വാഷിങ്ടണ്‍: ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരിലാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന് പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്തത്.
ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖ അധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്പനി പറഞ്ഞു. കപ്പല്‍ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Discussion about this post