കേരളത്തിലെ ജനങ്ങളെ ഒന്നാകെ വലിയ ദുഃഖത്തിലും അപമാനത്തിലും ആഴ്ത്തിയ വലിയ ദുരന്തമാണ് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവണ്‍മെന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹലാ ഷെറിന് സംഭവിച്ചത്. ഇതിനെ ഒരു അപകടമരണം എന്ന് മാത്രം പറയാനാവില്ല. ആരാണ് ഷെഹലയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദികള്‍.
ഒന്നാമത്തെ ഉത്തരവാദികള്‍ ആ കൊച്ചു കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകര്‍ തന്നെയെന്നതില്‍ സംശയമില്ല. ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് ഷെഹലയെ പാമ്പു കടിച്ചത്. പാമ്പു കടിയേറ്റെന്ന് ഷെഹലയും സഹപാഠികളും പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ അദ്ധ്യാപകര്‍ തയ്യാറായില്ല. സ്‌കൂളിലെ ലീന ടീച്ചര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തയ്യാറായപ്പോള്‍ ഷിജില്‍ എന്ന അദ്ധ്യാപകന്‍ ടീച്ചറെ വഴക്കു പറയുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളെയും ആ അദ്ധ്യാപകന്‍ ഓടിച്ചു. പിന്നീട് മുക്കാല്‍ മണിക്കൂറുകളോളം കഴിഞ്ഞ് കുട്ടിയുടെ ഉപ്പ വന്നാണ് അവളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. അദ്ധ്യാപകരുടെ കാറുകള്‍ നിരന്ന് കിടക്കുന്ന സ്‌കൂള്‍ മുറ്റത്തു കൂടെ സ്വന്തം കുഞ്ഞിനെ വാരിയെടുത്ത് ഓട്ടോറിക്ഷയിലേക്കോടുന്ന ആ പിതാവിന്റെ ചിത്രം ഒരു വിങ്ങലോടെയല്ലാതെ മനസില്‍ കാണാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ.
ആ കുട്ടികള്‍ ചോദിച്ചതു പോലെത്തന്നെ പാമ്പു കടിച്ചതല്ല, ആണി കുത്തിയതു തന്നെയാണെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകാമായിരുന്നില്ലേ. കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്ന ഗോള്‍ഡന്‍ അവേഴ്‌സ് എന്നറിയപ്പെടുന്ന സമയത്തില്‍ ഒരു മണിക്കൂറോളമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്. ഒരപകടം പറ്റിയാല്‍ എന്തു ചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരുടെ ഭാഗത്തു നിന്നാണ് ഇതുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വല്ലാതെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ആ സ്‌കൂളിനെ സംബന്ധിച്ച് ഈ പ്രത്യേക സംഭവത്തില്‍ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടെന്ന നിലപാടെടുത്ത ഒരു അദ്ധ്യാപകന്‍ മാത്രമാണ് കുറ്റക്കാരനെന്ന് പറയാനാവില്ല. അവിടത്തെ അദ്ധ്യാപകര്‍ മുഴുവന്‍ ഉത്തരം പറയേണ്ടതുണ്ട്. കാരണം ക്ലാസ് മുറികളിലേക്ക് ചെരിപ്പിട്ടു കയറാന്‍ അനുവദിക്കില്ലെന്നാണ് കുഞ്ഞുങ്ങള്‍ പറയുന്നത്. പൊത്തും പോടും നിറഞ്ഞ ക്ലാസ് മുറികളുടെ ചിത്രം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇത്രയും അപകടകരമായ അവസ്ഥയില്‍ ചെരിപ്പിടാതെ കയറണമെന്ന നിയമമുണ്ടാക്കിയത് ആരാണ്. അതിനെ എതിര്‍ത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അദ്ധ്യാപകര്‍ അത് ചെയ്യാതിരുന്നതെന്തു കൊണ്ടാണ്.
നല്ല നിലവാരമുള്ള ടൈല്‍ഡ് ഫ്‌ളോറും വൃത്തിയുമൊക്കെയുള്ള മുറികളില്‍ ചെരുപ്പിടാതെ കയറുന്ന രീതി കൊണ്ടു വരുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഇതു പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ ചെരുപ്പിടണമെന്നല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്. അവിടത്തെ കുട്ടികള്‍ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. അദ്ധ്യാപകര്‍ക്ക് ക്ലാസ് റൂമുകളില്‍ ചെരുപ്പിട്ട് കയറാം. കുട്ടികള്‍ കയറിയാല്‍ അഴിച്ചു വെപ്പിക്കും. ചിലപ്പോള്‍ അടിക്കുക പോലും ചെയ്യും. അദ്ധ്യാപകരുടെ മക്കള്‍ക്ക് ഇളവുണ്ട്. അങ്ങനെയെങ്കില്‍ എത്ര ഭീകരമാണ് ആ സ്‌കൂളിലെ അവസ്ഥ.
ഇതുപോലെത്തന്നെ ഈ സംഭവത്തിന് ഉത്തരവാദികളാണ് രക്ഷാ കര്‍തൃ സമിതിയും. ഇത്ര പരിതാപകരമായ അവസ്ഥയിലുള്ള സ്‌കൂളിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന അദ്ധ്യാപക രക്ഷാ കര്‍തൃ സമിതിയ്ക്ക് അതിന് ഒരു ന്യായവും പറയാനില്ല. ഇപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പൊതുവിദ്യാഭ്യാസത്തിന് അനുകൂലമായ മനോഭാവവും അതിനോടൊരു താല്‍പര്യവുമൊക്കെ വളര്‍ന്നു വരുന്ന കാലഘട്ടമാണ്. നാട്ടിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ചതാക്കാന്‍ എല്ലായിടത്തും ആളുകള്‍ മുന്നിട്ടിറങ്ങുന്നുണ്ട്. അതിന് മുന്നിട്ടിറങ്ങാന്‍ ആളുള്ളയിടത്തൊക്കെ അതിന്റെ ഫലവുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തിന്റെ നിലം നന്നാക്കാന്‍ നൂറു രൂപ ചോദിച്ചാല്‍ തരാന്‍ തയ്യാറാവാത്ത നാട്ടുകാരൊന്നുമല്ല ബത്തേരിയിലുമുള്ളത്.
ജനപ്രതിനിധികള്‍ക്കും ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. സ്വന്തം പ്രദേശത്തെ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി അത് മാറ്റിയെടുക്കാനാവശ്യമായ ഇടപെടലുകള്‍ ഇവിടത്തെ ജനപ്രതിനിധികള്‍ നടത്തിയിരുന്നുവെങ്കിലും ഷെഹലയ്ക്ക് ജീവന്‍ നഷ്ടമാവുമായിരുന്നില്ല. നമ്മുടെ സംസ്ഥാനത്ത് സ്‌കൂളുകളുടെ ഉന്നമനത്തിനു വേണ്ടി ക്രിയാത്മകമായി ഇടപെടുകയും അവയെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയുമൊക്കെ ചെയ്യുന്ന ജനപ്രതിനിധികളും നമുക്ക് പരിചിതരാണല്ലോ.
അതോടൊപ്പം ഭരണകൂടവും ഇതിന് മറുപടി പറയേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങളുടെ നേട്ടത്തിന്റെ അവകാശത്തില്‍ പങ്കു പറ്റുമ്പോള്‍ സ്വാഭാവികമായും ജീര്‍ണാവസ്ഥയിലുള്ളവയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമല്ലോ. ഒരു സ്വകാര്യ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ ആണ് ഇത്തരമൊരു ദുരന്തമെങ്കില്‍ സ്വാഭാവികമായും മാനേജര്‍ മറുപടി പറയേണ്ടി വരും. ഇവിടെ സ്‌കൂളിന്റെ ഉടമസ്ഥന്‍ സര്‍ക്കാരാണ്. തീര്‍ച്ചയായും മറുപടി പറയേണ്ടതുണ്ട്. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലവത്തുമായ അദ്ധ്യയനം നടക്കാന്‍ ആവശ്യമായ ഘടകങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുള്ള നാട്ടില്‍ അതിനെക്കുറിച്ചൊന്നും ഒരു പരിശോധനയും നടക്കുന്നില്ലെന്ന് കൂടിയാണല്ലോ ഷെഹലയുടെ ആ ചിരിക്കുന്ന നിഷ്‌കളങ്കമായ മുഖം നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.
നമ്മുടെ ആരോഗ്യ മേഖലയുടെ അവസ്ഥയും ഈ സംഭവത്തില്‍ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ അദ്ധ്യാപകര്‍ നഷ്ടപ്പെടുത്തിയ സമയം പോലെത്തന്നെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നഷ്ടപ്പെടുത്തിയ സമയവും വിലപ്പെട്ടതായിരുന്നു. പാമ്പു കടിച്ചെന്നറിഞ്ഞിട്ടും, സ്വന്തം മകളുടെ നില അപകടാവസ്ഥയിലാവുകയാണെന്നറിഞ്ഞിട്ടും അവളെയും കൊണ്ട് മണിക്കൂറുകളോളം ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടേണ്ടി വന്ന ആ പിതാവ്. എന്തു പറയും അദ്ദേഹത്തോട് നമ്മുടെ ഈ കേരളം.
റിസ്‌കെടുക്കേണ്ടതില്ല എന്ന ചിന്തയാണ് നമ്മുടെ ആരോഗ്യ മേഖലയില്‍ വലിയൊരു ഭാഗത്തിനുമുള്ളതെന്നതു കൊണ്ടാണ് ആ കുഞ്ഞിന് സമയത്ത് ചികിത്സ ലഭിക്കാതെ പോയത്. പാമ്പു കടിയേറ്റാല്‍ കുത്തിവെക്കുന്ന ആന്റി വെനം സാധാരണ മരുന്നുകളെക്കാള്‍ കൂടുതല്‍ അപകട സാദ്ധ്യതയുള്ളതാണ്. അത് കുത്തിവെച്ച് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ അപകടത്തിലാവുമെന്ന ചിന്തയാണ് ഡോക്ടര്‍മാരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അങ്ങനെ പരിശോധിക്കുമ്പോള്‍ പലപ്പോഴും ഇതിനെക്കുറിച്ച് ശാസ്ത്രീയ അറിവൊന്നുമില്ലാതെ ചികിത്സകരെ ആള്‍ക്കൂട്ട വിചാരണകള്‍ക്ക് വിധേയരാക്കുന്ന നമ്മളൊക്കെയടങ്ങുന്ന പൊതു സമൂഹം കൂടി ഇതില്‍ ഉത്തരവാദികളാവുന്നുണ്ട്. ഇതില്‍ മാത്രമല്ല, നാട്ടിലെ സ്‌കൂളിന്റെ ശോചനീയാവസ്ഥ അടക്കമുള്ള വിഷയങ്ങളിലൊക്കെ പൊതു സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്.
എങ്കിലും ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം ആ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കു തന്നെയാണ്. അദ്ധ്യാപക സമൂഹത്തില്‍ കൂടുതലും വിദ്യാര്‍ത്ഥികളെ അങ്ങേയറ്റം ശ്രദ്ധിക്കുന്നവരും അവരുടെ കാര്യത്തില്‍ കരുതലുള്ളവരുമൊക്കെയാണ്. പക്ഷേ ആണി കുത്തിയാല്‍ ആശുപത്രിയില്‍ പോകേണ്ടെന്നും പാമ്പു കടിച്ചാല്‍ കുട്ടിയുടെ പിതാവെത്തി കൊണ്ടു പോകട്ടെയെന്നും വിധിക്കുന്നവര്‍ അവരിലുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടി ഷെഹല നമ്മളോട് പറയുന്നുണ്ട്. അവരും, അദ്ധ്യാപകരും മക്കളും ചെരിപ്പിട്ട് കയറുന്നിടത്ത് മറ്റു കുട്ടികള്‍ അങ്ങനെ കയറരുതെന്ന നിയമമുണ്ടാക്കുന്നവരുമൊന്നും ആ ജോലിയെടുക്കാന്‍ അര്‍ഹതയുള്ളവരല്ല. അനര്‍ഹരെ പുറത്താക്കുക തന്നെ വേണം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് അദ്ധ്യാപകരില്‍ നിന്നും അദ്ധ്യാപക സംഘടന നേതാക്കളില്‍ നിന്നുമൊക്കെ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അത് ആത്മാര്‍ത്ഥതയോടെയാണോ എന്ന് തെളിയിക്കേണ്ടത് അവര്‍ തന്നെയാണ് . ഈ മേഖലയിലെ സംഘടനാ ശക്തി പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുള്ളത് കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ മരവിപ്പിക്കാനോ തടയാനോ ഒക്കെയാണ്. ഇനിയെങ്കിലും ഈ സംഭവത്തിലുള്‍പ്പെടെ അതുണ്ടാവില്ല എന്ന് തെളിയിക്കാന്‍ അദ്ധ്യാപക സമൂഹത്തിനും അവരുടെ സംഘടനകള്‍ക്കും കഴിഞ്ഞാലേ ഇപ്പോള്‍ അവര്‍ പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെന്നും അദ്ധ്യാപക സമൂഹം ഇതില്‍ നിരപരാധികളാണെന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാവൂ. മറിച്ചാണെങ്കില്‍ ഇപ്പോള്‍ അവരെല്ലാം നടത്തുന്നത് ഇപ്പോഴത്തെ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കസര്‍ത്തുകളായി മാത്രം വിലയിരുത്തപ്പെടും.
Discussion about this post