മുടിയില്ലെങ്കില്‍ പിന്നെന്തിനു ഹെയര്‍ ഓയില്‍

mohanlal, sankar, movie
- ഫേവര്‍ ഫ്രാന്‍സിസ് അടുത്ത കുറച്ചു ദിവസങ്ങളായി എം ഫില്‍ ചെയ്തു കൊണ്ടിരിക്കുന്ന എന്റെ ഒരു വിദ്യാര്‍ത്ഥിനിയുടെ പ്രൊജക്റ്റ് വായിച്ചു നോക്കുകയായിരുന്നു. ഇന്ത്യന്‍ പരസ്യ വിപണിയിലെ നൂതന പ്രവണതകളെക്കുറിച്ചാണ് ആ പഠനം. ഇന്റര്‍നെറ്റിന്റെ ആഗമനത്തിനു ശേഷം പരസ്യരീതികളില്‍ വന്ന മാറ്റവും ആനിമേഷനും ഗ്രാഫിക്‌സും ഉപയോഗിച്ചുള്ള പ്രചരണ സാധ്യതകളുമെല്ലാം ആ പഠനത്തിന്റെ പരിധിയില്‍ വരുന്നു. അതെ പഠനത്തിന്റെ മറ്റൊരു പ്രധാന മേഖല സ്ഥിരം പരസ്യരീതികളില്‍ നിന്ന് വ്യതിചലിച്ചു സഞ്ചരിക്കുന്ന പരസ്യങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ്. അതിനു ഉദാഹരണങ്ങള്‍ ആയി നിരത്തിയിരിക്കുന്ന പരസ്യങ്ങളുടെ പട്ടികയിലെ ഒരു പ്രത്യേക പരസ്യമാണ് ഇത്തവണ പരസ്യവിചാരണയുടെ വിഷയം തെരഞ്ഞെടുക്കാനുള്ള തുടക്കം തന്നത്. ഏതൊരു പരസ്യവും അതിന്റെ ആശയം തേടുന്നത് ആ ഉത്പന്നം അല്ലെങ്കില്‍ സേവനം ആര്‍ക്കെല്ലാം എപ്പോള്‍ എത്ര അളവില്‍ ആവശ്യം വരും എന്ന് നോക്കിയാണ്. ഒരു ആവശ്യവും ഇല്ലാത്ത ഉത്പന്നം പോലും അത്യാവശ്യം വേണ്ട ഒന്നാണ് എന്ന് തോന്നിപ്പിക്കല്‍ ആണ് പരസ്യങ്ങളുടെ പിന്നിലെ രഹസ്യം. കഷണ്ടിക്കാരനോട് മുടി കിളിര്‍ക്കാന്‍ ഈ എണ്ണ ഉപയോഗിക്കൂ എന്ന് പറയുന്ന അതെ നാവു കൊണ്ട് തന്നെ പനങ്കുല പോലെ മുടിയുള്ളവളോട് മുടിയുടെ ബലം കൂട്ടാന്‍ ഇതേ എണ്ണ ഉപയോഗിക്കൂ എന്ന് പറയുന്നതും പരസ്യം തന്നെ. ഇല്ലാത്തവര്‍ക്ക് ഉണ്ടാകുവാനും ഉള്ളവര്‍ക്ക് ഉള്ളത് വര്‍ദ്ധിപ്പിക്കാനും എപ്പോഴും പരസ്യങ്ങള്‍ നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ ഉത്പന്നത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ പോലും സന്ദേശങ്ങള്‍ നല്‍കി തങ്ങളുടെ ഉപഭോക്താക്കളുടെ മനം കവരാന്‍ ചില പരസ്യങ്ങള്‍ക്ക് കഴിയുന്നു. അത്തരം ഒന്നാണ് ഡാബര്‍ വാടിക ഈയിടെ പുറത്തിറക്കിയ ബ്രേവ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പരസ്യചിത്രം. ഡാബര്‍ വാടിക ഇന്ത്യന്‍ വിപണിയില്‍ തരക്കേടില്ലാതെ വിറ്റു പോകുന്ന ഒരു ഹെയര്‍ ഓയില്‍ ബ്രാന്‍ഡ് ആണ്. ഡാബര്‍ എന്ന പേരിലെ ആയുര്‍വേദ പരിവേഷം വാടികയെ മറ്റുള്ള ഹെയര്‍ ഓയില്‍ ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. പക്ഷെ മറ്റേതിനെയും പോലെ മുടിയുടെ നീളവും ഉള്ളും ബലവും ഒക്കെ കൂട്ടാന്‍ തന്നെയാണ് തങ്ങളുടെ വാടിക ഹെയര്‍ ഓയിലും ഉപഭോക്താക്കളെ സഹായിക്കുന്നതെന്ന് ഡാബര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ബ്രേവ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന കാമ്പൈനിലൂടെ ഹെയര്‍ ഓയില്‍ പരസ്യങ്ങളുടെ പരമ്പരാഗത രീതികളെ പൊളിച്ചടുക്കുന്നു ഡാബര്‍. കാന്‍സര്‍ രോഗത്തോടു പൊരുതി വിജയം നേടുന്ന സ്ത്രീകളെ ആദരിക്കാനാണ് ഡാബര്‍ മൂന്നു മിനിട്ടിന് മേലെ ദൈര്‍ഘ്യം ഉള്ള ഈ പരസ്യം നിര്‍മ്മിച്ചത്. നീണ്ട കാലത്തെ കാന്‍സര്‍ ചികിത്സക്ക് ശേഷം രോഗവിമുക്തയായി വീണ്ടും ജോലിക്ക് പോകാന്‍ ഒരുങ്ങുന്ന ഒരു യുവതിയുടെ ജീവിതമാണ് ഈ പരസ്യത്തിന്റെ പ്രമേയം. താനും ഭര്‍ത്താവുമൊത്തുള്ള ഒരു ഫോട്ടോ നോക്കിയിരിക്കുന്ന യുവതിയിലാണ് പരസ്യ ചിത്രം ആരംഭിക്കുന്നത്. അലാറം കേട്ട് ചിന്തകളില്‍ നിന്നും ഉണരുന്ന അവളുടെ മുഖം ഫോട്ടോയില്‍ കണ്ടത് പോലെയല്ല ഇപ്പോള്‍. തലയില്‍ ഒരൊറ്റ മുടി പോലുമില്ല ഇപ്പോളവള്‍ക്ക്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായ കീമോത്തെറാപ്പി അവളുടെ മനോഹരമായ മുടിയിഴകളെ പൂര്‍ണമായും കവര്‍ന്നെടുത്തിരിക്കുന്നു. അലാറം അവളെ പെട്ടെന്ന് തന്നെ ഉത്തരവാദിത്തമുള്ള ഒരു അമ്മയും ഭാര്യയുമൊക്കെയായി മാറ്റുന്നു. മകളുടെ മുറിയില്‍ ചെന്ന് അവളെ വിളിച്ചുണര്‍ത്തുന്നു. മകള്‍ക്കായുള്ള ഭക്ഷണം പാചകം ചെയ്യുന്നു. പാചകം ചെയ്യുന്നതിനിടയില്‍ ഏതോ ഒരു ഓര്‍മയില്‍ അവള്‍ തന്റെ മുടി കെട്ടി വെക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആണ് തനിക്കു മുടിയില്ല എന്ന സത്യം അവള്‍ ഓര്‍മിക്കുന്നത്. ഭക്ഷണം കൊടുത്തു മകളെ സ്‌കൂളില്‍ പറഞ്ഞയച്ചതിനു ശേഷം ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയാണ് ആ യുവതി. കുളിച്ചു വന്നതിനു ശേഷം ഏതു വസ്ത്രമാണ് ധരിക്കേണ്ടത് എന്ന കണ്‍ഫ്യൂഷനും ഉണ്ട്. ആദ്യം അവള്‍ ധരിക്കാന്‍ തെരഞ്ഞെടുക്കുന്നത് ഒരു മോഡേണ്‍ വസ്ത്രമാണ്. അതിനു ചേര്‍ന്ന ഒരു ഷാള്‍ എടുത്തു തന്റെ തല മറക്കാന്‍ ചുറ്റി കെട്ടുന്നു. പക്ഷെ എന്തോ അവള്‍ക്കത് ഇഷ്ടപ്പെടുന്നില്ല. ആ വസ്ത്രം മാറ്റി അവള്‍ നല്ലൊരു സാരി ധരിക്കുന്നു. ഒരു പൊട്ടു നെറ്റിയില്‍ കുത്താന്‍ ആയി കയ്യിലെടുക്കുന്നു. എന്നാല്‍ തലയില്‍ ഒറ്റ മുടി പോലുമില്ലാത്ത തന്റെ രൂപം കണ്ണാടിയില്‍ നോക്കി അവള്‍ പൊട്ടു കുത്താണോ എന്ന് ശങ്കിച്ച് നില്‍ക്കുന്നു. പുറകില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് ആ പൊട്ടു വാങ്ങി അവളുടെ കണ്ണിന്റെ ഒരു വശത്തായി കുത്തിക്കൊടുക്കുന്നു. കൊച്ചു കുട്ടികളെ കണ്ണുപറ്റാതിരിക്കാന്‍ കുത്തികൊടുക്കുന്ന പൊട്ടു പോലെ. അവര്‍ ഒന്നിച്ചു കാറില്‍ യാത്രയാകുന്നു. ഓഫീസില്‍ എത്തുമ്പോള്‍ ഇറങ്ങാന്‍ അവള്‍ മടിക്കുന്നു. ഈ രൂപവുമായി എങ്ങിനെ തന്റെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ നില്‍ക്കും എന്ന് ഒരു നിമിഷം അവള്‍ ശങ്കിക്കുന്നു. എന്നാല്‍ അവള്‍ക്കു പൂര്‍ണ പിന്തുണ നല്‍കി അവളെ യാത്രയാക്കുകയാണ് ഭര്‍ത്താവ് അപ്പോള്‍ ചെയ്യുന്നത്. ഓഫീസില്‍ പ്രവേശിക്കുന്ന അവളുടെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. നീണ്ട ചികിത്സാകാലത്തിനു ശേഷം ഓഫീസില്‍ തിരിച്ചെത്തുന്നത്തിന്റെ സന്തോഷം ഒരു വശത്ത്. രോഗം അവശമാക്കിയ തന്റെ രൂപം നല്‍കുന്ന ആകുലതകള്‍ മറുവശത്ത്. പക്ഷെ അവളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അവളുടെ സഹപ്രവര്‍ത്തകര്‍ അവളെ പൊതിയുന്നു. സന്തോഷം പങ്കു വെക്കുന്നു. അവളുടെ രൂപത്തിനെ അവര്‍ ഗൗനിക്കുന്ന പോലുമില്ല. കണ്ണിന്റെ വശത്ത് കുത്തിയിരിക്കുന്ന പൊട്ട് കണ്ണില്‍ പെടുന്ന ഒരു സഹപ്രവര്‍ത്തക തന്റെ പൊട്ടു പറിച്ചെടുത്ത് അവളുടെ പൊട്ടിന്റെ അരികിലായി കുത്തിക്കൊടുക്കുന്നു. മറ്റൊരുവള്‍ അവളുടെ കണ്മഷി തുടച്ചെടുത്തു നായികയുടെ പൊട്ടിനടുത്തു കറുത്ത വട്ടം ഉണ്ടാക്കുന്നു. അവരെല്ലാവരും ഈ യുവതിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും കാന്‍സറുമായി പൊരുതി വിജയിച്ചു ജോലിചെയ്യാന്‍ തിരികെയെത്തുന്ന അവളെ അവര്‍ എത്രമാത്രം ബഹുമാനിക്കുന്നുണ്ട് എന്നും നമുക്ക് അവരുടെ പ്രവര്‍ത്തികളില്‍ നിന്നും മനസ്സിലാക്കുന്നു. അവളുടെ ആത്മവിശ്വാസം തുളുമ്പുന്ന മുഖത്തിന്റെ ക്ലോസ് അപ്പില്‍ അവസാനിക്കുന്ന പരസ്യം ഇങ്ങനെ എഴുതി കാണിക്കുന്നു. Some people don't need hair to look Beautiful (ചിലര്‍ക്ക് സുന്ദരിയായിരിക്കാന്‍ മുടി വേണമെന്നില്ല.) മുടിയില്ലെങ്കില്‍ പിന്നെന്തിനു ഹെയര്‍ ഓയില്‍? തങ്ങളുടെ ഉത്പന്നത്തിന്റെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്യുകയാണ് ഒരു തരത്തില്‍ നോക്കിയാല്‍ പരസ്യത്തിലൂടെ ഡാബര്‍. എന്നാല്‍ തങ്ങളുടെ ഹെയര്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് ചെയ്യുന്ന സകല ഗുണഗണങ്ങളും വര്‍ണിച്ചു വിസ്തരിക്കുന്ന പരസ്യങ്ങളെക്കാള്‍ ഡാബര്‍ വാടിക പ്രസിദ്ധമായത് ഒരു വട്ടം കണ്ടാല്‍ മനസ്സില്‍ നിന്നും കുടിയിറങ്ങാത്ത ഈ മനോഹര പരസ്യചിത്രത്തിലൂടെ. പ്രസിദ്ധി മാത്രമല്ല ഒട്ടേറെ അവാര്‍ഡുകളും ഈ പരസ്യത്തിലൂടെ ഡാബര്‍ നേടിയെടുത്തു. 2015ലെ ഗോവാഫെസ്റ്റില്‍ ഏഴു പ്രധാന അവാര്‍ഡുകള്‍ ആണ് ഡാബറിന്റെ ബ്രേവ് ആന്‍ഡ് ബ്യൂട്ടിഫുള്‍ പരസ്യ കാമ്പൈന്‍ നേടിയത്. ഡാബറിന്റെ ഈ പരസ്യചിത്രം നേടിയ പെരുമ മറ്റു പല പ്രശസ്ത ഹെയര്‍ ഓയില്‍ ബ്രാന്‍ഡുകളെയും ഇതേ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് മറ്റൊരു വസ്തുത. ഈ ഹോളിക്ക് പാരചൂട്ട് ഹെയര്‍ ഓയില്‍ പുറത്തിറക്കിയ ഖുല്‍ക്കെ ഖേലോ ഹോളി (#KhulkeKheloHoli) എന്ന പേരില്‍ ഒരു വൃദ്ധ സദനം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന പരസ്യ ചിത്രം ഉത്പന്നത്തെക്കാളും പ്രാധാന്യം നല്‍കുന്നത് മനുഷ്യബന്ധങ്ങളുടെ ഊഷ്മളതക്കാണ്. തങ്ങളുടെ ബ്രാന്‍ഡുകളെക്കുറിച്ചുള്ള വെറും വമ്പു പറയലുകള്‍ ആയി ഒതുങ്ങിപ്പോകാതെ നമ്മുടെ മനസ്സുകളെ തൊടാനും നമ്മുടെ ചുറ്റുമുള്ള ജീവിതാവസ്ഥകളെപ്പറ്റി ചിന്തിക്കാനും പ്രേരിപ്പിക്കുമ്പോള്‍ വെറും കച്ചവടത്തിനപ്പുറം പുതിയ മാനുഷികമാനങ്ങള്‍ തേടുകയാണ് പുതിയ കാലത്തിന്റെ പരസ്യങ്ങള്‍. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)