ഓണത്തിന് കേരളം ഭക്ഷിച്ചത് മാരകവിഷങ്ങളോ? സപ്ലൈകോ വിറ്റഴിച്ച ധാന്യങ്ങളില്‍ ചേര്‍ത്തത് വന്‍തോതില്‍ രാസവസ്തുക്കള്‍; കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്ക് സാധ്യത

Supplyco,Kerala,Onam Food

തിരുവനന്തപുരം: ഓണത്തിന് സപ്ലൈകോ വിറ്റഴിച്ച ധാന്യങ്ങളില്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിരുന്നതായി കണ്ടെത്തല്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സപ്ലൈകോ ഓണചന്തയില്‍ വിറ്റഴിച്ച ധാന്യങ്ങളില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായാണ് ഭക്ഷ്യ സുരക്ഷവകുപ്പിന്റെ കണ്ടെത്തല്‍.
മല്ലി, തുവര പരിപ്പ് തുടങ്ങിയവയിലാണ് കാന്‍സറിന് തന്നെ കാരണമായ റോഡമിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്തതായി തെളിഞ്ഞത്. ഇവ വിതരണം ചെയ്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷകമ്മീഷണര്‍ സപ്ലൈകോയ്ക്ക് കത്തയച്ചു.


സപ്ലൈകോയിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം സാംപിളുകളെടുത്ത് പരിശോധനയ്ക്ക് അയച്ചത്.

തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച തുവരപരിപ്പില്‍ കണ്ടെത്തിയത് കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ബി എന്ന രാസവസ്തുവായിരുന്നു. ഗുണനിലവാരമില്ലാത്ത തുവരപരിപ്പിന്റ നിറം കൂട്ടാനായാണ് നിരോധിച്ച റോഡമിന്‍ ചേര്‍ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തന്നെ ശേഖരിച്ച മല്ലിയിലും ആരോഗ്യത്തിന് ഹാനികരമായ സള്‍ഫയര്‍ ഡയോക്സൈഡിന്റ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കോട്ടയം ജില്ലയിലെ ഒരു ഓണചന്തയില്‍ നിന്ന് ഭക്ഷ്യസുരക്ഷവിഭാഗം ശേഖരിച്ച മല്ലിയുടെ ഗുണനിലവാര പരിശോധന ഫലവും ഞെട്ടിക്കുന്നതായിരുന്നു. 600 ഗ്രാം മല്ലിയില്‍ മാത്രം തിളക്കം കൂട്ടാനായി ചേര്‍ത്തിരിക്കുന്നത് 732.37 മില്ലിഗ്രാം സള്‍ഫര്‍ ഡയോക്സൈഡ് ആണ്. പത്തനംതിട്ടയില്‍ നിന്ന് ശേഖരിച്ച മല്ലിയില്‍ 511.61 ഉം കൊല്ലത്ത് നിന്ന് ശേഖരിച്ചതില്‍ 166.09 മില്ലിഗ്രാമും സള്‍ഫര്‍ ഡയോക്സൈഡ് കണ്ടെത്തിയിട്ടുണ്ട്.

മായം കലര്‍ത്തിയതായി കണ്ടെത്തിയ മുഴുവന്‍ സാധനങ്ങളും തിരിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷവിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ വിതരണം ചെയ്തവരെ കരിമ്പട്ടിയില്‍പെടുത്തണമെന്നും കമ്പനികളുടെ വിവരങ്ങള്‍ എത്രയും വേഗം കൈമാറണമെന്നും ഭക്ഷ്യസുരക്ഷവിഭാഗം സപ്ലൈകോ എംഡിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)