വാഷിങ്ടണ്‍: പത്രസമ്മേളനത്തിനിടെ തനിക്ക് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിന് സിഎന്‍എന്‍ മാധ്യമ പ്രവര്‍ത്തകനുമായി കൊമ്പ് കോര്‍ത്തതിന് പിന്നാലെ വീണ്ടും സിഎന്‍എന്നിന്റെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ വിഡ്ഢി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനൊന്നും മറുപടി പറയാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞായിരുന്നു ട്രംപ് മാധ്യമ പ്രവര്‍ത്തകനായ അബി ഫിലിപ്പിനോട് കയര്‍ത്തത്.
2016 ലെ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് റഷ്യന്‍ ഏജന്റുമാരുടെ സഹായം തേടിയെന്ന ആരോപണത്തില്‍ പുതിയ അറ്റോണി ജനറലിന്റെ അന്വേഷണം വേണ്ടവിധത്തിലല്ലെന്ന പരാതി ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയത്.
നിങ്ങള്‍ എന്തൊരു വിഡ്ഢിത്തരമാണ് ചോദിക്കുന്നത്. ഇത് മാത്രമല്ല നേരത്തെയും നിങ്ങള്‍ ചോദിച്ചതെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങളായിരുന്നു. ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകനെ നോക്കി പറഞ്ഞ ശേഷം ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
അഭയം തേടി അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാരവന്‍ അഭയാര്‍ത്ഥികളെ കുറിച്ച് ചോദിച്ചതിനായിരുന്നു സിഎന്‍എന്‍ പ്രതിനിധി ജിം അക്കോസ്റ്റയോട് ട്രംപ് കഴിഞ്ഞ ദിവസം കുപിതനായത്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം.
Discussion about this post