ലാഹോര്‍: പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ പൗരന് അടിയന്തിര ചികിത്സ കിട്ടാതെ മരിച്ചു. 330 കിലോ ഭാരമുള്ള നൂറുല്‍ ഹുസൈന് (55) ആണ് മരിച്ചത്.ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെയാണ് മരണം.
ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട നൂറുല്‍ ഹുസൈന് ആശുപത്രിയില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് അവശ്യപരിചരണം ലഭിക്കാതെയാണ് മരണം സംഭവിച്ചത്.
ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിദ്ദീഖാബാദ് സ്വദേശിയാണ് നൂറുല്‍ ഹുസൈന്. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ലാഹോറില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 28 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ഐസിയുവിലെ ചില്ലുകളും വെന്റിലേറ്ററുകളും തകര്‍ക്കുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ ഓടി രക്ഷപ്പെട്ടു.
ഇതുകാരണം നൂറുല്‍ ഹുസൈന് ഐസിയുവില്‍ തനിച്ചാവുകയായിരുന്നു. ഈ സമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഐസിയുവില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗിയും ചികിത്സ ലഭിക്കാതെ മരിച്ചിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ വീടിന്റെ മതില് തകര്‍ത്താണ് നൂറുലിനെ ആശുപത്രിയിലെത്തിച്ചത്. ഭാരം കാരണം വീടിന്റെ ഗെയ്റ്റ് കടക്കാന്‍ കഴിയാതിരുന്ന നൂറുല്‍ വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.