വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാൽ കാശ്മീർ തർക്കം പരിഹരിക്കാൻ ഇടപെടാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇമ്രാൻ ഖാനുമായുള്ള ചർച്ചയിൽ ദശാബ്ദങ്ങളായുള്ള കാശ്മീർ പ്രശ്‌നത്തിൽ ഇടപെടാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം പാകിസ്താൻ സ്വീകരിക്കുകയും ഇന്ത്യ തള്ളിക്കളയുകയുമായിരുന്നു.
കാശ്മീരിൽ അമേരിക്കൻ മധ്യസ്ഥത ഇന്ത്യ നിരസിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അത് പ്രധാനമന്ത്രി മോഡിയെ ആശ്രയിച്ചാണ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം, കാശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് മധ്യസ്ഥത ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുകൾ നേരത്തെ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്നീട് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
കാശ്മീർ വിഷയത്തിലെ പാകിസ്താനുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ പല തവണ തള്ളിക്കളഞ്ഞതാണ്. കാശ്മീർ ആഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്താനുമായി ചർച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാകുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.