മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ വ്യത്യസ്ത വാദങ്ങളുമായി പ്രതി അരുണ്‍ കമലാസന്.
സാം എബ്രഹാം ആത്മഹത്യ ചെയ്തതാണ് എന്നാണ് അരുണ്‍ കമലാസനന്റെ പുതിയ വാദം.
സുപ്രീം കോടതി മൂന്നംഗ ബഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍ ആദ്യം നേരിട്ട് ഹാജരായാണ് അരുണ്‍ കമലാസനന് വാദിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വാദങ്ങളാണ് അരുണ്‍ ഇത്തവണ മുന്നോട്ടുവച്ചത്. താന്‍ സാം എബ്രഹാമിനെ കൊന്നിട്ടില്ല എന്നും, സാം ആത്മഹത്യ ചെയ്തതാണ് എന്നുമായിരുന്നു അരുണ്‍ കമലാസനന്റെ പ്രധാന വാദം.
ഇക്കാര്യം അപ്പീല്‍ കേട്ട ബഞ്ച് ചൂണ്ടിക്കാട്ടിയപ്പോള്‍, സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയ വ്യാജ കുറ്റസമ്മതം മാത്രമായിരുന്നു അതെന്നാണ് അരുണ്‍ കമലാസനന് മറുപടി നല്‍കിയത്. സാം എബ്രഹാം തന്നെയാണ് ഇന്ത്യയില്‍ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാ തന്നോട് പറഞ്ഞിരുന്നുവെന്നും അരുണ്‍ കമലാസനന് വാദിച്ചു.
കേസിലെ പ്രധാന സാക്ഷികളിലൊന്നായ ടോക്സിക്കോളജി വിദഗ്ധന്‍ പ്രൊഫസര്‍ ഗുഞ്ചയുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും, താന്‍ കൊല നടത്തി എന്ന് തെളിയിക്കുന്നതിനുള്ള വിരലടയാളമോ മറ്റു തെളിവുകളോ ഇല്ല എന്നുമായിരുന്നു അരുണിന്റെ മറ്റു വാദങ്ങള്‍.
അതേസമയം, കേസില്‍ പ്രതികളായ സോഫിയ സാമിന്റെയും, കാമുകന് അരുണ്‍ കമലാസനന്റെയും അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെയും ശിക്ഷാ വിധിക്കെതിരെയും അരുണ്‍ കമലാസനന് അപ്പീല്‍ നല്‍കിയിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നടപടിയെ ചോദ്യം ചെയ്താണ് സോഫിയ അപ്പീല്‍ നല്‍കിയത്.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന് കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ഈ ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവും.
സാം എബ്രഹാം വധക്കേസില്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു.
Discussion about this post