അങ്ങനെ ഝാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബിജെപി അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ടു. ജെഎംഎം – കോണ്‍ഗ്രസ് സഖ്യം 46 സീറ്റിന്റെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. അമ്പത് പേരുടെ പിന്തുണയുമായാണ് ഹേമന്ത് സോറന്‍ മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത്. 65 സീറ്റുകളെങ്കിലും നേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിയ്ക്ക് കിട്ടിയത് 25 സീറ്റുകള്‍ മാത്രമാണ്. ഒരുമിച്ച് നിന്ന് മത്സരിച്ച വിശാല ഇടതു മുന്നണിയ്ക്കും ബിജെപിയില്‍ നിന്ന് ഒരു സീറ്റ് പിടിച്ചെടുക്കാനായി.
81 നിയമസഭാ സീറ്റുകളുള്ള ഝാര്‍ഖണ്ഡ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഒന്നല്ല. ഉത്തര്‍ പ്രദേശ് പോലെ രാജ്യത്തിന്റെയാകെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനുള്ള രാഷ്ട്രീയ ശേഷിയും ഝാര്‍ഖണ്ഡിനില്ല. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡെന്നത് ഇന്ത്യയുടെ പരിഛേദമായി മാറുകയാണ്. അത് മറ്റൊന്നും കൊണ്ടല്ല. ഇന്ത്യയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ ഒന്നിനു പിറകെ ഒന്നായി ബിജെപി നടപ്പാക്കിയ സംഘപരിവാര്‍ അജണ്ടകളുടെ ആദ്യത്തെ ഉരകല്ലായിരുന്നു ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതുകൊണ്ടാണത്.
സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഒന്നാം മോദി സര്‍ക്കാരിന്റെ രൂപമോ ഭാവമോ അല്ല രണ്ടാം മോദി സര്‍ക്കാരിനുള്ളത്. അജണ്ടകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തീരെ ആത്മാര്‍ത്ഥതയില്ലെന്ന് ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ സംഘടനകളും അടിക്കടി വിമര്‍ശിച്ചിരുന്ന ഒന്നാം മോദി സര്‍ക്കാരില്‍ നിന്ന് രണ്ടാം മോദി സര്‍ക്കാരിലെത്തിയപ്പോള്‍ ആര്‍എസ്എസും സഹോദര സംഘടനകളും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗതയിലും തീവ്രതയിലും അവ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെയാണ് കണ്ടത്. ലോക്‌സഭയില്‍ നേടിയ മൃഗീയ ഭൂരിപക്ഷം തന്നെയാണ് മോദി – ഷാ കൂട്ടുകെട്ടിനെ ഇതിന് പ്രാപ്തരാക്കിയതെന്നതില്‍ സംശയമില്ല. അതായത് ആരാലും ചോദ്യം ചെയ്യപ്പെടാതെ സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തം താല്‍പര്യങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കാനുമുള്ള സാഹചര്യമൊരുങ്ങുന്നതു വരെ കാത്തിരിക്കുകയായിരുന്നു മോദിയും അമിത് ഷായും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ കാര്യമായ ഇടവേളകളൊന്നുമില്ലാതെയാണ് ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പരിവാര്‍ അജണ്ടകള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കുന്നത്. നടപ്പാക്കുന്ന കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാലറിയാം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനും ഹൈന്ദവ ധ്രുവീകരണമുണ്ടാക്കി അത് ബിജെപിയ്ക്ക് അനുകൂലമാക്കാനുമുള്ള അജണ്ടകളാണ് മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തിലുള്ളത്. മുത്തലാഖ്, കശ്മീര്‍, അയോദ്ധ്യ, പൗരത്വ പ്രശ്‌നം.. അങ്ങനെ ഓരോന്നും.
ഇതില്‍ പൗരത്വ നിയമഭേദഗതിയ്ക്കും പൗരത്വ പട്ടികയ്ക്കും എതിരായ പ്രക്ഷോഭം രാജ്യത്ത് കൊടുമ്പിരിക്കൊള്ളുന്നത് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നടക്കുമ്പോഴാണ്. അതായത് ഈ പറഞ്ഞ അജണ്ടകളെല്ലാം ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞ ശേഷം നടന്ന തെരഞ്ഞെടുപ്പാണ് ഝാര്‍ഖണ്ഡിലേത്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഝാര്‍ഖണ്ഡ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഭരണമാണ് ബിജെപിയ്ക്ക് നഷ്ടപ്പെട്ടത്. ഹരിയാണയില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബിജെപിയ്ക്ക് ഭൂരിപക്ഷമില്ല. എതിര്‍പക്ഷത്തു നിന്ന് തെരഞ്ഞെടുപ്പ് നേരിട്ട ദുഷ്ടന്ത് ചൗട്ടാലയുടെ പാര്‍ട്ടി പിന്തുണ നല്‍കാന്‍ തയ്യാറായതു കൊണ്ട് മാത്രമാണ് ഹരിയാണയിലെ ഭരണം നിലനിര്‍ത്താനായത്. ഇല്ലെങ്കില്‍ ഭരണനഷ്ടം ആറ് സംസ്ഥാനങ്ങളിലാവുമായിരുന്നു.
പക്ഷേ മറ്റ് അഞ്ച് സംസ്ഥാനങ്ങളെപ്പോലെയല്ല ഝാര്‍ഖണ്ഡ്. ഈ അജണ്ടകളെല്ലാം നടപ്പാക്കിക്കഴിഞ്ഞ് അതെല്ലാം ശക്തമായി ബിജെപി പ്രചാരണ രംഗത്ത് ഉപയോഗിച്ച തെരഞ്ഞെടുപ്പ് എന്നതു തന്നെയാണ് ഝാര്‍ഖണ്ഡിനെ വ്യത്യസ്തമാക്കുന്നത്. എതിര്‍പക്ഷത്തിന് നേതൃത്വം നല്‍കിയ ഹേമന്ത് സോറനും ജെഎംഎമ്മും പ്രാദേശിക പ്രശ്‌നങ്ങളും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത പ്രതിസന്ധിയും പ്രചാരണ വിഷയങ്ങളാക്കിയപ്പോള്‍ ബിജെപി പറഞ്ഞത് മുത്തലാഖും രാമക്ഷേത്രവും കശ്മീരും പൗരത്വവുമായിരുന്നു. പക്ഷേ ജനങ്ങള്‍ മറുപടി നല്‍കിയത് നിങ്ങളീ പറയുന്നതല്ല, ഞങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ് ഞങ്ങള്‍ക്ക് വലുതെന്നാണ്.
മേല്‍പ്പറഞ്ഞ സംഘപരിവാര്‍ അജണ്ടകളെല്ലാം ഒന്നിനു പിറകെ ഒന്നായി ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത് ഹൈന്ദവ ധ്രുവീകരണമുണ്ടാവുമെന്നും മറ്റെല്ലാ പ്രശ്‌നങ്ങളെയും മറികടക്കുന്ന വിധത്തില്‍ അത് ബിജെപിയ്ക്കുള്ള രാഷ്ട്രീയ പിന്തുണയായി മാറുമെന്നും സ്വപ്‌നം കണ്ടാണ്. പക്ഷേ അങ്ങനെയുണ്ടാവില്ലെന്നാണ് ഝാര്‍ഖണ്ഡ് തെളിയിച്ചത്. വംശീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വളര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന ഫാസിസ്റ്റ് സ്വപ്നങ്ങളോടുള്ള ഇന്ത്യയുടെ മറുപടിയാണ് ഝാര്‍ഖണ്ഡ് നല്‍കിയത്. വികസന നായകന്‍ എന്ന പ്രതിഛായയുണ്ടാക്കുന്ന തള്ളലുകളിലൂടെ ലോക്‌സഭയില്‍ വിജയം നേടിയെടുത്തതു പോലെ അനായാസമല്ല വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിപ്പിച്ച് ജനാധിപത്യ ഇന്ത്യയില്‍ ജയിക്കലെന്നര്‍ത്ഥം.
അതിലപ്പുറം ബിജെപിയുടെ സര്‍വാധിപത്യ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ക്കും കൃത്യമായ തിരിച്ചടി നല്‍കിയിട്ടുണ്ട് ഝാര്‍ഖണ്ഡ്. ഒപ്പം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിജെപിയ്ക്ക് ഭരണം നഷ്ടമായ മറ്റ് നാല് സംസ്ഥാനങ്ങളും. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം നേടിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല. അഞ്ചു വര്‍ഷത്തിനിടെ ആ ഭൂരിപക്ഷം നേടിയെടുക്കാനാവുമെന്നായിരുന്നു ബിജെപി നേതൃത്വം കണക്കു കൂട്ടിയിരുന്നത്. ആ സ്വപ്‌നത്തിനും വലിയ തിരിച്ചടിയാണ് ഝാര്‍ഝണ്ഡ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ നിന്ന് 6 സീറ്റുകളാണ് രാജ്യസഭയില്‍. ഇപ്പോള്‍ ബിജെപിക്ക് 3, കോണ്‍ഗ്രസ്സിന് 2, രാഷ്ട്രീയ ജനതാദളിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍. ഒരു സീറ്റ് സ്വതന്ത്രനായ വ്യവസായി പരിമള്‍ നാഥ് വാനിക്കാണ്. ജാര്‍ഖണ്ഡില്‍ 2020, 2022, 2024 എന്നീ വര്‍ഷങ്ങളില്‍ 2 സീറ്റു വീതം ഒഴിവു വരും. ഇപ്പോഴത്തെ നിലയ്ക്ക് ബിജെപിക്ക് അതില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല. 2020 ല്‍ രാജ്യസഭയിലെ 69 സീറ്റുകളില്‍ ഒഴിവുവരും. ഇതില്‍ പല സംസ്ഥാനങ്ങളിലും ബിജെപി പ്രതിപക്ഷത്താണ്. ഉത്തര്‍പ്രദേശ് – 9, മഹാരാഷ്ട്ര – 8, തമിഴ്നാട് – 6, ബംഗാള്‍ – 5, ബിഹാര്‍ – 5, കര്‍ണാടക – 4, ഗുജറാത്ത് – 4 , ഒഡീഷ – 3, രാജസ്ഥാന്‍ – 3 എന്നിങ്ങനെയാണ് വരുന്ന പ്രധാന ഒഴിവുകള്‍. ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ അത് നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയ്ക്കു മേലാണ് രാജ്യസഭയിലെ ഭൂരിപക്ഷം ബിജെപി സ്വപ്‌നം കണ്ടിരുന്നത്. ആ സ്വപ്‌നങ്ങളാണ് ജനം തകര്‍ത്തത്.
എന്തു വന്നാലും കൂട്ടിന് ഭൂരിപക്ഷ വര്‍ഗീയതയുണ്ടാവുമെന്ന കണക്കു കൂട്ടലില്‍ ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയുമൊക്കെ അട്ടിമറിച്ച് നടപ്പാക്കിയ അജണ്ടകള്‍ക്കാണ് ഝാര്‍ഖണ്ഡ് ജനത തിരിച്ചടി നല്‍കിയത്. ഝാര്‍ഖണ്ഡെന്നാല്‍ ബിജെപിയ്ക്ക് വേരുറപ്പിക്കാനാവാത്ത മണ്ണല്ല. ബിജെപിയോട് അയിത്തമില്ലെന്ന് തെളിയിച്ചിട്ടുള്ള സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ അങ്ങനെയൊരു മണ്ണില്‍ നിന്ന് ഇതുപോലൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയ്ക്ക് കിട്ടുന്ന തിരിച്ചടിയുടെ രാഷ്ട്രീയ മാനങ്ങള്‍ വളരെ വലുതാണ്.
Discussion about this post