ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും ഹിന്ദുത്വ വർഗീയ ശക്തികളുടെ വിമർശകരായ സർവകലാശാലാ അദ്ധ്യാപകർക്കും എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കുമൊക്കെ വീണ്ടും മാവോയിസ്റ്റ് പട്ടം ചാർത്തിക്കിട്ടുന്ന സ്ഥിരം പരിപാടി ആവർത്തിക്കുകയാണ്. കൽബുർഗിയും പൻസാരെയും ധബോൽക്കറുമൊക്കെ കൊലചെയ്യപ്പെട്ട, ഫാസിസ്റ്റുകൾ അധികാരം കയ്യാളുന്ന ഒരു രാജ്യത്ത് അതിലൊന്നും വലിയ അത്ഭുതവുമില്ല. ഫാസിസ്റ്റുകൾ എപ്പോഴും അങ്ങനെയൊക്കയാണ്. ഡൽഹി സർവകലാശാല അദ്ധ്യാപകൻ ജിഎൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം അറസ്റ്റ് ചെയ്തതിന് ശേഷം ഇത് അൽപകാലത്തേക്ക് നിർത്തിവെച്ച നിലയിലായിരുന്നു. യഥാർത്ഥത്തിൽ ആ ഇടവേളയുടെ കാര്യത്തിലാണ് അത്ഭുതപ്പെടേണ്ടത്. എന്തുകൊണ്ടിവർ ഇത്രകാലം ഇത് നിർത്തിവെച്ചുവെന്നാണ് ആശ്ചര്യപ്പെടേണ്ടത്. കാരണം തെരഞ്ഞെടുപ്പായിരിക്കണം.
എന്തായാലും ഇപ്പോൾ സംഘപരിവാർ പ്രതിസ്ഥാനത്തു നിൽക്കുന്ന മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘപരിവാറിനെ എതിർക്കുന്ന സാമൂഹ്യ – സാംസ്‌കാരിക പ്രവർത്തകരെയൊക്കെ മാവോയിസ്റ്റുകളാക്കിക്കൊണ്ടിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ഭീമ കൊറേഗാവ്. അവിടെ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന മഹർ ദളിതരെ സവർണരായ മറാത്ത വിഭാഗക്കാർ മറാത്ത സൈന്യത്തിൽ ചേരാൻ അനുവദിക്കാതെ പുറത്താക്കി. പട്ടിണികൊണ്ട് പൊറുതിമുട്ടിയ ദളിതർ ജീവൻ നിലനിർത്താൻ മറ്റൊരു മാർഗവുമില്ലാതെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. 1818ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മറാത്ത സൈന്യവുമായി യുദ്ധമുണ്ടായപ്പോൾ അത് അക്ഷരാർത്ഥത്തിൽ സവർണ മറാത്ത സൈന്യവും മഹർ ദളിത് സൈന്യവും തമ്മിലുള്ള പോരാട്ടമായി മാറി. മറാത്ത സൈന്യത്തിനുമേൽ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. മുപ്പതിനായിരത്തോളം വരുന്ന മറാത്ത സൈന്യത്തെ എണ്ണൂറോളം വരുന്ന ദളിത് സേന പന്ത്രണ്ട് മണിക്കൂറാണ് തടഞ്ഞു നിർത്തിയത്. തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന മഹർ ദളിതർ സവർണർക്കുമേൽ നേടിയ വിജയമായും അവരുടെ ധീരതാ പ്രകടനമായും കൂടി ഇത് വിലയിരുത്തപ്പെടുന്നു.
ഈ വിജയം ആഘോഷിക്കാൻ എല്ലാ വർഷവും ഭീമ കൊറേഗാവിൽ ദളിതർ ഒത്തുകൂടാറുണ്ട്. ഇവിടത്തെ യുദ്ധസ്മാരകത്തിൽ അംബേദ്കർ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 2018 ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുനൂറാം വാർഷികാഘോഷത്തിനെത്തിയ ദളിതർക്കു നേരെ കാവിക്കൊടികളുമേന്തി എത്തിയ ഹിന്ദുത്വ വർഗീയ സംഘടനകൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് ദളിതർക്കെതിരെ കലാപമുണ്ടാവുകയും അവരുടെ വീടുകളും സാധന സാമഗ്രികളുമൊക്കെ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ദളിതർക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസാണെന്ന് ആരോപണമുണ്ട്. മറാത്ത സേനയ്ക്കുമേൽ ദളിത് സേന നേടിയ വിജയം ആഘോഷിക്കുന്നതിൽ അഖില ഭാരതീയ ഹിന്ദുസഭ അടക്കമുള്ള സംഘടനകൾക്കും എതിർപ്പുണ്ടായിരന്നു. ഇത് മുൻകൂട്ടിക്കണ്ട് ദളിത് സമ്മേളനത്തിന് സുരക്ഷയൊരുക്കേണ്ട സർക്കാർ അത് ചെയ്തില്ല. ബിജെപി സർക്കാർ ഹിന്ദുത്വ സംഘടനകൾക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും ആരോപണമുണ്ട്.
കലാപത്തിന്റെ ദൃക്സാക്ഷിയായ ദളിത് പെൺകുട്ടി പൂജ സാകേതിനെ നാല് മാസങ്ങൾക്കു ശേഷം പുനരധിവാസ കേന്ദ്രത്തിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട് തീവെച്ചു നശിപ്പിച്ച കലാപകാരികൾക്കെതിരായ മൊഴി മാറ്റിപ്പറയാൻ പൂജയ്ക്കുമേൽ സമ്മർദ്ദമുണ്ടായിരുന്നു. അതിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. പൂജയ്ക്ക് ഭീഷണിയുള്ളതായി അറിയില്ലെന്നും വീട് പുനർനിർമാണത്തിനുള്ള സഹായം വൈകുന്നതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാമെന്നുമാണ് ബിജെപി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസ് പറയുന്നത്.
എന്തായാലും കലാപം നടന്ന് ഒരുവർഷം പിന്നിടുമ്പോൾ കലാപത്തിനുത്തരവാദികളായ സംഘപരിവാർ സംഘടനകളുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും നേതാക്കളോ പ്രവർത്തകരോ ആയ ഒരാളെപ്പോലും ഒന്ന് ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. കൃത്യമായ തെളിവുകളും ദൃക്സാക്ഷി മൊഴികളും ഉണ്ടായിട്ടാണിതെന്നാലോചിക്കണം. പകരം കലാപത്തിനു പിന്നിൽ മാവോയിസ്റ്റുകളെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ വിമർശകരായ, ആർഎസ്എസിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായ സാമൂഹ്യ പ്രവർത്തകരെ ഈ കേസിൽ അറസ്റ്റു ചെയ്യുകയാണ് പൂണെ പോലീസ് ചെയ്യുന്നത്. ഈ കേസിൽ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സാമൂഹികപ്രവർത്തകർ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, അഭിഭാഷക സുധ ഭരദ്വാജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ബോംബെ ഹൈക്കോടതി ജഡ്ജി സാരംഗ് കോട്‌വാൾ നടത്തിയ പരാമർശങ്ങൾ വലിയ വിവാദവും പരിഹാസ വിഷയവുമായിരുന്നു.
ഇവരെ ഹാജരാക്കുമ്പോൾ എന്തോ ഭയങ്കര തെളിവുകളെന്ന മട്ടിൽ ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത ചില പുസ്തകങ്ങളും മറ്റുമാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. ഇത് പരിശോധിച്ച ജഡ്ജി എന്തിനാണ് മറ്റൊരു രാജ്യത്തെ യുദ്ധത്തെക്കുറിച്ചും മറ്റും പരാമർശിക്കുന്ന വാർ ആന്റ് പീസ് പോലുള്ള പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതെന്നായിരുന്നു വെർണൻ ഗോൺസാൽവസിനോട് ചോദിച്ചത്. ലോകപ്രശസ്തമായ ലിയോ ടോൾസ്റ്റോയിയുടെ വാർ ആന്റ് പീസ് അഥവാ യുദ്ധവും സമാധാനവും എന്ന പുസ്തകത്തെക്കുറിച്ചു പോലും കേൾക്കാത്തവരാണോ ജഡ്ജിയുടെ കസേരയിലിരിക്കുന്നത് എന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
ഇതിന് പിന്നീട് ജഡ്ജിയും പ്രോസിക്യൂഷനുമൊക്കെ വിശദീകരണവുമായി വന്നെങ്കിലും അതൊക്കെ ഇതിനേക്കാൾ രസകരമായിരുന്നു. ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാത നോവലാണ് ‘യുദ്ധവും സമാധാനവും’ എന്ന് തനിക്കറിയാമെന്നും മോശം കൈയക്ഷരത്തിൽ എഴുതിയ കുറ്റപത്രത്തിലെ ആരോപണങ്ങൾ വായിക്കുകമാത്രമാണ് ചെയ്തതെന്നും ജഡ്ജി വിശദീകരിച്ചു. അപ്പോൾ പിന്നെ വെർണൻ ഗോൺസാൽവസിനോട് കോടതി ചോദിച്ച ചോദ്യത്തിന്റെ അർത്ഥമെന്തെന്ന് അദ്ദേഹം പറഞ്ഞില്ല. ചോദ്യമടക്കമാണോ കുറ്റപത്രത്തിൽ എഴുതിയത് എന്ന് സ്വാഭാവികമായും സംശയം തോന്നാം. കോടതിയിൽ പരാമർശിക്കപ്പെട്ട പുസ്തകം ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവുമല്ലെന്നും ബിശ്വജിത് റോയ് എഴുതിയ ‘വാർ ആൻഡ് പീസ് ഇൻ ജംഗൾമഹൽ’ എന്ന കൃതിയാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വിശദീകരണം. ഇതിലേത് കൃതിയായാലും ഇന്ത്യയിൽ നിരോധിച്ചിട്ടില്ലാത്ത ആർക്കും വായിക്കുകയും സൂക്ഷിക്കുകയുമൊക്കെ ചെയ്യാവുന്ന പുസ്തകങ്ങളുടെ പട്ടികയാണ് പോലീസ് കോടതിയിൽ നൽകിയത്. എത്ര ദുർബലമായ വാദങ്ങളുപയോഗിച്ചാണ് ആളുകളെ മാവോയിസ്റ്റും കലാപകാരിയുമൊക്കെയാക്കി മുദ്ര കുത്താൻ ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ.
ഇതിൽ അവസാനത്തേതാണ് ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകനും മലയാളിയുമായ ഹാനിബാബുവിന്റെ നോയ്ഡയിലെ വസതി ഇതേ കേസുമായി ബന്ധപ്പെട്ട് പൂണെ പോലീസ് റെയ്ഡ് ചെയ്ത സംഭവം.
പുലർച്ചെ ആറരയ്ക്ക് തുടങ്ങിയ പരിശോധന ആറ് മണിക്കൂർ നീണ്ടു നിന്നു. മൂന്ന് പുസ്തകങ്ങളും ലാപ് ടോപ്പും ഫോണും ഹാർഡ് ഡിസ്‌ക്കും പെൻ ഡ്രൈവുകളും ബലമായി പിടിച്ചെടുത്തുവെന്ന് ഹാനിബാബുവിന്റെ ഭാര്യയും അധ്യാപികയുമായ ജെനി റൊവാന ഫേസ്ബുക്കിൽ കുറിച്ചു. കേസിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ പോലീസ് അത് വീട്ടുകാരെ കാണിക്കാൻ തയ്യാറായില്ല. അറസ്റ്റു ചെയ്തില്ലെങ്കിലും ഇത് അതുപോലെത്തന്നെയുള്ള നടപടിയാണെന്ന് ഹാനിബാബു പറഞ്ഞു. തന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പും സ്റ്റോറേജ് ഡിവൈസുകളും ഇനി അതുപോലെ തിരിച്ചു കിട്ടുമോ എന്ന ഉറപ്പില്ലെന്ന് ഹാനിബാബു പറയുന്നു.
കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാവുകയാണ്. ഞങ്ങളെ എതിർക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ ഏതെങ്കിലുമൊക്കെ കേസിൽ ഒരു തെളിവുമില്ലെങ്കിൽ പോലും മാവോയിസ്റ്റാക്കി നിങ്ങളെ കുടുക്കുമെന്നാണ് ഫാസിസ്റ്റ് ഭരണകൂടം പറയുന്നത്. ഇന്നത്തെ പേരുകൾ വെർണൻ ഗോൺസാൽവസ്, ഹാനിബാബു എന്നൊക്കെയായിരിക്കാം. ഈ കാടത്തത്തിനെതിരെ പ്രതികരിക്കാനും ചെറുക്കാനും കഴിഞ്ഞില്ലെങ്കിൽ നാളെ ഇതേ സ്ഥാനത്ത് പേരുകൾ മാറി മാറി വരും.
Discussion about this post