കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ലാപ്പിലാണ്. അഞ്ച് മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് ചൂടിലാണ്. കേരളമാകെ അതിന്റെ അലയൊലികളും പടരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലെത്തി നില്‍ക്കുമ്പോള്‍ ചര്‍ച്ചയാവുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ജനാധിപത്യ പ്രക്രിയയില്‍ ജാതി-മത സംഘടനകളുടെ ഇടപെടല്‍. രാഷ്ട്രീയപ്പോരാട്ടത്തില്‍ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും നാടിന്റെ പൊതുവായ പ്രശ്‌നങ്ങളും വികസനവും ചര്‍ച്ചയാവുന്നതിനു പകരം ജാതിയും മതവും പരിഗണിച്ച് വോട്ടു ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാന്‍ ചിലര്‍ ശ്രമിക്കന്നതിന് പിന്നിലെ ആശങ്ക തന്നെയാണ് അത്തരം ചര്‍ച്ചകള്‍ക്ക് പിന്നില്‍.
ഈ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ നിലപാടും പ്രവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ ഈ ചര്‍ച്ച വീണ്ടും സജീവമാവാന്‍ കാരണം. സമദൂരമല്ല ശരദൂരമാണ് എന്‍എസ്എസിന്റെ നിലപാടെന്ന് സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചതിന് പിറകെത്തന്നെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍എസ്എസ് നേതാക്കള്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പരസ്യമായി വോട്ടു പിടിക്കാനാരംഭിച്ചു. ഏത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് പിടിക്കണം, ആര്‍ക്ക് വേണ്ടി പ്രചാരണം നടത്തണം എന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. സമുദായ സംഘടനാ നേതാക്കളായിപ്പോയി എന്നതു കൊണ്ട് അത് ചെയ്യാന്‍ പാടില്ല എന്നൊന്നുമില്ല. പക്ഷേ ഇവിടത്തെ പ്രശ്‌നം ജാതി പറഞ്ഞും ജാതീയമായി ആളുകളെ സംഘടിപ്പിച്ചും വോട്ടു പിടിക്കുന്നു എന്നതാണ്. അതുവഴി ഒരു ജനസമൂഹത്തില്‍ സാമദായിക സ്പര്‍ദ്ധയും വിദ്വേഷവുമുണ്ടാക്കുന്നു എന്നതാണ്.
കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ജാതി സംഘടനകളും മത സംഘടനകളും ഇടപെടുന്നത് ആദ്യമായിട്ടൊന്നുമല്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരെ പല മതസംഘടനകളും പ്രത്യേക യോഗങ്ങള്‍ വിളിച്ചു കൂട്ടി ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. നിരവധി തെരഞ്ഞെടുപ്പുകളില്‍ മതപരമായ അധികാര സ്ഥാനങ്ങള്‍ പലരും അതിനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. പിന്നെ ഇത്തവണ എന്താണ് പ്രത്യേകത. സാധാരണ ഇത്തരക്കാര്‍ രഹസ്യമായിട്ടാണ് ഇക്കാര്യം ചെയ്യാറുള്ളതെങ്കില്‍ ഇത്തവണ എന്‍എസ്എസ് അത് പരസ്യമായി വിളിച്ചു പറഞ്ഞ് ചെയ്യുന്നു എന്നതാണ് വ്യത്യാസം. സാമുദായിക സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ഞങ്ങളുടെ ജാതിക്കാര്‍ ആര്‍ക്ക് വോട്ടു ചെയ്യണം എന്നകാര്യത്തില്‍ നിര്‍ദേശം കൊടുക്കും എന്ന് പറയുന്നു. ഞങ്ങളുടെ കരയോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും എന്ന് ഉളുപ്പില്ലാതെ വിളിച്ചു പറയുന്നു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രചാരണം നടത്തുന്നതും സാമുദായിക വികാരം ഇളക്കിവിട്ട് തെരഞ്ഞെടുപ്പില്‍ വോട്ടു തേടുന്നതുമൊക്കെ ഇന്ത്യയില്‍ കുറ്റകരമാണ്. അത്തരത്തിലുള്ള വികാരങ്ങളിളക്കി വിട്ടാണ് തെരഞ്ഞെടുപ്പു ജയമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പലരുടെയും തെരഞ്ഞെടുപ്പുകള്‍ കോടതികള്‍ ഇടപെട്ട് അസാധുവാക്കിയ ചരിത്രവുമുണ്ട്. ആ നിയമത്തെ പേടിക്കുന്നതു കൊണ്ടു കൂടിയാണ് മുകളില്‍ പറഞ്ഞ പല സംഘടനകളും ഇടപെടലുകള്‍ രഹസ്യമാക്കി വെക്കുന്നത്. പലപ്പോഴും നോട്ടീസുകളും ലഘുലേഖകളുമൊക്കെ തെളിവുകളായി സ്വീകരിച്ചാണ് കോടതികള്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിട്ടുള്ളത്. ആ പേടിയുള്ളതു കൊണ്ട് എല്ലാം രഹസ്യമാക്കി വെക്കുന്നു എന്നതൊഴിച്ചാല്‍ ആ ഇടപെടലുകളും എന്‍എസ്എസിന്റേതിന് സമാനം തന്നെയാണ്.
പക്ഷേ ഇപ്പോഴത്തെ ഒരു പ്രധാന വ്യത്യാസം, എന്‍എസ്എസ് എന്ന ജാതി സംഘടന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും നിയമങ്ങളെയുമെല്ലാം വെല്ലുവിളിച്ച് ഈ കേരളത്തില്‍ ഞങ്ങള്‍ ജാതി പറഞ്ഞ്, ജാതീയമായി ജനങ്ങളെ വിഘടിപ്പിച്ച് വോട്ടു പിടിക്കും എന്ന് ധാര്‍ഷ്ട്യത്തോടെ പരസ്യമായി പ്രഖ്യാപിയ്ക്കുന്നു എന്നതു തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെതിരെ രംഗത്തു വന്നത് സ്വാഗതാര്‍ഹം തന്നെയാണ്. എന്‍എസ്എസ് ആരെ പിന്തുണയ്ക്കുന്നുവോ അവര്‍ക്ക് ഒരു പക്ഷേ നാളെ ഇത് കുരുക്കാവാനും സാദ്ധ്യതയുണ്ട്. തെരഞ്ഞെടുപ്പിലെങ്ങാന്‍ ജയിച്ചാല്‍ ആ തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള അവസരമാണ് എന്‍എസ്എസ് ഇപ്പോഴേ ഒരുക്കിയിരിക്കുന്നത്.
ഇത് വേണമെങ്കില്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ വിവരക്കേടായി വിലയിരുത്താം. പക്ഷേ ആ വിവരക്കേടിന് ചുട്ട മറുപടി ഇപ്പോഴേ കൊടുത്തില്ലെങ്കില്‍ നാളെ കേരളത്തിന് അതൊരു വിപത്തായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. ഉത്തരേന്ത്യയില്‍ പലയിടത്തും വോട്ടുകള്‍ ജാതി പാക്കറ്റിലാക്കി വീതം വെച്ച് കണക്കെടുക്കുന്നതു പോലെയുള്ള ജാതി വെറിയുടെ വോട്ടിങ്ങ് പാറ്റേണിലേക്ക് നമ്മുടെ കേരളത്തെ വിട്ടു കൊടുത്തു കൂടാ. അതിന് വേണ്ടത് പരസ്യമായിട്ടായാലും രഹസ്യമായിട്ടായാലും തെരഞ്ഞെടുപ്പില്‍ ജാതിയെയും മതത്തെയും കലര്‍ത്തുന്നവരെ ഒറ്റപ്പെടുത്തി അവര്‍ ഒന്നുമല്ലെന്ന് തെളിയിക്കലാണ്. എന്‍എസ്എസിന്റെ നിലപാടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ സിപിഐഎം നേതൃത്വത്തിന്റെ നടപടി സ്വാഗതാര്‍ഹമാണ്. പക്ഷേ പരാതി നല്‍കി അടുത്ത വണ്ടിക്ക് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തെ കാണാന്‍ പോകുന്ന സിപിഐഎം നേതൃത്വം ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുമുണ്ട്.
കാരണം മറ്റൊന്നുമല്ല. ഇക്കാര്യത്തില്‍ ആകെയുള്ള പ്രതീക്ഷ സിപിഐഎമ്മും ഇടതുപക്ഷവും മാത്രമാണ്. കോണ്‍ഗ്രസിന് ജാതി-മത രാഷ്ട്രീയത്തെ പരസ്യമായി കൂട്ടുപിടിക്കാന്‍ ഒരുകാലത്തും ഒരു മടിയുമില്ല. ഇപ്പോഴും ഉമ്മന്‍ചാണ്ടിയും കെ മുരളീധരനുമൊക്കെപ്പറയുന്നത് ബൂത്തില്‍ കയറി ആരുടെയും വോട്ട് കുത്തിയിടാത്തിടത്തോളം എന്‍എസ്എസ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്. അതായത്, ജാതി-മത വികാരം ഇളക്കി വിട്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന്. ജാതി രാഷ്ട്രീയത്തെയും മത രാഷ്ട്രീയത്തെയുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തള്ളിപ്പറഞ്ഞിട്ടുള്ളത് സിപിഐഎമ്മും ഇടതുപക്ഷവുമാണ്. അതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനെന്ന സമുദായ നേതാവ് ഇന്ന് കട്ടയും പടവും മടക്കി വീടിന്റെ കോലായിലിരുന്ന് പഴയപോലെ വിജയിക്കുന്നവര്‍ക്കനുകൂലമായി അതിന്റെയാള് ഞമ്മളാണെന്ന ലൈനില്‍ പ്രതികരണം കൊടുത്തു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ സിപിഐഎം സംസ്ഥന സെക്രട്ടറിയായിരുന്ന കാലത്ത് മലബാറിലേക്ക് അശ്വമേധം നടത്തുകയാണെന്ന ഒരു പ്രസ്താവന വെള്ളാപ്പള്ളി നടത്തിയിരുന്നു.
അങ്ങനെയെങ്കില്‍ കാണാമെന്ന നിലപാടാണാണ് അന്ന് സിപിഐഎം സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ അശ്വമേധവും സമുദായ സംഘടനയുണ്ടെന്നതിന്റെ ഹുങ്കില്‍ മകന് സ്വന്തമായുള്ള കളിപ്പാട്ടമായി ഉണ്ടാക്കിക്കൊടുത്ത രാഷ്ട്രീയപ്പാര്‍ട്ടിയും പിന്നീടെന്തായെന്ന് ഈ കേരളം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. പണ്ടൊരു രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയതിന്റെ അനുഭവം എന്‍എസ്എസിനുമുണ്ട്. അതുകൊണ്ട് ഇത്തരക്കാരില്‍ നിന്ന് ഈ കേരളത്തെ രക്ഷിക്കാന്‍ ശേഷിയുള്ള സിപിഐഎം ചെയ്യേണ്ടത് ഇക്കാര്യത്തില്‍ സെലക്ടീവ് ആവാതിരിക്കലാണ്. എതിര്‍ക്കുന്ന സമുദായ സംഘടനയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തെറ്റാണെന്നും അനുകൂലിക്കുന്നവരാണെങ്കില്‍ വലിയ കുഴപ്പമില്ല എന്നുമുള്ള നിലപാട് ഒരിക്കലും ഗുണം ചെയ്യില്ല. എതിര്‍ക്കുന്നവരായാലും അനുകൂലിക്കുന്നവരായാലും, പരസ്യമായിട്ടായാലും രഹസ്യമായിട്ടായാലും മത – സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെ തള്ളിപ്പറയുകയും ചെറുത്തു തോല്പിക്കുകയുമാണ് ഇന്നത്തെ കേരളം ആവശ്യപ്പെടുന്നത്. ജനാധിപത്യ പ്രക്രിയയില്‍ ഇടപെടേണ്ടതും നേതൃത്വം നല്‍കേണ്ടതും ജാതി മത വ്യത്യാസമില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാണ്. ജാതിയും മതവും ശാഖയിലെയും കരയോഗത്തിലെയും രജിസ്റ്റര്‍ നോക്കി കല്യാണത്തിനും ശവമടക്കിനും കത്തും കുറിയും രസീതും നല്‍കുന്നവര്‍ തുടര്‍ന്നും ആ പണി മാത്രം ചെയ്താല്‍ മതിയാവും.
Discussion about this post