ശരിയാണ്, വര്‍ഗീയതയെ ചെറുക്കണം. പക്ഷേ അതിനാദ്യം മതേതര റിപ്പബ്ലിക്കിന്റ ഭരണഘടന നിലനിര്‍ത്തണമല്ലോ

വേണമെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയെയും പാര്‍ലമെന്റിനെയും വരെ റദ്ദു ചെയ്തുകളയും എന്ന ഫാസിസ്റ്റ് പ്രഖ്യാപനമാണ് അന്നത്തെ ആ ഒറ്റ രാത്രിയില്‍ ബിജെപി നടത്തിയത്

മഹാരാഷ്ട്രയില്‍ അങ്ങനെ അത് സംഭവിച്ചു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനും ശിവസേനയുടെ പരമോന്നത നേതാവുമായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ഇതുവരെ അധികാര രാഷ്ട്രീയത്തില്‍ നിന്നും പാര്‍ലമെന്ററി രംഗത്തു നിന്നും പൂര്‍ണമായി വിട്ടു നിന്നിരുന്ന താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി അങ്ങനെ ഉദ്ധവ് താക്കറെ.

ദേശീയതലത്തില്‍ വര്‍ഗീയ വിരുദ്ധ മതേതര സഖ്യമെന്നവകാശപ്പെടുന്ന യുപിഎയിലെ നേതൃ കക്ഷിയായ കോണ്‍ഗ്രസും പ്രധാന ഘടകക്ഷിയായ എന്‍സിപിയും ശിവസേനയുമായി കൈകോര്‍ക്കുമ്പോള്‍ ആദ്യമുയരുന്ന ചോദ്യങ്ങളും സംശയങ്ങളും വര്‍ഗീയത മതേതരത്വം എന്നിവയിലൂന്നിയുള്ളതായിരിക്കും. തികച്ചും സ്വാഭാവികമാണത്. ബിജെപി സഖ്യം വിട്ട് കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും ഒപ്പം ചേര്‍ന്നു എന്നതുകൊണ്ട് ശിവസേനയുടെ ഭൂതകാലം ഇന്ത്യന്‍ ജനത അങ്ങനെ മറന്നു പോവാനൊന്നും ഇടയില്ലല്ലോ. അതുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ മന്ത്രിസഭാ യോഗം ചേരുന്നതിനു മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളിലേറെയും മതേതരത്വത്തെപ്പറ്റിയുള്ളതായത്.

ബാല്‍താക്കറെ ശിവസേന സ്ഥാപിച്ച കാലം മുതല്‍ അവരുടെ നിലപാടും രാഷ്ട്രീയവും എന്തെന്ന് എല്ലാവര്‍ക്കുമറിയാം. കടുത്ത മറാത്താ വാദവും ഹിന്ദുത്വ വാദവുമാണ് അവര്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മഹാരാഷ്ട്ര മറാത്തക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നു മുംബെയില്‍ നിന്ന് മറാത്തക്കാരല്ലാത്തവര്‍ പുറത്തു പോണമെന്നുമുള്ള മണ്ണിന്റെ മക്കള്‍ വാദവും മുദ്രാവാക്യവുമുയര്‍ത്തി ശിവസേനയുണ്ടാക്കിയിട്ടുള്ള കലാപങ്ങളും ചരിത്രത്തിലുണ്ട്. ബാബറി മസിജിദ് തകര്‍ത്തതടക്കമുള്ള ഘട്ടങ്ങളില്‍ മുസ്ലീം വേട്ടയ്ക്ക് നേതൃത്വം കൊടുത്ത ശിവസേനയുടെ ചിത്രവും ചരിത്ര താളുകളിലുണ്ട്. എന്തിന്, ഇത്തവണ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായുള്ള ബന്ധം പിരിഞ്ഞ ശിവസേന നേതൃത്വം നടത്തിയ പ്രതികരണം തന്നെ നിങ്ങളെക്കാള്‍ മുമ്പ് ഹിന്ദുത്വം പറഞ്ഞത് ഞങ്ങളാണ് എന്നായിരുന്നു. ആരുമില്ലാതിരുന്ന കാലത്ത് നിങ്ങളുടെ കൂടെ കൂടാന്‍ ഞങ്ങളേയുണ്ടായിരുന്നുള്ളൂ എന്നായിരുന്നു. ഈ പ്രതികരണത്തില്‍ തന്നെ എല്ലാമുണ്ടല്ലോ.

അതുകൊണ്ടു തന്നെ മതേതര സഖ്യമെന്നവകാശപ്പെടുന്ന നിങ്ങള്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയതിനെ എങ്ങനെ ന്യായീകരിക്കാനാവും എന്ന ചോദ്യം കോണ്‍ഗ്രസും എന്‍സിപിയും നേരിടുന്നുണ്ട്. തീര്‍ച്ചയായും വലിയ ഒരു പ്രതിസന്ധി തന്നെയാണിത്. പക്ഷേ അത് ന്യായീകരിക്കപ്പെടുമോ ഇല്ലേ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് മഹാരാഷ്ട്രയില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംഭവവികാസങ്ങള്‍ ചുരുക്കത്തിലെങ്കിലും ഒന്ന് പരിശോധിക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് ബിജെപി – ശിവസേനാ സഖ്യമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്ന വിഷയത്തില്‍ ബിജെപിയും ശിവസേനയും ഉടക്കിയതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ പോവുന്നു. ഒടുവില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സഖ്യം പിരിയുന്നു. ബിജെപി വഞ്ചിച്ചുവെന്ന് ശിവസേനയും ശിവസേന വഞ്ചിച്ചുവെന്ന് ബിജെപിയും ആരോപിക്കുന്നു. ഇത്രയും രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന കാര്യത്തില്‍ ഇതില്‍ ബിജെപിയ്ക്ക് അവരുടെ ന്യായങ്ങളും ശിവസേനയ്ക്ക് അവരുടെ ന്യായങ്ങളുമുണ്ട്. ഇതിനു ശേഷം നടന്ന കാര്യങ്ങളാണ് അട്ടിമറിയെന്ന് വിശേഷിപ്പിക്കാവുന്നത്.

ആരും സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാവത്തിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ബിജെപിയെയും ശിവസേനയെയും എന്‍സിപിയെയും ക്രമമായി ക്ഷണിക്കുന്നു. ബിജെപിയ്ക്ക് അനുവദിച്ച അത്രയും സമയം മറ്റുള്ളവര്‍ക്ക് അനുവദിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ്ങ് കോശിയാരി തയ്യാറായില്ല. ഒടുവില്‍ എന്‍സിപിയ്ക്ക് അനുവദിച്ച സമയം തീരുന്നതിനു മുന്‍പുതന്നെ ഗവര്‍ണര്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിയ്ക്കുകയും ചെയ്തു. എല്ലാ ജനാധിപത്യ രാഷ്ട്രീയ മര്യാദകളെയും കീഴ് വഴക്കങ്ങളെയും കാറ്റില്‍ പറത്തി ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും പച്ചയായി ബിജെപിയ്ക്ക് അധികാരം പിടിക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റിയ നീക്കങ്ങള്‍ ഇവിടെത്തുടങ്ങുന്നു.

ഒരു കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് സമയപരിധി അവസാനിക്കുന്നതിനു മുന്‍പു തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് കുതിരക്കച്ചവടം നടത്താന്‍ അവസരമൊരുക്കാനാണെന്ന ആരോപണമുയര്‍ന്നു. പക്ഷേ എന്തായാലും മറ്റു കക്ഷികളാരും ബിജെപിയുടെ കൂടെക്കൂടാന്‍ തയ്യാറായില്ല. ഒടുവില്‍ ചര്‍ച്ചകള്‍ നടത്തി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചു. നവംബര്‍ 23ന് വൈകിട്ട് മൂന്നു കക്ഷികളും യോഗം ചേര്‍ന്ന് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനും തീരുമാനിച്ചു. അടുത്ത ദിവസം മൂന്നു കക്ഷികളും ചേര്‍ന്ന് ഗവര്‍ണറെ കാണുമെന്നും ഉദ്ധവിന്റെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഉറപ്പായി. പിന്നീടാണ് രാജ്യത്തെ ഞെട്ടിക്കുകയും നാണിപ്പിക്കുകയും ചെയ്ത സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

ത്രികക്ഷി യോഗത്തിനിടെ അഭിഭാഷകനെ കാണാനെന്ന് പറഞ്ഞ് അജിത് പവാര്‍ മടങ്ങുന്നു. യോഗത്തില്‍ നിന്ന് മുങ്ങിയ അജിത് പവാര്‍ രാത്രി 11.30ന് പൊങ്ങിയത് ബിജെപി പാളയത്തില്‍. 12മണിക്ക് ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും മുന്‍പ് സത്യപ്രതിജ്ഞയ്ക്കായി ഫഡ്നാവിസ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി. ഗവര്‍ണര്‍, രാഷ്ട്രപതി ഓഫീസുകളില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞക്കായുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അമിത് ഷായുടെ ഓഫീസ് ഇടപെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 12.30ന് സത്യപ്രതിജ്ഞ സംബന്ധിച്ച് രാജ്ഭവനിലേക്ക് അറിയിപ്പ് ലഭിച്ചു. ഇതിനെതുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തന്റെ ഔദ്യോഗിക ഡല്‍ഹിയാത്ര റദ്ദാക്കി. പുലര്‍ച്ചെ രണ്ട് മണിക്ക് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. രാവിലെ 7.30 സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചു. രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഒപ്പ് വെച്ചു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും മുംബൈയില്‍ രാജ്ഭവനില്‍ എത്തി. അജിത് പവാറിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ കൂടെയുണ്ടെങ്കിലും സത്യപ്രതിജ്ഞ വിവരം മറച്ചുവച്ചു. 5.45ന് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ചതായി അറിയിച്ച് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം ഇറക്കി.

7.50 ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി അജിത് പവാറിനും സത്യവാചകം ചൊല്ലിക്കൊടുത്തു. 8.00 മണിക്ക് സത്യപ്രതിജ്ഞാ വാര്‍ത്ത പുറത്തു വന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ മാത്രമാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. രാഷ്ട്രപതിയുടെ ഓഫീസിനെയും ഗവര്‍ണറുടെ ഓഫീസിനെയും പോലും എത്ര നഗ്നമായാണ് രാഷ്ട്രീയവത്രിച്ചതെന്ന് ഈ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രിസഭ യോഗം ചേര്‍ന്നാണ് സാധാരണ ഗതിയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള ശുപാര്‍ശ നല്‍കേണ്ടത്. പക്ഷേ ഇവിടെ രാത്രി പന്ത്രണ്ടു മണിക്കും രാവിലെ അഞ്ചേ മുക്കാലിനുമിടയില്‍ ഒരു മന്ത്രിസഭയും ചേര്‍ന്നിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ മന്ത്രിസഭാ തീരുമാനമില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ ചെയ്യാം എന്ന ചട്ടമുപയോഗിച്ചാണ് ഇവിടെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു, അത് മറികടന്ന് ബിജെപിയ്ക്ക് സര്‍ക്കാരുണ്ടാക്കണം, എന്നിട്ട് കുതിരക്കച്ചവടം നടത്തിയെങ്കിലും ഭൂരിപക്ഷം തെളിയിക്കണം എന്നതല്ലാതെ എന്ത് അടിയന്തര സാഹചര്യമാണുണ്ടായിരുന്നത്. അവിടെ ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച സമയം നല്‍കി കുതിരക്കച്ചവടത്തിനുള്ള സാഹചര്യമൊരുക്കുകയും ചെയ്തു.

പിന്നീട് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം വെട്ടിക്കുറച്ചതുമൊക്കെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആശ്വാസക്കാഴ്ചകള്‍. അതിനെല്ലാം ഒടുവിലാണ് രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും പ്രത്യേക ഇടപെടലിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചതും ത്രികക്ഷി സര്‍ക്കാര്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയതും. അന്നത്തെ ആ രാത്രിയില്‍ ബിജെപി സ്വകരിച്ച നടപടികള്‍ മാത്രം മതി ബിജെപിയല്ലാത്ത ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും ന്യായീകരിക്കാന്‍. വേണമെങ്കില്‍ ഇന്ത്യയുടെ ഭരണഘടനയെയും പാര്‍ലമെന്റിനെയും വരെ റദ്ദു ചെയ്തുകളയും എന്ന ഫാസിസ്റ്റ് പ്രഖ്യാപനമാണ് അന്നത്തെ ആ ഒറ്റ രാത്രിയില്‍ ബിജെപി നടത്തിയത്. പ്രാദേശിക വാദത്തെയും വര്‍ഗീയതയെയും ഒക്കെ എതിര്‍ക്കണമെങ്കില്‍ ആദ്യം ഈ മതേതര രാജ്യത്തിന്റെ ഭരണഘടനയും ഇവിടത്തെ ജനാധിപത്യവും ഒക്കെ നില നില്‍ക്കണമല്ലോ. വര്‍ഗീയ വികാരത്തിന്റെ മേല്‍ രാഷ്ട്രീയ അധികാരം നേടിയ ബിജെപി ഫാസിസ്റ്റ് വാഴ്ച നടത്താനുള്ള ശേഷി ഈ രാജ്യത്ത് ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ആ സാഹചര്യത്തില്‍ അവരുടെ ചേരിയിലെ അന്തഃഛിദ്രങ്ങള്‍ പോലും ഉപയോഗപ്പെടുത്തി അവരുടെ വളര്‍ച്ച തടയുകയെന്ന രാഷ്ട്രീയം തന്നെയാണ് മുന്നിലുള്ളത്.

ഇനി ഇതല്ലെങ്കില്‍ മഹാരാഷ്ട്രയില്‍ മറ്റെന്തു വഴി എന്നു കൂടി ചിന്തിക്കണം. അധികാരത്തിലെത്താന്‍ വേറെ വഴിയൊന്നും തെളിഞ്ഞില്ലെങ്കില്‍ ശിവസേന വീണ്ടും ബിജെപിയോടൊപ്പം പോവാനുള്ള സാദ്ധ്യതയൊന്നും തള്ളിക്കളയാനാവില്ല. ഇപ്പോള്‍ കേന്ദ്രത്തിലെ അധികാരം മാത്രമുപയോഗിച്ച് ഇത്രയും കാട്ടിക്കൂട്ടിയ ബിജെപിയ്ക്ക് സംസ്ഥാനത്തെ കൂടി അധികാരം കിട്ടിയാല്‍ എന്തൊക്കെ കാണിക്കും എന്ന് ചിന്തിക്കണം. അതിനു പുറമെ അധികാരത്തിലിരിക്കുന്നവര്‍ക്ക് രാജ്യസഭയിലേക്ക് അയയ്ക്കാവുന്ന അംഗങ്ങളുടെ എണ്ണക്കൂടുതല്‍ പരിഗണിക്കണം. ഇപ്പോള്‍ ശിവസേനയുമായി വിലപേശി കൂടുതല്‍ അംഗങ്ങളെ രാജ്യസഭയിലേക്കയക്കാനുള്ള സാദ്ധ്യത കൂടിയാണ് കോണ്‍ഗ്രസിനും എന്‍സിപിക്കം മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. ഈ സാദ്ധ്യതകളൊക്കെത്തന്നെയാണ് ഫാസിസ്റ്റ് വാഴ്ചക്കാലത്തെ ശിവസേനാ ബന്ധത്തെ ന്യായീകരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ഒരംഗം മാത്രമുള്ള സിപിഎം സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെങ്കിലും ബിജെപിയോടൊപ്പം ചേര്‍ന്ന് എതിര്‍ക്കില്ലെന്നു പറയുന്നത് ഈ രാഷ്ട്രീയമറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ രാഷ്ട്രീയം എല്ലാവരെക്കാളും നന്നായി അറിയാവുന്നതു കൊണ്ടാണ് എല്ലാ ചട്ടങ്ങളും കീഴ് വഴക്കങ്ങളും അട്ടിമറിച്ചിട്ടായാലും ജനങ്ങളുടെ മുന്നില്‍ നാണം കെട്ടിട്ടായാല്‍പ്പോലും അധികാരം നേടണമെന്ന് ബിജെപി തീരുമാനിച്ചിറങ്ങിയത്. ശത്രുക്കളുടെ മുന്‍ഗണനാപ്പട്ടികയില്‍ ആരാണാദ്യ പേരുകാരെന്ന് തിരിച്ചറിയലും സമകാലിക രാഷ്ട്രീയത്തില്‍ അതി പ്രധാനമാണ്.

Exit mobile version