കെഎം മാണി എന്ന അതികായന്റെ തണലില്‍ പാലാ മണ്ഡലത്തില്‍ യുഡിഎഫ് നേടിയിരുന്ന വിജയത്തിന് ഒടുവില്‍ അറുതിയായി. പാലായ്ക്ക് പ്രതിനിധിയായി പുതിയ മാണി വന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന് പാലാ മണ്ഡലത്തില്‍ നേടിയ ഈ വിജയത്തെ ചരിത്രവിജയം എന്നു തന്നെ വിശേഷിപ്പിക്കണം. കെഎം മാണിയെ അദ്ദേഹത്തിന്റെ ജീവിതകാലത്തൊരിക്കല്‍ പോലും തോല്പിക്കാന് തയ്യാറായിട്ടില്ലാത്ത പാലാക്കാര് അദ്ദേഹത്തിന്റെ കാലശേഷം ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് വേണ്ട എന്നങ്ങോട്ട് തീരുമാനിച്ചു.
മാണിസാര്‍ എന്ന ബിംബത്തിനപ്പുറം കേരള കോണ്‍ഗ്രസിന് പാലായില്‍ എന്ത് സ്ഥാനമുണ്ടെന്നതിനുള്ള ഉത്തരം കൂടിയാണ് പാലാക്കാര് നല്‍കിയത്. കെഎം മാണി മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം സംഘടനാപരമല്ല, തീര്‍ത്തും വ്യക്തിപരമാണെന്നര്‍ത്ഥം. ഇതിനു പുറമെ ജോസഫ് – ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള അടിയും അതുണ്ടാക്കിയ ആശയക്കുഴപ്പങ്ങളുമൊക്കെ യുഡിഎഫിന്റെ പരാജയത്തിന് കാരണമായിട്ടുണ്ടാവണം. നിരവധി ഘടകങ്ങളുടെ സങ്കലനങ്ങളാവുമല്ലോ തെരഞ്ഞെടുപ്പ് പരാജയങ്ങളും വിജയങ്ങളുമൊക്കെ.
പക്ഷേ ഇതിനൊക്കെ അപ്പുറത്ത് പാലായില്‍ എല്‍ഡിഎഫ് നേടിയ വിജയത്തിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. കെഎം മാണിക്ക് ശേഷം കേരള കോണ്‍ഗ്രസിന്റെ ഭാവിയെന്ത് എന്ന ചോദ്യം മാണിയുടെ മരണ ശേഷം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അക്കാര്യം തീരുമാനിക്കപ്പെടുന്നതില്‍ നിര്‍ണായക ഘടകമായിരിക്കും പാലാ ഉപതെരഞ്ഞെടുപ്പ് ഫലം എന്നതില്‍ സംശയമൊന്നുമില്ല. അതിനു പുറമെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ ചില കൊടുക്കല്‍ വാങ്ങലുകളുടെയും കളം മാറലുകളുടെയുമൊക്കെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് കഴിയും. അതൊക്കെ അതിന്റെ പ്രത്യക്ഷ രാഷ്ട്രീയ പരിണാമങ്ങള്‍.
്
അതിനൊക്കെ അപ്പുറത്ത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെയും ചിന്തകളെയും രാഷ്ട്രീയ തരംഗങ്ങളെയുമൊക്കെ നിര്‍ണയിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാവും. പാലാ സീറ്റിനെ സംബന്ധിച്ചുണ്ടായിരുന്ന അമിതാത്മ വിശ്വാസം തന്നെയായിരിക്കണം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും പാലാ ഉപതെരഞ്ഞെടുപ്പെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള നേതാക്കളെക്കൊണ്ട് പറയിപ്പിച്ചിരിക്കുക. മാത്രമല്ല, അങ്ങനെയാവുമെന്ന് പറയാന്‍ ധൈര്യമുണ്ടോ എന്ന് എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ വെല്ലുവിളിക്കുകയും ചെയ്തു. സാധാരണ ഭരണകക്ഷി നേതാക്കള്‍ ചെയ്യാറുള്ളതു പോലെ ഉരുണ്ടു കളിക്കുകയോ നീണ്ട വ്യാഖ്യാനങ്ങള്‍ക്കു നില്‍ക്കുകയോ അല്ല മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും ചെയ്തത്. മുഖ്യമന്ത്രി തന്നെ പാലാ മണ്ഡലത്തില്‍ പോയി പറഞ്ഞത് ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവുമെന്നാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് പ്രതിപക്ഷം ആദ്യം പറയുകയും ഭരണപക്ഷം അതേറ്റെടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ ഇനി പ്രതിപക്ഷത്തിന് പിറകോട്ട് പോകാന്‍ സ്കോപ്പില്ലല്ലോ. അതായത് ഭരണത്തെ വിലയിരുത്തി അംഗീകരിച്ച് അവരെ വിജയിപ്പിക്കുന്ന അവസ്ഥയിലേക്ക് യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളിലെ ജനങ്ങള്‍ പോലും മാറി എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വരും. രാഷ്ട്രീയത്തില്‍ അങ്ങനെയുള്ള സമ്മതിക്കലുകള്ക്കൊന്നും സ്ഥാനമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉരുണ്ടുകളിച്ചും വ്യാഖ്യാനിച്ചുമൊക്കെ വെടക്കാക്കി തനിക്കാക്കുന്നതാണ് രാഷ്ട്രീയത്തിലെ കല. പക്ഷേ ഇവിടെ ഭരണപക്ഷത്തിനെതിരെ ഉയരുന്ന ഭരണവിരുദ്ധ വികാരം മുതലെടുത്ത് അടിച്ചു കയറാന്‍ നിന്ന പ്രതിപക്ഷത്തിന് തങ്ങളുടെ തന്നെ പ്രസ്താവനകളും വെല്ലുവിളികളുമൊക്കെ വിഴുങ്ങി ഉരുണ്ടു കളിക്കേണ്ട അവസ്ഥയാണ് പാലാ ഉണ്ടാക്കിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ എല്ഡിഎഫിനുണ്ടാക്കിയത് ചെറിയ തിരിച്ചടിയൊന്നുമല്ല. എന്നാല്‍ ആ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള രാഷ്ട്രീയ പിന്‍ബലം പാലാ എല്‍ഡിഎഫിന് നല്കുന്നു എന്നതു കൂടിയാണ് ഇതിന്റെ ബാക്കിപത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള കേരളത്തിലെ ജനങ്ങളുടെ താല്പര്യമാണെന്നും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന കോണ്‍ഗ്രസിന്റെ പ്രതിഛായയാണ് ആ വികാരത്തെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമാക്കിയതെന്നും വ്യക്തമാണ്. പക്ഷേ അത് എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ഭരണത്തിനെതിരെയുള്ള ജനവികാരമായി അവതരിപ്പിക്കാനും. രാഷ്ട്രീയമായി പരസ്പരം ശത്രുപക്ഷത്ത് നില്ക്കുന്ന രണ്ടു വിഭാഗങ്ങളുടെ കാര്യത്തില്‍ അതില്‍ അത്ഭുതവുമില്ല. എന്നാല്‍ അക്കാര്യത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് പാലാ നല്‍കിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയം തന്നെയായിരുന്നു, അല്ലെങ്കില്‍ അത് മാത്രമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ വിഷയമെന്ന് അടിവരയിട്ട് പറയുകയാണ് പാലാ.
ലോക്സഭാ തെരഞ്ഞെടുപ്പിലാവട്ടെ എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഏറ്റവും കൂടുതല്‍ പഴികേട്ട വിഷയമാണ് ശബരിമല. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അതേ പാതയായിരുന്നു യുഡിഎഫും സ്വീകരിച്ചത്. അന്ന് നാലു വോട്ടിനു വേണ്ടി കേരളത്തെ പിറിലേക്ക് നടത്തില്ല എന്ന ഐതിഹാസിക പ്രഖ്യാപനം സിപിഎമ്മും എല്‍ഡിഎഫും നടത്തിയിരുന്നു. ആ നിലപാടിന്റെ രാഷ്ട്രീയത്തില്‍ നായക സ്ഥാനം വഹിച്ച് നിന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലോ്സഭാ തെരഞ്ഞെടുപ്പ് ഫലം പക്ഷേ ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലും സിപിഎമ്മിലുമൊക്കെ വലിയ ഉലച്ചിലുണ്ടാക്കി എന്നത് സംശയമില്ലാത്ത കാര്യമാണ്.
പിണറായി വിജയന്റെ നിലപാടാണ് കേരളത്തില്‍ എല്‍ഡിഎഫ് തോല്ക്കാന് കാരണമെന്നൊക്കെ വിലയിരുത്തലുകളുണ്ടായിരുന്നു. പിന്നീട് സിപിഎം നടത്തിയ വിലയരുത്തലുകളിലും വിശകലനങ്ങളിലുമൊക്കെ ഇത്തരം അഭിപ്രായങ്ങള്‍ പൊങ്ങി വന്നു. ഗൃഹ സന്ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ മുഖത്ത് ചെറിയ ആത്മവിശ്വാസക്കുറവ് അത് കണ്ടവര്‍ക്കെല്ലാം അനുഭവപ്പെട്ടിരുന്നു. ശബരിമല നിലപാടില്‍ നിന്ന് സിപിഎം പിറകോട്ട് പോകുന്നുവോ എന്ന് ചര്‍ച്ചകളുയര്‍ന്നു. അങ്ങനെ പോകുന്നുവെന്ന് ചിലരെങ്കിലും ഉറപ്പിച്ചു. പക്ഷേ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് പിണറായി വിജയനാണ്. അപ്പോഴും അത് സ്വന്തം നിലപാടില്‍ നിന്ന് പിറകോട്ട് മാറാന്‍ തയ്യാറല്ലാത്ത ദുരഭിമാനമായി അത് വ്യാഖ്യാനിക്കപ്പെട്ടു.
പക്ഷേ മണ്ഡലത്തിലുടനീളം പാഞ്ഞു നടന്ന് യുഡിഎഫും എന്‍ഡിഎയും മാറിമാറി ശബരിമല പറഞ്ഞ് കത്തിക്കാന്‍ നോക്കിയ പാലായില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് പുരോഗമന കേരളത്തിന്റെ ആശ്വാസ നെടുവീര്‍പ്പായി മാറുകയാണ്. ശബരിമല ഒരു വിഷയമേയല്ലെന്ന് പാലാ കേരളത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നു. മുന്‍പ് രണ്ടിലയിലും വളരും തോറും പിളരുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അതിന്റെ നേതാവിലുമപ്പുറം ഒരു രഷ്ട്രീയവുമറിയാത്ത സ്ഥലമെന്ന് കേരളീയര്‍ എഴുതിത്തള്ളിയിരുന്ന പാലാ ഇന്ന് പുരോഗമന കേരളത്തിന്റെ നെടുംതൂണായി നില്ക്കുന്നു. ഹിന്ദു വര്‍ഗീയതയുടെ വോട്ട് നിലവാരത്തെ ആ മണ്ഡലം താഴേക്ക് പിടിച്ചു വലിച്ചിട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പാലായിലേത് മാണി സി കാപ്പന് അവിടെ നേടിയ വിജയം മാത്രമല്ല. അത് പിണറായി വിജയന് കേരളത്തില്‍ നേടിയ വിജയം കൂടിയാണ്.