ആള്‍ക്കൂട്ട കൊലപാതങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും രാജ്യത്തിന്റെ ചില ഭാഗത്തുണ്ടാവുന്ന ചില സംഭവങ്ങളെ അങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും അത് രാജ്യത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നുമാണ് ആര്‍എസ്എസ് സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ തലവന്‍ മോഹന്‍ഭഗവത് പറഞ്ഞത്. മോഹന്‍ ഭഗവതിന്റെ പ്രസംഗത്തെക്കുറിച്ച് പലരീതിയിലുള്ള ചര്‍ച്ചകള്‍ രാജ്യത്ത് ഉയര്‍ന്നു വന്നു. എന്തായാലും ഒരുകാര്യം ഉറപ്പാണ്. മോഹന്‍ ഭഗവത് പറഞ്ഞതില്‍ ഒരുഭാഗം ശരിയാണ്. ഇപ്പോള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടാവുന്ന ചില സംഭവങ്ങളെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ എന്ന് വിശേഷിപ്പിക്കാനാവില്ല.
ആള്‍ക്കൂട്ട കൊലപാതകങ്ങളെന്നാല് പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടവരല്ലാത്ത, പെട്ടെന്നുണ്ടാവുന്ന വികാരങ്ങളുടെയോ പ്രത്യേക സമൂഹ മാനസികാവസ്ഥയുടെയോ പുറത്ത് സ്വയം സംഘടിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങള്‍ മൂലമുണ്ടാവുന്ന മരണങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിന്റെയും കുരങ്ങന്റെയുമൊക്കെ പേരു പറഞ്ഞ് മുസ്ലീങ്ങളുടെ നേരെ നടക്കുന്ന ആക്രമണങ്ങള്‍ അങ്ങനെ നിഷ്കളങ്കരായ ആള്‍ക്കൂട്ടം സ്വയം പ്രേരിതരായി നടത്തുന്നതൊന്നുമല്ല എന്ന് വ്യക്തമാണ്.
രാജ്യത്താകമാനം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയ വികാരം രാഷ്ട്രീയമായി മുതലെടുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളാണവ. ആര്‍എസ്എസിന്റെയും സമാന ചിന്താഗതിക്കാരായ സഘപരിവാര്‍ സംഘടനകളുടെയുമൊക്കെ കാര്യാലയ ഇടനാഴികളില്‍ ആസൂത്രണം ചെയ്യപ്പെട്ട് പ്രാദേശികമായി നിലനില്‍ക്കുന്ന ഗുണ്ടാ സംഘങ്ങളെക്കൊണ്ട് പ്രയോഗത്തില്‍ വരുത്തുന്നവ. അതിനെ എങ്ങനെയാണ് ആള്‍ക്കൂട്ട ആക്രമണങ്ങളെന്നോ കൊലപാതകങ്ങളെന്നോ വിളിക്കാനാവുക. അവ ഒരിക്കലും ആള്‍ക്കൂട്ട കൊലപാതങ്ങളല്ല. ഗുണ്ടാ ആക്രമണങ്ങളും ഗുണ്ടാ കൊലപാതങ്ങളുമാണ്.
നേരത്തെ ആസൂത്രണം ചെയ്യുന്നതനുസരിച്ച് മതവിശ്വാസത്തിന്റെയും ദൈവത്തിന്റെയും ഒക്കെ പേരില്‍ പെട്ടെന്ന് ഇളക്കി വിടാവുന്ന ജനങ്ങളുള്ള പ്രദേശങ്ങളില്‍ ഗുണ്ടകളെ ഉപയോഗിച്ച് അതി വിദഗ്ധമായി നടപ്പാക്കുന്നവ. അവിടെ ആളുകളെ ഇളക്കി വിടുന്നത് നേരത്തെ പറഞ്ഞ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും കൊലപാതകക്കേസുകളെ ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന പട്ടികയില്‍ കൊണ്ടുവന്ന് അത് നടപ്പാക്കിയ ഗുണ്ടകളെയും ആസൂത്രണം ചെയ്ത തലച്ചോറുകളെയുമൊക്കെ ചുളുവില്‍ രക്ഷപ്പെടുത്താനാണ്. യഥാര്‍ത്ഥത്തില്‍ ഈ ഗുണ്ടാ ആക്രമണങ്ങളെ ആള്‍ക്കൂട്ട കൊലപാതകങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ സംഘപരിവാര്‍ കുഴിക്കുന്ന കുഴിയില്‍ അറിയാതെ വീഴുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിലെങ്കിലും മോഹന്‍ ഭഗവതിനെ വിശ്വാസത്തിലെടുക്കണം. അവയെ ആള്‍ക്കൂട്ട ആക്രമണങ്ങളെന്നല്ല, സംഘപരിവാര്‍ ആക്രമണങ്ങളെന്നു തന്നെ വിശേഷിപ്പിക്കണം.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് മോഹന്‍ഭഗവതിന്റെ പ്രസ്താവന പുറത്തു വന്നതിന്റെ അടുത്ത ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനടക്കം രാജ്യത്തെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പിന്‍വലിക്കാന്‍ ബീഹാര്‍ പൊലീസ് തീരുമാനിച്ച വാര്‍ത്ത പുറത്തു വന്നത്. ബീഹാറിലെ മുസഫര്‍പൂര്‍ സദര്‍ പൊലീസാണ് കോടതി നിര്‍ദേശ പ്രകാരം അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയെന്നതായിരുന്നു ഈ 49 പേര് ചെയ്ത കുറ്റം.
സുനില്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന് കത്തെഴുതിയവര്‍ക്കെതിരെ കോടതിയെ സമീപിക്കുകയും സാംസകാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിടുകയുമായിരുന്നു. പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയും അതില്‍ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതിന് സാംസ്കാരിക നായകര്‍ക്കെതിരെ കേസെടുത്ത വിഷയത്തില്‍ രാജ്യ വ്യാപകമായി വന്‍പ്രതിഷേധം തന്നെ ഉയര്‍ന്നു. സംഘപരിവാര്‍ സംഘടനകളും അവയുടെ പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം കേസെടുത്ത് നടപടിയെ ന്യായീകരിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. അതില്‍ സാധാരണ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുതല്‍ അവരുടെ സൈദ്ധാന്തിക – മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതസ്ഥാനീയര്‍ വരെയുണ്ടായിരുന്നു.
പക്ഷേ അവരൊക്കെ ആവേശം കൊള്ളുമ്പോഴും നേതൃത്വം കൃത്യമായി യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രതിഷേധം രൂപപ്പെടുകയും ശക്തമാവുകയും ചെയ്ത ഘട്ടത്തില്‍ കേസിന് ബിജെപിയുമായും സര്‍ക്കാരുമായും ഒരു ബന്ധവുമില്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നുമൊക്കെയുള്ള വിശദീകരണ പ്രസ്താവനകളുമായി കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ക്കൊക്കെ രംഗത്തു വരേണ്ടി വന്നത്. എന്തായാലും വ്യാജ പരാതിയാണെന്ന വിലയിരുത്തലില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ പൊലീസ് തീരുമാനിച്ചു. കേസ് പിന്‍വലിക്കാനായി സദര്‍ പോലീസ് സ്റ്റേഷന് നിര്‍ദേശം നല്‍കിയതായി മുസഫര്‍പൂര്‍ എസ്എസ്പി മനോജ് കൂമാര്‍ മാധ്യമങ്ങളെ അറിയിച്ചു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞ് മോഹന്‍ഭഗവത് പ്രസ്താവന നടത്തിയതിന്റെ അടുത്ത മണിക്കൂറുകളില്‍ത്തന്നെ ഇതേ വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച നടപടി ഉണ്ടായത് യാദൃച്ഛികമാണെന്ന് കരുതാനാവുമോ. രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, ദേശീയ നേതാക്കളടക്കം മറുപടി പറയേണ്ടി വന്ന ഒരു രാഷ്ട്രീയ വിഷയത്തില്‍ പൊലീസ് സ്വമേധയാ ഇടപെട്ട് കേസങ്ങോട്ട് പിന്‍വലിച്ചു എന്ന് വിശ്വസിക്കാനാവുമോ. ഒരിക്കലുമില്ല.
രാജ്യഭരണം കയ്യാളുന്ന സംഘപരിവാര്‍ നേതൃത്വം കൃത്യമായി അറിഞ്ഞു കൊണ്ടു തന്നെയാണ് കേസ് പിന്‍വലിക്കുന്ന നടപടി സ്വീകരിച്ചത്. അതിനൊരു രാഷ്ട്രീയ തലമുണ്ട്. പ്രാദേശിക തലത്തില്‍ ഇതുപോലെ മത സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന വര്‍ഗീയ സംഭവങ്ങളും ആക്രമണങ്ങളും കൊലപാതകങ്ങളും ഒക്കെ ഉണ്ടാക്കി ജനങ്ങളെ വിഘടിപ്പിക്കാന്‍ കഴിഞ്ഞ ഇടങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ വലിയ നേട്ടമാണ് കൊയ്തത്. ബിജെപിയെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതില്‍ പശു രാഷ്ട്രീയം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍, രാജ്യത്തെ കലാലയങ്ങളില്‍, സര്‍വകലാശാലകളില്‍, ബൗദ്ധിക – സാസ്കാരിക മേഖലകളില്‍ ഒക്കെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ വലിയ പ്രതിഷേധവും ചെറുത്തു നില്പുമാണ് ഉണ്ടായത്.
രാജ്യത്ത് രാഷ്ട്രീയ രംഗത്ത് ജയിച്ചു കയറിയ സംഘപരിവാര്‍ പ്രതിഷേധവും വിമര്‍ശനവും നേരിട്ടതും പലപ്പോഴും പരാജയപ്പെട്ട് മുഖം നഷ്ടപ്പെട്ട് നിന്നതും ഈ പറഞ്ഞ മേഖലകളിലായിരുന്നു. അതുകൊണ്ടു തന്നെ അത്തരം മേഖലകളില്‍ പ്രത്യക്ഷമായ ആക്രമണം ഒഴിവാക്കുക എന്നുള്ളത് അവരുടെ പുതിയ തീരുമാനമാണ്. അതിനര്‍ത്ഥം ഈ മേഖലകളിലൊന്നും ഇനി സംഘപരിവാര്‍ കടന്നു കയറ്റം ഉണ്ടാവില്ല എന്നല്ല. അത് തുടര്‍ന്നു കൊണ്ടേയിരിക്കും. പാഠങ്ങളും ചരിത്രവും സാഹിത്യവുമൊക്കെ തിരുത്തിയെഴുതലും പുതിയവ കൊണ്ടുവരലുമടക്കമുള്ള നീക്കങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാവില്ല. എന്നാല്‍ നേരിട്ട് ആളുകള്‍ക്ക് ബോധ്യപ്പെടുകയും പ്രതിഷേധേം വിളിച്ചു വരുത്തുകയും ചെയ്യുന്ന രീതിയിലുള്ള കടന്നാക്രമണങ്ങള്‍ കുറയും.
അതായത് വിദ്യാഭ്യാസ – സാഹിത്യ – സാംസ്കാരിക മേഖലകളില്‍ ഇനി ഒളിപ്പോരാണ്, അല്ലെങ്കില്‍ അതുമാത്രമാണ് വരാന്‍ പോകുന്നത്. അതേസമയം ആദ്യം പറഞ്ഞ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്ന ഓമനപ്പേരിലുള്ള ആസൂത്രിത ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും അടക്കം സംഘപരിവാറിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന സംഭവങ്ങള്‍ അതിന് വളക്കൂറുള്ള പ്രദേശങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കും. അതിന് സംഘവുമായി ബന്ധമില്ലെന്ന ന്യായീകരണങ്ങളും പിന്നാലെ വരും. പക്ഷേ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവും ധ്രുവീകരണവും ഉണ്ടാക്കാനുള്ള എല്ലാ ചേരുവകളും അതില്‍ ആസൂത്രിതമായി ഇളക്കിച്ചേര്ത്തിട്ടുമുണ്ടാവും. അതുകൊണ്ടാണല്ലോ പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടക്കുന്നിന്റെ വാര്‍ത്തകള്‍ക്കു പിറകെ കുരങ്ങിന്റെ പേരിലും ആക്രമണം അഴിച്ചു വിടുന്നതിന്റെ വാര്‍ത്ത അവരുടെ പരീക്ഷണ ശാലയായ ഉത്തര്‍പ്രദേശില്‍ നിന്നു തന്നെ പുറത്തു വന്നത്.
Discussion about this post