ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതുമൊക്കെ രാജ്യത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിനിടയിൽ കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോകുന്ന, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന, ജനാധിപത്യ സംവധാനത്തെ തന്നെ നോക്കുകുത്തിയാക്കി മാറ്റാൻ കഴിയുന്ന പ്രശ്നവുമാണ്. ഒരു വലിയ പ്രശ്നമുണ്ടാക്കിയാൽ അതിനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ നിറയുമ്പോൾ താരതമ്യേന ചെറിയ പ്രശ്നങ്ങളെന്ന് കരുതുന്നവ അതിന്റെ ബഹളത്തിൽ ശ്രദ്ധിക്കപ്പെടാതെ മുങ്ങിപ്പോവും. ആ പ്രശ്നത്തിലെ പ്രതികൾക്ക് അത് വലിയ രക്ഷയുമാവും. ജമ്മു കാശ്മീർ നമ്മുടെ സമൂഹത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് അതിനൊക്കെയാണു താനും.
ജമ്മു കാശ്മീർ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബിൽ ജൂലൈ ഒന്നിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. അന്ന് അമിത്ഷാ രാജ്യസഭയിൽ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ആറ് മാസത്തിനകം ജമ്മു കാശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും. അതിനുള്ള സമാധാന പൂർണമായ അന്തരീക്ഷമുണ്ടാക്കാനാണ് രാഷ്ട്രപതി ഭരണം നീട്ടുന്നത്. കൃത്യം ഒരുമാസവും അഞ്ചു ദിവസവും പിന്നിട്ടപ്പോൾ ആഗസ്റ്റ് 5 ന് അതേ അമിത് ഷായാണ് അതേ കാശ്മീരിനെ സംബന്ധിച്ച് മറ്റൊരു പ്രമേയവും രണ്ടു ബില്ലുകളും അതേ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തത്. പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയവും പുനഃസംഘടന സംബന്ധിച്ച രണ്ടു ബില്ലുകളും.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള തീരുമാനവും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനവുമൊന്നും കേന്ദ്ര സർക്കാർ ഒരു രാത്രി കൊണ്ട് എടുത്തതല്ല എന്ന് വ്യക്തമാണ്. അത് നടപ്പാക്കുന്നത് സംബന്ധിച്ച് ആഴ്ചകളും മാസങ്ങളുമൊക്കെ നീണ്ട ആലോചനകൾ നടന്നിട്ടുണ്ടാവും. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുമെന്നത് തെരഞ്ഞെടുപ്പിന് മുൻപ് തയ്യാറാക്കിയ ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. അതായത് അത് ഭരണകക്ഷിയുടെ പരിഗണനയിൽ നേരത്തെ ഉണ്ടായിരുന്ന കാര്യമാണ്. അതിനുള്ള പ്രധാന പ്രതിബന്ധം പ്രത്യേക പദവി എടുത്തു കളയുന്നതു സംബന്ധിച്ച് ഭരണഘടനയിലുള്ള ഒരു നിബന്ധന ആയിരുന്നു. കാശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ അനുസരിച്ച് രാഷ്ട്രപതിക്ക് പ്രത്യേക പദവി എടുത്തു കളയാം എന്നാണ് ആ നിബന്ധന.
എന്നു പറഞ്ഞാൽ കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്ന് നിയമസഭ നിലവിൽ വന്നാൽ ഇത് നടപ്പാക്കാൻ ബിജെപിയ്ക്ക് കഴിയില്ല. നിലവിൽ അവിടെ രാഷ്ട്രപതിയുടെ പ്രതിനിധിയായി ഭരിക്കുന്ന ഗവർണറുടെ ശുപാർശയനുസരിച്ചാണ് രാഷ്ട്രപതി കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. നിലവിൽ നിയമസഭയുടെ അധികാരങ്ങൾ കയ്യാളുന്നതും ചുമതല വഹിക്കുന്നതുമെല്ലാം ഗവർണറായതു കൊണ്ട് ഗവർണർക്ക് ഇത് ശുപാർശ ചെയ്യാമെന്നാണ് സർക്കാരിന്റെ നിലപാട്. അതിന് കഴിയുമോ ഇല്ലേ എന്നുള്ള ചർച്ച നിയമവൃത്തങ്ങളിൽ നടക്കുന്നു. ഇവിടത്തെ വിഷയം അതല്ല. നിയമസഭ നിലവിൽ വരാത്ത സാഹചര്യം സൃഷ്ടിച്ച് ഗവർണറെക്കൊണ്ട് ഇക്കാര്യം ശുപാർശ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രപതി ഭരണം നീട്ടാൻ സർക്കാർ തീരുമാനിച്ചത് എന്നാണിപ്പോൾ വ്യക്തമായിരിക്കുന്നത്.
ആ രാഷ്ട്രപതി ഭരണം നീട്ടൽ വളരെ ആസൂത്രിതമായിരുന്നു. ആറുമാസത്തിനകം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന അമിത്ഷായുടെ പ്രസ്താവന കരുതിക്കൂട്ടിയുള്ള നുണയായിരുന്നു എന്നാണ് അതിനർത്ഥം. ആ നുണ പറഞ്ഞത് ഏതെങ്കിലും ബിജെപി യോഗത്തിലല്ല. ഇന്ത്യയുടെ പാർലമെന്റിലാണ്. പാർലമെന്റെന്നാൽ ഇന്ത്യൻ ജനതയുടെ തന്നെ പ്രതിരൂപമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനിൽപിൽ നിർണായക ഘടകമാണ്. ആ പാർലമെന്റിനോട് നുണ പറയുകയെന്നാൽ ഇന്ത്യൻ ജനതയോട് നുണ പറയലാണ്. ഇന്ത്യൻ ജനാധിപത്യത്തോട് നുണ പറഞ്ഞ് വഞ്ചിക്കലാണ്. അതാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചെയ്തിരിക്കുന്നത്. അറിയാതെയല്ല, കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ടുള്ള നുണ പറയൽ.
അത് കഴിഞ്ഞ് അഞ്ചാം തീയതി രാജ്യസഭയിൽ ബിൽ അവതരിപ്പിച്ച അമിത് ഷാ നടത്തിയ പ്രസംഗത്തിൽ, പ്രതിപക്ഷത്തിന് നൽകിയ മറുപടികളിൽ ഒക്കെ ആവർത്തിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങളുണ്ട്. കാശ്മീരിൽ നിന്ന് നേരത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് വിവാഹം കഴിക്കാനാവില്ല, അവിടെ സ്ഥലം വാങ്ങാനാവില്ല. ഇതൊക്കെ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനും എവിടെ നിന്നും വിവാഹം കഴിക്കാനും എവിടെയും സ്വത്തു വാങ്ങാനുമുള്ള ഇന്ത്യൻ പൗരന്റെ അവകാശങ്ങൾക്ക് തടസമാണ്. അതുകൊണ്ട് അതെല്ലാം മാറ്റുകയാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത. കേൾക്കുമ്പോൾ എന്തു സുഖമാണ്. കാശ്മീരി സുന്ദരികളെ ഇനി ബിജെപി പ്രവർത്തകർക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മുസ്ലീം പെൺകുട്ടികളുടെ ഫോട്ടോകളുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത് എത്ര വലിയ രാഷ്ട്രീയ അശ്ലീലങ്ങളാണ് തങ്ങളെന്ന് സംഘപരിവാർ നേതാക്കളും പ്രവർത്തകരുമൊക്കെ ഒരു തവണ കൂടി തെളിയിക്കുകയും ചെയ്തു.
പക്ഷേ എന്താണ് യാഥാർത്ഥ്യം. കാശ്മീരിൽ നിന്ന് വിവാഹം കഴിക്കുന്നതിന് നേരത്തെയും തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. കാശ്മീരിൽ നിന്ന് വിവാഹം കഴിച്ച അന്യസംസ്ഥാനക്കാരായ (മലയാളികൾ ഉൾപ്പെടെ) നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും ഉള്ള ഒരാളന്ന നിലയ്ക്ക് അക്കാര്യം ഉറപ്പിച്ച് പറയാനാവും. പിന്നെ സ്ഥലം വാങ്ങലും വിൽക്കലും. ഈ പറഞ്ഞത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിലും മേഘാലയയിലും അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമൊക്കെ പറ്റുമോ. അതിർത്തി പ്രദേശങ്ങളിൽ എത്രയിടത്ത് പറ്റും. പോട്ടെ, കേരളത്തിലുള്ള മലയാളികൾക്ക് മലയാളം തന്നെ സംസാരിക്കുന്ന ലക്ഷദ്വീപിൽ ചെയ്യാൻ പറ്റുമോ. അനുമതിയില്ലാതെ അങ്ങോട്ട് പോകാനെങ്കിലും പറ്റുമോ. കഴിയില്ല എന്നാണുത്തരം. അപ്പോൾ എവിടെയാണ് സഞ്ചാര സ്വാതന്ത്ര്യവും സ്ഥലം വാങ്ങലും ഒരേയൊരിന്ത്യ ഒരൊറ്റ ജനതയുമൊക്കെ.
അങ്ങനെ, ചില പ്രദേശങ്ങളുടെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് പല പ്രദേശങ്ങളിലും വ്യത്യസ്തമായ സമീപനങ്ങൾ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്. ആ വൈവിധ്യങ്ങളും വ്യത്യാസങ്ങളുമൊക്കെ പരസ്പര ബഹുമാനത്തോടെ അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ലോകത്തിലെ മഹത്തായ റിപ്പബ്ലിക്കിന്റെ പേരാണ് ഇന്ത്യ എന്നത്. അതെല്ലാം മറച്ചു വെച്ച് രാജ്യസഭയിൽ വീണ്ടും നുണ പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് ഇന്ത്യയിലെ ജനങ്ങളെയും ജനാധിപത്യത്തെയും വഞ്ചിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ചെയ്തത്.
ഇതെല്ലാം കഴിഞ്ഞ് ലോക്സഭയിൽ ഈ ബില്ലുകൾ ചർച്ച ചെയ്യുമ്പോൾ എൻസിപിയുടെ സുപ്രിയാ സുലെ ഒരു കാര്യം പറഞ്ഞു. എന്റെ തൊട്ടടുത്ത സീറ്റിലുള്ള ഫാറൂഖ് അബ്ദുള്ള ഇന്ന് സഭയിലെത്തിയിട്ടില്ല. കാശ്മീരിനെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം സഭ ചർച്ച ചെയ്യുമ്പോൾ അവിടെ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവിനെ സഭയിലെത്താനാവാതെ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിന് അമിത് ഷാ നൽകിയ മറുപടി ഫാറൂഖ് അബ്ദുള്ള സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ വീട്ടീൽ കഴിയുകയാണ്, അദ്ദേഹത്തെ ആരും തടഞ്ഞു വെച്ചിട്ടില്ലെന്നാണ്. അൽപ സമയത്തിനകം തന്നെ ഫാറൂഖ് അബ്ദുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയ ടെലിവിഷൻ ക്യാമറകൾക്കു മുൻപിൽ വന്ന് ആഭ്യന്തര മന്ത്രി സഭയിൽ കള്ളം പറഞ്ഞതാണെന്ന് പ്രഖ്യാപിച്ചു. തന്റെ വസതി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
എന്റെ ജനങ്ങൾ ശിക്ഷിക്കപ്പെടുകയും സംസ്ഥാനം വെട്ടിമുറിയ്ക്കപ്പെടുകയും ചെയ്യുമ്പോൾ ഞാൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലിരിക്കുമോ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. അതിനർത്ഥം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി കാശ്മീർ നേതാക്കളുടെ വീട്ടു തടങ്കലിനെക്കുറിച്ചും നുണ പറഞ്ഞു എന്നതാണ്. അതും ലോക്സഭയിൽ. അങ്ങനെ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ത്യയുടെ ആഭ്യന്തര മന്ത്രി മാറി മാറി നുണ പറഞ്ഞിരിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.
ജനാധിപത്യത്തിൽ പാർലമെന്റിനുള്ളത് പരമപ്രധാനമായ സ്ഥാനമാണ്. പാർലമെന്റ് സുപ്രീമസി എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതാണ്. ജനതയുടെ പ്രതിരൂപമായ പാർലമെന്റിനോട് നുണപറയുകയെന്നത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറ്റമാണ്. ജനാധിപത്യ ഭരണകൂടത്തിലെ ഭരണാധികാരികൾ അങ്ങനെ ചെയ്താൽ അവർ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ല. അങ്ങനെ ആരെങ്കിലും നുണ പറയുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ അത് ഏറ്റവും വലിയ പ്രശ്നമായി സ്വാഭാവികമായി രാജ്യത്ത് ഉയർന്നു വരും. പക്ഷേ ഇവിടെ എത്ര തവണയാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി പാർലമെന്റിനോട് അറിഞ്ഞു കൊണ്ട് നുണ പറഞ്ഞത്. ഒരു അവകാശ ലംഘന നോട്ടീസ് പോലുമുണ്ടായില്ല. ഫാസിസ്റ്റ് ഭരണ കാലത്ത് അതുണ്ടായിട്ടും കാര്യമില്ല എന്നത് വേറെ കാര്യം. പക്ഷേ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ പാർലമെന്റിനോട് ഏത് കാര്യത്തിലും എത്ര തവണ വേണമെങ്കിലും നുണ പറയാം എന്ന സാഹചര്യം ഉണ്ടാക്കിയെടുത്തിരിക്കുന്നു ബിജെപി. ഇനി അത് തുടർക്കഥയായി മാറുകയും ചെയ്യും. അതുകൊണ്ട് കാശ്മീർ ബില്ലുകളും ആർട്ടിക്കിൾ 370 പിൻവലിക്കലും കാശ്മീരിനെ മാത്രം ബാധിക്കുന്ന സംഭവങ്ങളല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെയും പാർലമെന്റ് സുപ്രീമസിയുടെയും ചരമഗീതങ്ങൾ കൂടിയാണ്.
Discussion about this post