വാഷിങ്ടണ്‍: തന്നെ ഉപേക്ഷിച്ചതാണെന്ന് അറിയാതെ റോഡരികില്‍ തള്ളിയ വീട്ടിലെ കസേരയില്‍ വീട്ടുകാരെയും കാത്തിരുന്ന് ഒരു നായ. വിശന്ന് തളര്‍ന്നിട്ടും ആ കസേര വിട്ട് പോകാന്‍ അവന്‍ തയ്യാറായില്ല, ഒരുപക്ഷേ തന്നെ ഉപേക്ഷിച്ചവര്‍ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷ കൊണ്ടാവാം. ഷാരോണ്‍ നോര്‍ട്ടണ്‍ എന്ന മൃഗസ്‌നേഹിയാണ് റോഡരികില്‍ കസേരയോടെ ഉപേക്ഷിച്ച നായയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മൃഗസ്‌നേഹികളെ ഒന്നടങ്കം സങ്കടപ്പെടുത്തുന്നതാണ് ചിത്രങ്ങള്‍. മിസ്സിസിപ്പിയിലെ ബ്രൂക്ക്‌ലൈനിലെ ഒരു റോഡരികില്‍ നിന്നാണ് മൃഗസംരക്ഷകവകുപ്പുദ്യോഗസ്ഥയായ ഷാരോണ്‍ നായക്കുട്ടിയെ കണ്ടെത്തിയത്. ഒരു അജ്ഞാതസന്ദേശത്തെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കസേരയില്‍ വിശന്ന് തളര്‍ന്ന് ഉടമയെയും കാത്തിരിക്കുന്ന നായയെ കണ്ടത്.
നായക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ടുവന്നുപേക്ഷിക്കുന്നത് കണ്ടെന്ന് വിവരം അറിയിച്ച ആള്‍ പറഞ്ഞു. ഷാരോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കരളലിയിക്കുന്ന ചിത്രത്തിന് മൃഗസ്‌നേഹികളില്‍ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നായ്ക്കുട്ടി ഇപ്പോള്‍ ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്‌ക്യു ലീഗിന്റെ സംരക്ഷണത്തിലാണുള്ളത്. ഏറ്റെടുക്കാന്‍ ആരെങ്കിലുമെത്തിയാല്‍ നായ്ക്കുട്ടിയെ കൈമാറും.