ഇസ്ലാമാബാദ്: സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളിലേക്ക് അതിവേഗം ഇറങ്ങിച്ചെല്ലുന്ന നേതാക്കള്‍, പലപ്പോഴും പിഴവുകള്‍ വരുത്തി ട്രോളുകള്‍ക്കും ഇരയാകാറുണ്ട്. ഇത്തരത്തില്‍ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ ട്വീറ്റ് ചെയ്ത് ട്രോളുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
മഹത്വം തുളുമ്പുന്ന വാക്കുകള്‍ പ്രശസ്ത ലെബനീസ് കവിയും എഴുത്തുകാരനുമായ ഖലീല്‍ ജിബ്രാന്റേതെന്ന് പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ഇമ്രാന് ഖാന് അബദ്ധം കാണിച്ചത്. യഥാര്‍ത്ഥത്തില്‍ ആ വരികള്‍ നോബേല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേതായിരുന്നു.
ഇമ്രാന് ഖാന് പോസ്റ്റ് ചെയ്ത വരികള്‍ ഇങ്ങനെ, ‘ഞാന്‍ ഉറങ്ങി, ജീവിതമെന്നാല്‍ എല്ലാം സന്തോഷമാണെന്ന് സ്വപ്നം കണ്ടു, ഞാന്‍ ഉണര്‍ന്നു, ജീവിതമെന്നാല്‍ സേവനമാണെന്ന് കണ്ടറിഞ്ഞു, ഞാന്‍ സേവിച്ചു, സേവനമാണ് സന്തോഷമെന്ന് കണ്ടെത്തി’. ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നവര്‍ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്നു എന്ന് കുറിച്ചാണ് ഈ വരികള്‍ ഇമ്രാന് ഖാന് പങ്കുവെച്ചത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വരികള്‍ രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതം എന്ന പ്രശസ്ത കവിതയിലേതാണ്. ഇത് തിരിച്ചറിയാതെ പോസ്റ്റ് ചെയ്ത ഇമ്രാന് ഖാനെ തിരുത്തിയും ട്രോളിയും സോഷ്യല്‍മീഡിയ വിഷയത്തില്‍ സജീവമായി ഇടപെടുന്നുമുണ്ട്.
‘പ്രധാനമന്ത്രീ, എനിക്ക് തോന്നുന്നത് ഈ വരികള്‍ ടാഗോറിന്റേതാണെന്നാണ്’- ഇമ്രാന്റെ അബദ്ധം തിരിച്ചറിഞ്ഞ് പാക് മാധ്യമപ്രവര്‍ത്തകനായ അസ്ഹര്‍ അബ്ബാസ് മറുപടി കൊടുത്തതിങ്ങനെ. ‘ഇമ്രാന് ഖാന് ഒരു പ്രധാനമന്ത്രി തന്നെയാണോ? തത്വചിന്തയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് മുമ്പ് ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യണ്ടേ?’-മറ്റൊരു ട്വീറ്റ് വിമര്‍ശിക്കുന്നു.
‘വാക്കുകള്‍ മനോഹരമായിരിക്കുന്നു. പക്ഷെ, ഇത് ജിബ്രാന്റെയല്ല, രബീന്ദ്രനാഥ ടാഗോറിന്റെ വരികളാണ്’ ഇമ്രാന് ഖാനെ തിരുത്തി മനോജ് അഗര്‍വാള്‍ കുറിച്ചതിങ്ങനെ. ഖാന് സാഹേബ്, ഇത് ടാഗോറിന്റെ വരികളാണ്, താങ്കള്‍ക്ക് വിദ്യാസമ്പന്നരും വിവരവുമുള്ള സോഷ്യല്‍മീഡിയ ടീം അനിവാര്യമാണെന്ന് മറ്റൊരാള്‍ പാക് പ്രധാനമന്ത്രിയെ ഉപദേശിക്കുന്നു.
വിഷയത്തില്‍ സോഷ്യല്‍മീഡിയയും ഇടപെട്ടതോടെ വീണ്ടും നാണംകെട്ടിരിക്കുകയാണ് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
Those who discover and get to understand the wisdom of Gibran's words, cited below, get to live a life of contentment. pic.twitter.com/BdmIdqGxeL
— Imran Khan (@ImranKhanPTI) June 19, 2019
Discussion about this post