സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൗരന്മാരെല്ലാം ജൂണ്‍ 30ന് മുമ്പ് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍

ജൂണ്‍ 30 ന് മുമ്പ് എല്ലാ പാക് പൗരന്മാരും സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

ഇസ്ലാമാബാദ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ പൗരന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജൂണ്‍ 30 ന് മുമ്പ് എല്ലാ പാക് പൗരന്മാരും സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

നികുതി അടച്ചില്ലെങ്കില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് പൗരന്മാരോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇമ്രാന്‍ ഖാന്റെ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്. മികച്ച രാജ്യമായി മാറാന്‍ നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനാമി സ്വത്തുക്കള്‍, ബിനാമി ബാങ്ക് അക്കൗണ്ടുകള്‍, വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ എന്നിവയാണ് ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ക്കൊക്കെ ബിനാമി സ്വത്തുവകകള്‍ ഉണ്ടെന്നതിനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇനി അവസരം നല്‍കില്ലെന്നും ഇമ്രാന്‍ ഖാന്‍ പൗരന്മാരോടായി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഒഴികെയുള്ള പാകിസ്താനിലുള്ള ബിനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കില്‍ പെട്ട സ്വത്തുക്കളായി മാറ്റാം. പാകിസ്താനിലെ ബാങ്കുകളില്‍ ബിനാമി പേരുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം ഇവയ്ക്ക് ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Exit mobile version