അവധി ആഘോഷിക്കുവാനായി സുഹൃത്തുക്കള്‍ക്കൊപ്പം മകന് പോകാന്‍ ഒരുങ്ങുമ്പോള്‍ അവന് വേണ്ട എല്ലാം ഒരുക്കി യാത്ര അയക്കുന്ന അമ്മയെ ആണ് നാം പലപ്പോഴും കാണാറുള്ളത്. എന്നാല്‍ സ്കോട്ട്ലന്‍ഡിലെ ഒരമ്മയുടെ വ്യത്യസ്തതയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച.
മകന് അവധി ആഘോഷത്തിനായി കൂട്ടുക്കാര്‍ക്കൊപ്പം പോവാന്‍ ഒരുങ്ങിയപ്പോള്‍ ഈ അമ്മ നല്‍കിയത് എട്ട് ഉപദേശങ്ങളാണ്. ഈ ഉപദേശങ്ങള്‍ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്കോട്ട്ലന്‍ഡുകാരനായ ഫിന്‍ലെ ബ്രോക്കി എന്ന പതിനെട്ടുകാരനാണ് അമ്മ ലിസയുടെ രസകരമായ എട്ടുനിയമങ്ങള് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
മകന് അവധി ആഘോഷിക്കാന്‍ പോകുന്നതിനെ കുറിച്ച് ആലോചിച്ചുള്ള ആശങ്കയാണ് ഈ അമ്മ രസിപ്പിക്കുന്ന ഉപദേശങ്ങളിലൂടെ പങ്കുവെച്ചത്. സന്ദേശം വായിച്ച് ചിരിച്ചുപോയ ഫിന്‍ലെ സംഗതി ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ഉപദേശങ്ങള്‍ വൈറലായി. ഇങ്ങനെയൊരമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ജീവിതത്തേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ട് യാത്ര അടിച്ചുപൊളിച്ച് വീട്ടിലേക്ക് സുരക്ഷിതനായി എത്തുക എന്നും അവസാനമായി ആ അമ്മ പറയുന്നുണ്ട്.
Ma maws rules fir maga👍🏻👍🏻👍🏻 pic.twitter.com/ZcLJTP9uHp
— Finlay Brockie (@FinlayBrockie1) July 2, 2019
അമ്മയുടെ എട്ട് ഉപദേശങ്ങള്‍
*എയര്‍പോര്‍ട്ടിലെത്തും മുമ്പ് മദ്യപിക്കരുത്, അങ്ങനെ ചെയ്താല്‍ നിന്നെ അധികൃതര്‍ വിമാനത്തില്‍ കയറ്റില്ല, *രാത്രികാലത്ത് നിങ്ങളുടെ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കരുത്. കഴിഞ്ഞ ഒരു മാസം നീ നഷ്ടപ്പെടുത്തിയത് രണ്ടു പ്രൊവിഷണലുകള്, മൂന്ന് ഡോര്‍ കീ, ബാങ്ക് കാര്‍ഡ്, പണം, ഒരു വാലറ്റ് എന്നിവയാണ്. നിന്നെ വിശ്വസിക്കാന്‍ കഴിയില്ല, *ഭക്ഷണം കഴിക്കണം എന്ന കാര്യം ഓര്‍ക്കണം. ഭക്ഷണം വാങ്ങുമ്പോള്‍ ഇത്രയും രൂപയ്ക്ക് എനിക്ക് ഇത്രയും മദ്യം വാങ്ങാമല്ലോ എന്ന് താരതമ്യം ചെയ്യരുത്, *ബോട്ട് പാര്‍ട്ടിയോ, പൂള് പാര്‍ട്ടിയോ ഉണ്ടെങ്കില്‍ മാറിനില്‍ക്കുന്നതാണ് നല്ലത്. ഒരിക്കല്‍ യാദൃച്ഛികമായി ഒരു തടാകത്തിന് സമീപത്തൂടെ പോയ നീ വീട്ടിലേക്ക് മടങ്ങി വന്നത് നഗ്നനായി പ്രവര്‍ത്തിക്കാത്ത ഫോണും കൈയില്‍ പിടിച്ചാണ്, *ടാറ്റൂ ചെയ്യണ്ട. അഥവാ ചെയ്തേ പറ്റൂ എന്ന് തോന്നുണ്ടെങ്കില്‍ നിന്റെ നിതംബത്തില്‍ ചെയ്താല്‍ മതി. അഥവാ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയാല്‍ അത് നിത്യവും കാണേണ്ടി വരില്ലല്ലോ,*സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് മുതിരരുത്. ഒരു രാത്രിയിലെ രസം ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അലട്ടുന്ന ഗോണേറിയക്ക് കാരണമായേക്കാം, *മദ്യപിച്ച് എന്നെ വിളിക്കരുത്. ഞാന്‍ ആകുലപ്പെടുക മാത്രമേ ഉള്ളൂ, *എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നെ വിളിക്കുകയും വേണം. നിങ്ങളുടെ കൂട്ടത്തില്‍ ആരാണ് അല്പമെങ്കിലും വിവേകമുള്ളത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയാണ്. എന്നാലിപ്പോള്‍ അതിന് കഴിയാതെ ഞാന്‍ ബുദ്ധിമുട്ടുകയാണ്.