പണം തിരിച്ചടയ്ക്കാന്‍ സാധ്യതയില്ല, തെളിവും നശിപ്പിച്ചേക്കും; നാലാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

48 കാരനായ നീരവ് മോദി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്.

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12000 കോടി വായ്പ എടുത്ത് ലണ്ടനിലേയ്ക്ക് മുങ്ങിയ രത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയല്‍ കോടതി തള്ളി. ഇത് നാലാം തവണയാണ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേയ്ക്ക് മുങ്ങിയ നീരവ് മോദി അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ശേഷം വാര്‍ത്തകളില്‍ നീരവ് ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയതിനു പിന്നാലെ മോദി അറസ്റ്റിലാവുകയായിരുന്നു.

നീരവ് മോദി പണം തിരിച്ചടയ്ക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയല്‍ കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്. 48 കാരനായ നീരവ് മോദി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞിരുന്നു. മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ അറസ്റ്റിലായത്. നീരവ്‌ മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Exit mobile version