കടന്നുപോയിക്കൊണ്ടിരിക്കുന്ന ദിനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന ജില്ല പാലക്കാടാണ്. വാളയാറില്‍ തുടങ്ങി അട്ടപ്പാടിയിലെ മലമ്പാതകളും താണ്ടി അത് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തി നില്‍ക്കുന്നു. വാളയാറില്‍ കൊച്ചു കുട്ടികളുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് പാലക്കാട് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമായിരുന്നത്. മാതൃകാപരമായ ശിക്ഷ പ്രതികള്‍ക്ക് ലഭിക്കണമെന്ന് കേരളമൊന്നാകെ ഒറ്റമനസ്സായി ആഗ്രഹിച്ച ഒരു കേസില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധികളായ ജനാധിപത്യ സര്‍ക്കാരിനും അവരുടെ അന്വേഷണ ഏജന്‍സികള്‍ക്കും ഒന്നും ചെയ്യാനാവാഞ്ഞത് വലിയ നിരാശയും പ്രതിഷേധവുമാണ് പൊതു സമൂഹത്തിലുണ്ടാക്കിയത്.
തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയമായിരുന്നുവെന്ന കോടതിയുടെ കണ്ടെത്തല്‍ കൂടി പുറത്തു വന്നതോടെ ആ പ്രതിഷേധത്തിന്റെ ആഴവും പരപ്പും കൂടുകയും ചെയ്തു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അന്വേഷണ ഏജന്‍സിയിലെ ഉന്നതനായ ഒരുദ്യോഗസ്ഥന്‍ തെളിവ് ശേഖരണത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ പ്രചരിച്ചത് അതിന്റെ ആക്കം കൂട്ടി. സര്‍ക്കാര്‍ നിയമിച്ച ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പോക്‌സോ കേസ് പ്രതികള്‍ക്കു വേണ്ടി ഹാജരായതിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയും അത് കൂടുതല്‍ സര്‍ക്കാര്‍ വിരുദ്ധഭാവം കൈവരിക്കുകയുമൊക്കെ ചെയ്തു.
ഇത്തരമൊരു സംഭവത്തില്‍ അന്വേഷണത്തിന്റെ സാങ്കേതികതയും നിയമവശങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും പല ന്യായീകരണങ്ങളും നിരത്താം. ഇവിടെയും അത്തരം പ്രതികരണങ്ങളുണ്ടായി. ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ അഭിഭാഷകനെന്ന നിലയില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായതിനെ ന്യായീകരിച്ചു പോലും ചിലയാളുകള്‍ രംഗത്തു വന്നു. പക്ഷേ അതൊന്നും ജനമംഗീകരിക്കില്ല എന്നതാണ് വസ്തുത. ഇത്തരം കാര്യങ്ങളില്‍ ഇടതുപക്ഷത്തിന് മാത്രം ബാധകമായ, അവരെ മാത്രം രക്ഷിച്ചെടുക്കാന്‍ കഴിയുന്ന ന്യായീകരണങ്ങളും പ്രതിരോധമാര്‍ഗങ്ങളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല.
പൊലീസെന്നത് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെയാണ്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ ഭരണകൂടത്തിന് അടിസ്ഥാനപരമായി മാറ്റമൊന്നും വരാത്തതു കൊണ്ട് എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും എന്‍ഡിഎ ഭരിച്ചാലും അതങ്ങനെ തന്നെയാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ കസ്റ്റഡി മരണങ്ങള്‍ക്കും അന്വേഷണ വീഴ്ചകള്‍ക്കും ലാത്തിച്ചാര്‍ജുകള്‍ക്കും വെടിവെപ്പുകള്‍ക്കുമൊക്കെ സര്‍ക്കാര്‍ ഉത്തരവാദിയാണെന്ന വാദം ഉന്നയിച്ചിട്ടുള്ളവര്‍ അധികാരത്തലെത്തിയാല്‍ ഇത്തരം വീഴ്ചകള്‍ക്കൊന്നും സര്‍്ക്കാര്‍ ഉത്തരവാദിയല്ലെന്ന് വാദിച്ചാല്‍ ജനങ്ങള്‍ക്ക് അതത്രയങ്ങോട്ട് ദഹിക്കണമെന്നില്ല.
അഭിഭാഷകരുടെ പ്രൊഫഷനെക്കുറിച്ചും സമീപിക്കുന്ന കക്ഷിയുടെ കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുമൊക്കെ വാചാലരായി ശിശുക്ഷേമ സമിതി ചെയര്‍മാന്റെ നടപടിയെ ന്യായീകരിക്കാം. അത് സാങ്കേതികം. ഒരു പക്ഷേ നിയമപരവും. പക്ഷേ ഇതിനപ്പുറം ജനങ്ങള്‍ അംഗീകരിക്കുന്ന സാമാന്യമര്യാദ എന്നൊന്നുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടു്ക്കപ്പെട്ട സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആ സ്ഥാനത്തിന്റെ അന്തസ്സിനോടും ഉത്തരവാദിത്വത്തിനോടും നീതി പുലര്‍ത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും തത്വത്തിനും കടകവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാണത്. അത് സര്‍ക്കാരനോടും അതുവഴി അവരെ അധികാരത്തിലെത്തിച്ച ജനങ്ങളോടും നീതി പുലര്‍ത്തുന്നതിന്റെ ഭാഗമാണ്. ഇല്ലെങ്കില്‍ പിഎസ്‌സി ചെയര്‍മാനായ അഡ്വക്കറ്റ് സക്കീര്‍ ഹുസൈന്‍ പിഎസ്‌സിക്കെതിരായ കേസുകളില്‍ വാദിഭാഗത്തിനു വേണ്ടി കോടതിയില്‍ ഹാജരായി വാദിച്ചാല്‍ അതിനെയും ന്യായീകരിക്കേണ്ടി വരില്ലേ.
ഇതുപോലെയൊക്കെത്തന്നെയാണ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും. ഏറ്റുമുട്ടല്‍ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ആ സംഭവത്തെക്കുറിച്ച് വലിയ സംശയങ്ങള്‍ പൊതു സമൂഹത്തിനുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് നാലുപേരെ കൊല്ലുകയാണുണ്ടായതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഭരണമുന്നണിക്കുള്ളില്‍ നിന്നു തന്നെ ആ ആരോപണം ശക്തമായി ഉയര്‍ന്നിരിക്കുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുന്ന നിരവധി സാഹചര്യത്തെളിവുകളുമുണ്ട്. അവിടെയുള്ള പ്രദേശവാസികളുടെ മൊഴികളടക്കമുള്ളവ. ചിലര്‍ക്ക് വെടിയേറ്റത് പിറകില്‍ നിന്നാണെന്ന വിവരങ്ങള്‍ പുറത്തു വന്നതും മാവോയിസ്റ്റുകള്‍ തിരിച്ചു വെടിവെച്ചതിന്റെ ഒരു ലക്ഷണവും കാണാത്തതുമൊക്കെ ജനങ്ങളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള ബാദ്ധ്യത ഭരിക്കുന്ന സര്‍ക്കാരിനുണ്ട്. ജനങ്ങള്‍ അവരുടെ പ്രതിനിധികളായി ഭരണചക്രം തിരിക്കാനുള്ള ചുമതലയാണ് സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഓരോ നടപടിയ്ക്കും വിശദീകരണം ലഭിയ്ക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇവിടെ ജനങ്ങളുടെ സംശയം തീര്‍ക്കുന്നതിന് പകരം കാര്യങ്ങളുടെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത്. സംഭവസ്ഥലത്തേക്ക് ജനപ്രതിനിധികളും നേതാക്കളും അടക്കമുള്ളവരെപ്പോലും കടത്തിവിടാതെയും പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ നിഗൂഢത സൂക്ഷിച്ചുമൊക്കെ എന്തൊക്കെയോ സര്‍ക്കാരിന് ഒളിക്കാനുണ്ടെന്ന പ്രതീതി ജനിപ്പിച്ചു. ആ പൊലീസ് നല്‍കിയ വിശദീകരണമാണ് മുഖ്യമന്ത്രി അതേപടി നിയമസഭയിലൂടെ ജനങ്ങളെ കേള്‍പ്പിച്ചത്.
ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ ആരോപിയ്ക്കപ്പെട്ടിട്ടുള്ള വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളിലും ഭരണാധികാരികള്‍ ഇതേരീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആ വിഷയങ്ങളോട് സ്വീകരിച്ചിട്ടുള്ള സമീപനമെന്ത് എന്നും ഇപ്പോഴും ആ വിഷയങ്ങളിലെ സിപിഎം നിലപാടെന്ത് എന്നും ജനങ്ങള്‍ക്ക് അറിയാതിരിക്കാനിടയില്ല. അവിടത്തെ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ഇന്ന് കേരളത്തില്‍ പൊലീസ് സേനയുടെ തലവനാണ്. അല്ലെങ്കില്‍ അത്ര ദൂരേയ്ക്ക് പോകേണ്ടതില്ല. കേരളത്തില്‍ രാജന്റെയും വര്‍ഗീസിന്റെയും കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന്റെ വിശദീകരണം എന്തായിരുന്നുവെന്നും സംസ്ഥാനഭരണാധികാരികള്‍ അത് ആവര്‍ത്തിച്ചു പറഞ്ഞതുമൊക്കെ ജനങ്ങള്‍ക്കോര്‍മയുണ്ടായിരിക്കണം. പക്ഷേ യാഥാര്‍ത്ഥ്യമെന്തായിരുന്നെന്ന് പില്‍ക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞതാണ്. അന്ന് പൊലീസ് ചെയ്തതിന്റെ ഉത്തരവാദിത്വം ഭരണത്തിലുണ്ടായിരുന്ന കരുണാകരനും അച്യുതമേനോനും ഒക്കെ ഉണ്ടെന്ന് ആരോപിക്കുന്നവര്‍ തന്നെ ഇന്ന് പൊലീസ് ചെയ്യന്നതിന്റെ ഉത്തരവാദിത്വം പിണറായി വിജയനില്ല എന്നും തണ്ടര്‍ബോള്‍ട്ടിന് മാത്രമാണെന്നും പറഞ്ഞാല്‍ അതവര്‍ ഉള്‍ക്കൊള്ളുന്നതെങ്ങനെയാണ്.
അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ട് പോകാനെന്ന വസ്തുത ഭരണത്തിലേറുമ്പോള്‍ ഇടതുപക്ഷം മറന്നു പൊയ്ക്കൂടാ. വാളയാറില്‍ ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷനെ ന്യായീകരിക്കുന്നതിനു പകരം സംഭവിച്ച തെറ്റ് തുറന്നു പറയുന്ന ശൈലജ ടീച്ചറുട മാതൃക തന്നെയാണ് സ്വീകാര്യമായിട്ടുള്ളത്. അട്ടപ്പാടിയില്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെങ്കില്‍ അതും തുറന്നു പറയുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ യുക്തിഹമായ തെളിവു സഹിതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. രണ്ടിടത്തും അന്വേഷണം നടത്തുമെന്ന് പറയുമ്പോള്‍ത്തന്നെ അത് പഴുതടച്ചതായിരിക്കുമെന്നും നീതി നടപ്പാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. തെറ്റു ചെയ്തവരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം. പൊലീസിന്റെ ആത്മവീര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനിടെ ജനങ്ങളുടെ ആത്മവീര്യത്തെക്കുറിച്ചു കൂടി ഓര്‍ക്കണമെന്നര്‍ത്ഥം.
Discussion about this post