ലെസ്റ്റർ: ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് മന്ത്രി. ഇന്ത്യയിൽ മുസ്ലിങ്ങൾക്കു നേരെ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ബ്രിട്ടീഷ് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടീഷ് ഷാഡോ കാബിനെറ്റിലെ മന്ത്രിയായ ജൊനാതൻ ആഷ്വർത്ത് ആവശ്യപ്പെട്ടു. അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയിലെന്നും ലെസ്റ്റർ സൗത്തിലെ ലേബർ പാർട്ടി എംപി കൂടിയായ ആഷ്വർത്ത് സർക്കാരിന് അയച്ച കത്തിൽ പറഞ്ഞു. ഇന്ത്യയിലെ സർക്കാർ വിഷയത്തിൽ ആവശ്യമായ നടപടി കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ആഷ്വർത്ത് ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഷാഡോ സെക്രട്ടറിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. കൂടുതലും ഇന്ത്യൻ വംശജർ താമസിക്കുന്ന മണ്ഡലമാണ് ലെസ്റ്റർ. തന്നെ ഇക്കാര്യം ധരിപ്പിച്ചത് മുസ്ലിം വിഭാഗക്കാരാണെന്ന് ആഷ്വർത്ത് കത്തിൽ പറയുന്നു.
‘ഇന്ത്യയിലെ സാഹചര്യങ്ങൾ വളരെ മോശമാണ്. മതം പറഞ്ഞുള്ള കൊലപാതകങ്ങൾ ഏറിവരുന്നു. ലഹളകളും ആക്രമണങ്ങളും വേർതിരിവും കൂടിവരികയാണ്. വ്യക്തികൾക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാൻ കഴിയുന്നില്ല. എന്റെ മണ്ഡലത്തിലുള്ളവർ ഇക്കാര്യത്തിൽ ദുഖിതരാണ്. ഇന്ത്യയിലെ സർക്കാർ ആക്രമണങ്ങൾ തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ പറയുന്നത്.’- ആഷ്വർത്ത് ആരോപിക്കുന്നു.
Discussion about this post