ന്യൂബ്രിഡ്ജ്: ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതിരിക്കുവാന്‍ വേണ്ടി പല അടവുകളും ഇറക്കുന്നവര്‍ നമുക്ക് ഇടയില്‍ ഉണ്ട്. കഴിച്ച് ബാക്കി വന്ന ഭക്ഷണത്തില്‍ ചത്ത പാറ്റയെയും പല്ലിയെയും ഇടുക, ഭക്ഷണം പോരാ വൃത്തിയില്ലെന്ന് പറയുക തുടങ്ങിയ പതിവ് കാര്യങ്ങളാണ് എവിടെയും നിറയുന്നത്. ഇപ്പോള്‍ സമാനമായ സംഭവമാണ് അയര്‍ലന്‍ഡിലെ ജഡ്ജ് റോയ് ബീന്‍സ് ബാര്‍ ആന്‍ഡ് സ്റ്റീക്ക് ഹൗസിലും നടന്നത്.
ഭക്ഷണം കഴിക്കുന്നതിനിടെ റെസ്റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീ ചുമയ്ക്കാനാരംഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇവരുടെ ശബ്ദവും നിലവിളിയും കേട്ട് ജീവനക്കാര്‍ എത്തി. ഉടനെ ഇവര്‍ പരാതി നല്കി. അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിലെ ചില്ലുകഷണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയാണ് തനിക്ക് അസ്വസ്ഥതയുണ്ടായതെന്ന് യുവതി പറഞ്ഞു. എന്നാല്‍ അത് വിശ്വസനീയമായി ഹോട്ടല്‍ ഉടമയ്ക്ക് തോന്നിയില്ല.
പരാതിയില്‍ സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമ റെസ്റ്റോറന്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ പരാതിക്കാരിയായ സ്ത്രീ തന്റെ കുപ്പായത്തിലൊളിപ്പിച്ചെത്തിയ ചില്ലുകഷണങ്ങള്‍ ഭക്ഷണത്തിനൊപ്പം വായിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. സിസിടിവിയില്ലായിരുന്നെങ്കില് തന്റെ സ്ഥാപനത്തിന്റെ പേരിന് കളങ്കമായിത്തീരുമായിരുന്നുവെന്നും വിവിയന്‍ പറയുന്നു.
Discussion about this post