വാഷിങ്ടണ്‍: ആമസോണ്‍ സ്ഥാപകനും ഭാര്യയും വേര്‍പിരിയുമ്പോള്‍ സംഭവിക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ വിവാഹമോചനം കൂടിയാകും. ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസും ഭാര്യ മക്കന്‍സിയും പിരിയുമ്പോള്‍ ഭാര്യയ്ക്ക് ലഭിക്കുന്നത് ഏകദേശം 3800 കോടി ഡോളറാണ് (ഏകദേശം 2.6 ലക്ഷം കോടി രൂപ).
അതേസമയം, ഈ തുകയുടെ പകുതിയും താന്‍ ദാനം ചെയ്യുമെന്ന് മക്കെന്‍സി അറിയിച്ചിരിക്കുകയാണ്. 1993-ലാണ് ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് നാലുമക്കളാണുള്ളത്. പിരിയാന്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്നെങ്കിലും ഏപ്രിലിലാണ് അന്തിമതീരുമാനമെടുത്തത്. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതോടെ പിരിയാന്‍ തീരുമാനിച്ചെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ, ലോകത്തെ ഏറ്റവും ‘സമ്പന്ന’മായ വിവാഹമോചന ഉടമ്പടിക്ക് കളമൊരുങ്ങുന്നെന്ന തരത്തില്‍ വാര്‍ത്തയും അന്ന് പുറത്തുവന്നിരുന്നു. വിവാഹമോചിതരാകുന്നവര്‍ പരസ്പര ധാരണയിലെത്തിയില്ലെങ്കില്‍ സ്വത്ത് തുല്യമായി വീതംവെക്കണമെന്നാണ് വാഷിങ്ടണിലെ വ്യവസ്ഥ. സ്വത്ത് ഭാഗിക്കുന്നതില്‍ ജെഫും മക്കെന്‍സിയും ധാരണയിലെത്തിയിരുന്നു. ആസ്തിയുടെ ഏകദേശം 25 ശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുന്നത്. ഈ വിവാഹമോചനത്തോടെ 49 വയസ്സുള്ള മക്കെന്‍സി ലോകത്തെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാവും.
Discussion about this post