്‍ എസ് എസിന്റെ സൈദ്ധാന്തിക പദ്ധതിയനുസരിച്ച് അവര്‍ തന്നെ നിര്‍വചിക്കുന്നതു പോലുള്ള ഉന്മത്തമായ അസഹിഷ്ണുതയുടെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ശ്രമമാണിത്. ഇത് ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങളെ ദുര്‍ബലമാക്കുകയും മതപരവും അല്ലാത്തതുമായ ന്യൂനപക്ഷങ്ങളില്‍ അവര്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് പുറമെ അരക്ഷിത ബോധം നിറക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും ഉദ്ഗ്രഥനത്തെയും വലിയ രൂപത്തില്‍ അപകടത്തിലാക്കുന്നു. ഭൂരിപക്ഷത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന മുന്നറിയിപ്പാണ് ഇവര്‍ക്കെല്ലാം കഴി്ഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് അധികാരികള്‍ നല്‍കിയത്.
അങ്ങനെ ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളെയും തകര്‍ത്തെറിഞ്ഞ് അധികാരമെല്ലാം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ ജീവിക്കുന്ന തെളിവുകളായി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അതെല്ലാം വിലയിരുത്തുന്നവര്‍ക്ക് സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ കേവലം വായാടിത്തമായി കാണാനാവില്ല. എന്തായാലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ അത് ഒരു കാര്യമായ ചര്‍ച്ച പോലും ആവാതെ കടന്നു പോകാവുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സാക്ഷിയും സാക്ഷിയ്ക്ക് സാക്ഷിയെ മുന്നില്‍ നിര്‍ത്തി പിറകില്‍ നില്‍ക്കുന്നവരുമൊക്കെ ഇക്കാലം കൊണ്ട് വിജയിച്ചിരിക്കുന്നു എന്നത് അത്ര ചെറിയ കാര്യമല്ല. 1932ല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ജര്‍മന്‍ റെയ്ക്ക്‌സ് ടാഗില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് തെരഞ്ഞെടുപ്പിലൂടെയാണ്. അങ്ങനെയാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചാന്‍സലറായി നിയമിതനായത്. പിന്നീട് അവിടത്തെ തെരഞ്ഞെടുപ്പുകള്‍ക്ക് എന്തു സംഭവിച്ചു എന്നത് ജനാധിപത്യ ഇന്ത്യയ്ക്കു കൂടി പഠിക്കാനുള്ള അദ്ധ്യായമാണ്.