ബെയ്ജിംങ്: ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ കരുതുന്നവര്‍ മാതൃകയാക്കണം ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരനെ. ജന്മനാ ഇരുകൈകളും ഇല്ലാത്ത ചെന്‍ തന്റെ സുഖമില്ലാത്ത അമ്മയെ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അസുഖത്തെ തുടര്‍ന്ന് എന്‍ഷി സിറ്റി ആശുപത്രിയില്‍ ചികിത്സതേടിയ അമ്മയെ ശുശ്രൂഷിക്കുന്ന ചെന്നിന്റെ കഥ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ ചൈനയില്‍ വളരെയധികം ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ചൈനയിലെ ‘പീപ്പിള്‍ ഡെയ്ലി’ എന്ന ഫേസ്ബുക്ക് പേജിലാണ് ചെന്നിന്റെ കഥ വന്നത്.
കാലുകള്‍ കൊണ്ട് അമ്മയുടെ തലമുടി കെട്ടിക്കൊടുക്കുന്ന, മരുന്നും ഭക്ഷണവും കൊടുക്കുന്ന ചെന്നിന്റെ ദൃശ്യങ്ങളും പോസ്റ്റില്‍ കാണാന്‍ സാധിക്കും. ചെന്നിന്റെ പ്രവൃത്തി പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി എല്ലാ ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ഭൂരിഭാഗം പേരും പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.
ചെന്നിന്റെ കഥ ഇങ്ങനെ തുടരുന്നു…
1989 -ല്‍ ഷുജിവാന്‍ എന്ന ചൈനയിലെ ഒരു ഗ്രാമത്തിലാണ് ചെന്നിന്റെ ജനനം. ഇരു കൈകളും ഇല്ലാതെയായിരുന്നു ചെന്‍ ജനിച്ചത്. ശേഷം ഒമ്പത് മാസം പ്രായമായപ്പോള്‍ ചെന്നിന്റെ പിതാവ് പനി ബാധിച്ച് മരിക്കുകയും ചെയ്തു. പിന്നീട് തന്നെയും സഹോദരനെയും വളര്‍ത്താന്‍ കഷ്ടപ്പെടുന്ന അമ്മയെയാണ് ചെന്‍ കാണുന്നത്. പരാതിയോ, പരിഭവമോ ഒന്നും പറയാതെ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ തരണം ചെയ്ത അമ്മയെ ചെന്‍ എന്നും അത്ഭുതത്തോടെയായിരുന്നു നോക്കിരുന്നത്. തുടര്‍ന്ന് ചെന്‍ തന്റെ നാലാമത്തെ വയസ്സില്‍ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കാലുകള്‍ കൊണ്ട് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിക്കാന്‍ തുടങ്ങി.
ആദ്യമൊക്കെ കാലുകള്‍ കൊണ്ട് ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് പരിശ്രമമെല്ലാം വിഫലമായിരുന്നു. എന്നാലും ചെന്‍ അതില്‍ നിന്നും പിന്തിരിയാന്‍ തയ്യാറായില്ല. വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ യുവാവായ ചെന്‍ അമ്മയെ ബുദ്ധിമുട്ടിക്കാതെ, മറ്റുള്ളവരുടെ സഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെറിയ ചെറിയ ജോലികള്‍, മാര്‍ക്കറ്റില്‍ പോകുക എന്നിവ ചെയ്യാനും തുടങ്ങി. ചെന്നിന്റെ കഥ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.