സിയോള്‍: അമേരിക്കയുമായി നടത്തിയ ഹനോയ് ഉച്ചകോടി പരാജയമായതിനെ തുടര്‍ന്ന് ഉത്തരകൊറിയ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് സൂചന. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. വിയറ്റ്നാം തലസ്ഥാനമായ ഹനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
ഉച്ചകോടി പരാജയമായതോടെ ഉത്തരകൊറിയക്ക് വേണ്ടി ചര്‍ച്ചയുടെ തയ്യാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത വിദേശകാര്യ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധിച്ചതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ജോലി ചെയ്ത മറ്റൊരു ഉദ്യോഗസ്ഥന് നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടയുള്ള ശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. മിരിം വിമാനത്താവളത്തില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നും കിമ്മിന്റെ വലം കൈയ്യായിരുന്ന കിംഹ്യോക്കിനെ റിഎജ്യൂക്കേഷന് ക്യാമ്പില്‍ അയച്ചതായും സിഎന്‍ബിസി വാര്‍ത്തയില്‍ പറയുന്നു.
ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ഹനോയ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച. ഉച്ചകോടി പരാജയപ്പെട്ടതിനാല്‍ രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രസ്താവനയോ വിരുന്നോ ഉണ്ടായിരുന്നില്ല.
Discussion about this post