കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്താന്‍; നിയമങ്ങള്‍ ബോധ്യപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കുമെന്ന് പാകിസ്താന്‍. പാക് നിയമങ്ങള്‍ അനുസരിച്ചാണ് നയതന്ത്ര സഹായം ഉറപ്പാക്കുക. എങ്ങനെ സഹായം നല്‍കണമെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് വ്യക്തമാക്കിയ പാക് വിദേശകാര്യ ഓഫീസ് കുല്‍ഭൂഷണിനെ വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അറിയിച്ചു.

പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം. കുല്‍ഭൂഷണ്‍ ജാദവിനോട് അദ്ദേഹത്തിനുള്ള അവകാശങ്ങളെക്കുറിച്ച് വിവരം നല്‍കാത്തതും 22 ദിവസം വൈകി അറസ്റ്റ് വിവരം ഇന്ത്യയെ അറിയിച്ചതും നയതന്ത്ര സഹായം നിഷേധിച്ചതും പാകിസ്താന്‍ നടത്തിയ ഗുരുതര കരാര്‍ ലംഘനങ്ങളാണെന്നാണ് രാജ്യാന്തര കോടതി കണ്ടെത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലെ അഭിഭാഷക സംഘമാണ് ഐസിജെയില്‍ വാദങ്ങള്‍ ഉന്നയിച്ചത്.

Exit mobile version