ടോക്യോ: ജപ്പാനില്‍ കഴിഞ്ഞ ദിവസം വൈദ്യുതിബന്ധം തകരാറിലായതോടെ 26 ട്രെയിനുകളാണ് റദ്ദാക്കേണ്ടി വന്നത്. ദുരിതത്തിലായതാകട്ടെ 12,000 ത്തോളം യാത്രികരും. ഈ വിപത്തുകള്‍ക്കെല്ലാം കാരണക്കാരനെ ഇപ്പോള്‍ തേടി കണ്ട് പിടിച്ചിരിക്കുകയാണ്.
ഒരു ഒച്ചാണ് ഇത്ര വലിയ ദുരിതം വരുത്തി വെച്ചത്. കേട്ടാല്‍ അപൂര്‍വ്വമായി തോന്നാം. പക്ഷേ സംഭവം സത്യമാണ്. റെയില്‍വെ ട്രാക്കിലെ വൈദ്യുതി ക്രമീകരിക്കുന്ന ഉപകരണത്തില്‍ ഒച്ച് കടന്നതാണ് വൈദ്യുതി ബന്ധം തകരാറിലാകുവാന്‍ കാരണം. ഉപകരണത്തില്‍ കടന്ന ഒച്ച് ഷോര്‍ട് സര്‍ക്യൂട്ടിന് ഇടയാക്കി. ചത്ത ഒച്ച് ഉപകരണത്തില്‍ തന്നെ കുടുങ്ങിയതോടെ രണ്ട് റെയില്‍വേ ലൈനുകളിലെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും തകരാറിലാവുകയായിരുന്നു.
ജപ്പാനിലെ ജെആര്‍ ഖ്യൂഷു റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ മെയ് 30നായിരുന്നു സംഭവം. നിരവധി തീവണ്ടികള്‍ റദ്ദാക്കേണ്ടി വന്നതോടെ വ്യാപക പരാതിയാണ് യാത്രക്കാരില്‍നിന്ന് ഉയര്‍ന്നത്. ഇതോടെ വൈദ്യുതി തകരാറിന്റെ കാരണം തേടിയപ്പോഴാണ് ഒച്ചാണെന്ന് മനസിലായത്.
Discussion about this post