സാധാരണ ഒരു രോഗിയെപോലെ ആശുപത്രിയില്‍ പാര്‍പ്പിച്ചപ്പോള്‍ സൗമ്യ അറിഞ്ഞിരുന്നില്ല അത് തന്നെ കുടുക്കാന്‍ പോലീസ് നടത്തിയ നാടകമായിരുന്നുവെന്ന്: പിണറായിയിലെ കൂട്ടക്കൊലപാതക കേസില്‍ പ്രതിയെ പിടികൂടാന്‍ പോലീസ് വലവിരിച്ചത് ഇങ്ങനെ

pinarayi muder case,soumya,police

തലശ്ശേരി: പിണറായിലെ കൂട്ടക്കൊലപാതക കേസില്‍ പ്രതിയായ സൗമ്യയെ കുടുക്കിയത് കൃത്യതയാര്‍ന്ന പോലീസ് നീക്കം. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന സംഭവമെന്ന നിലയില്‍ പോലീസ് അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടു ദുരൂഹ മരണത്തിന്റെ കാരണം കണ്ടെത്താനും ആവശ്യപ്പെട്ടു. പടന്നക്കര വണ്ണത്താം വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മരണത്തോടെയാണു ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സിഐ കെഇ പ്രേമചന്ദ്രന്‍ അന്വേഷണം ഏറ്റെടുത്തത്.

യുവതിക്ക് കാര്യമായ അസുഖമില്ലെന്ന് തിരിച്ചറിഞ്ഞ പോലീസ് അവരെ തന്ത്രപൂര്‍വം ആശുപത്രി ഐസിയുവിലേക്ക് മാറ്റുകയും, പുറത്ത് തെളിവെടുപ്പിനായി വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. യുവതിയുമായി അടുപ്പമുള്ള യുവാക്കളെ വിളിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തി. മാതാപിതാക്കളുടെ പോസ്റ്റമോര്‍ട്ടം പരിശോധിച്ച പോലീസിന് ഉറപ്പിച്ചു, ഇത് കൊലപാതകമാണ്.

എന്നാല്‍ മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇനിയും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം അവശേഷിക്കുന്നുവെന്ന് പറഞ്ഞ് തന്ത്രപൂര്‍വം സിഐ കെഇ പ്രേമചന്ദ്രന്‍ വിവരങ്ങള്‍ പുറത്ത് പോകാതെ ശ്രദ്ധിച്ചു. പ്രതി സൗമ്യയെ തലശ്ശേരി റസ്റ്റ് ഹൗസില്‍ എത്തിച്ചു രാവിലെ മുതല്‍ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.


ഉച്ചയോടെ എഎസ്പി ചൈത്ര തെരേസ ജോണും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമനും സംഘവും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനും എത്തി. പിന്നീട് ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങള്‍ക്കു മുന്‍പില്‍ പകച്ചുപോയ സൗമ്യ കാര്യങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. ഈ സമയമത്രയും മാധ്യമപ്രവര്‍ത്തകര്‍ റസ്റ്റ് ഹൗസിനു പുറത്തു തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ രാത്രി 9.20ന് എഎസ്പി ചൈത്ര തെരേസ ജോണ്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വന്ന് അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. കൃത്യം 9.50നു ധര്‍മടം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാര്‍ക്കൊപ്പം സൗമ്യ റസ്റ്റ് ഹൗസിനു പുറത്തേക്ക്, തോര്‍ത്തുകൊണ്ടു മുഖം മറച്ചു കരഞ്ഞുകൊണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ പൊലീസ് വാഹനത്തിലേക്ക്. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയും നടത്തി.


പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ പ്രതി സൗമ്യ(29)യെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്ന് ഒന്‍പതരയോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ധര്‍മടം പൊലീസ് സ്റ്റേഷനിലെ മഫ്തിയിലെത്തിയ വനിതാ പൊലീസുകാരിക്കും സൗമ്യയുടെ സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം സാധാരണ രോഗിയെപ്പോലെ ആശുപത്രിക്കു പുറത്ത് എത്തിച്ച പ്രതിയെ ഓട്ടോറിക്ഷയില്‍ കയറ്റിയാണ് പൊലീസ് ആശുപത്രിയില്‍ നിന്നു കൊണ്ടുപോയത്. പിന്നീടു വഴിയില്‍ മറ്റൊരു വാഹനത്തില്‍ മാറ്റിക്കയറ്റി നേരെ തലശ്ശേരി റസ്റ്റ് ഹൗസില്‍ എത്തിച്ചു. എന്നാല്‍ പൊലീസ് ആദ്യം പറഞ്ഞത് ധര്‍മടം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുന്നുവെന്നായിരുന്നു.


ഈ സമയമത്രയും സൗമ്യക്ക് താന്‍ പൊലീസ് വലയില്‍ അകപ്പെട്ടതായി അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം ഭേദമായ തന്നെ എന്തിന് ആശുപത്രിയില്‍ കിടത്തുന്നുവെന്നു പറഞ്ഞു ചുമരില്‍ തലയിടിച്ചും മറ്റും യുവതി പ്രതിഷേധിച്ചിരുന്നു. യുവതിയെ ചോദ്യം ചെയ്യുന്ന റസ്റ്റ് ഹൗസില്‍ സഹോദരിയും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു.
രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിവരെ നീണ്ടു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം സഹോദരിയെയും ബന്ധുക്കളെയും പറഞ്ഞയച്ചു. സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ടാണ് റസ്റ്റ് ഹൗസിന്റെ പടിയിറങ്ങിയത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)