ടെഹ്റാന്: അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പുകളും ഉപരോധവും മറികടന്ന് തിരിച്ചടിച്ച് ഇറാന്. യുഎസ് ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ക്കുമെന്ന് ഇറാന് ഭീഷണി മുഴക്കി. ‘യുഎസ് ഞങ്ങളെ ആക്രമിച്ചാല്‍, വെറും അരമണിക്കൂര്‍ മാത്രമായിരിക്കും ഇസ്രായേലിന്റെ ആയുസ്’ -ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശ നയ കമ്മീഷന് ചെയര്‍മാനായ മൊജ്തബ സൊലനൗര് മുന്നറിയിപ്പ് നല്കി.
ഇറാനെ ആക്രമിക്കാന്‍ യുഎസ് തുനിഞ്ഞിരുന്നെന്നും എന്നാല്‍ അവസാന നിമിഷം വേണ്ടെന്നു വെയ്ക്കുകയായിരുന്നെന്നും അടുത്തകാലത്തായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് സൊലനൗര് നല്‍കിയതെന്നാണ് വിവരം. ട്രംപിന്റേത് വെറും നാടകമാണെന്നും ആക്രമിച്ച് വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കില്‍ യുഎസ് അത് ചെയ്തേനെയെന്നും സൊലനൗര് പറഞ്ഞു.
2015ലെ ആണവ കരാറില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ യുറാനിയം ഇറാന് സംഭരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആഗോളതലത്തില്‍ വീണ്ടും ഇറാന്-യുഎസ് പോര് ശക്തമായിരിക്കുകയാണ്. ഇറാന്റേത് തീക്കളിയാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.
Discussion about this post