മതനിന്ദ കുറ്റാരോപിതയായ ആസിയ ബീബിക്ക് താല്‍കാലിക അഭയമെന്ന് ഡച്ച് സര്‍ക്കാര്‍

നെതര്‍ലാന്‍ഡ്: മതനിന്ദ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് സുപ്രീംകോടതി കുറ്റമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ വനിത ആസിയ ബീബിക്ക് താല്‍കാലിക അഭയം നല്‍കുമെന്ന് ഡച്ച് സര്‍ക്കാര്‍. നെതര്‍ലാന്‍ഡിലാവും അഭയം നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.

മുള്‍ട്ടാനിലെ വനിതകള്‍ക്കായുള്ള ജയിലില്‍ എട്ടു വര്‍ഷമായി ഏകാന്ത തടവില്‍ കഴിയുകയായിരുന്ന ആസിയ ബുധനാഴ്ചയാണ് ജയില്‍ മോചിതയായത്. ശേഷം ഇവരെ റാവല്‍ പിണ്ടിയിലെ നുര്‍ ഖാന്‍ എയര്‍ബേസില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ നെതര്‍ലാന്‍ഡിലേക്ക് കടത്തിയതായി പാക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോര്‍ കോടതി വധശിക്ഷക്കു വിധിച്ചത് 2010ലാണ്. ഒക്‌ടോബര്‍ 31 ന് സുപ്രീംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതയായാല്‍ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

ആസിയ ബീബിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സൈഫുല്‍ മലൂക്കും സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് വിവിധ സംഘടനകള്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍ രാജ്യം വിട്ടിരുന്നു.

Exit mobile version