സാക്രാമെന്റോ: ഒരു ആപ്പിളിന്റെ വലുപ്പത്തിലായിരുന്നു ആ കുഞ്ഞിന്റെ ജനനം. അന്ന് ഒരു മണിക്കൂര്‍ മാത്രമാണ് ആയുസ് ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് ഇന്ന് കുഞ്ഞ് ജീവിതത്തിലേയ്ക്ക് നടന്നു കയറിയത്. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് ഇതാണെന്ന് ആശുപത്രിയും പ്രഖ്യാപിച്ച് കഴിഞ്ഞു. കാലിഫോര്‍ണിയയിലാണ് സംഭവം.
245 ഗ്രാമം മാത്രമാണ് ജനനസമയത്ത് ഉണ്ടായിരുന്ന ഭാരം. ഇന്ന് അത് 2.2 കിലോഗ്രാം ഭാരമുള്ള പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞായി മാറിയിട്ടുമുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തിലെ 23 ആഴ്ചത്തെ വളര്‍ച്ചയ്ക്ക് ശേഷമാണ് സേബിയെന്ന് ആശുപത്രി അധികൃതര്‍ ഓമനപ്പേരിട്ട് വിളിച്ച കുഞ്ഞിന്റെ ജനനം. സാന്‍ ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ 2018 ഡിസംബര്‍ 23നായിരുന്നു കുഞ്ഞിന്റെ ജനനം.
ഗര്‍ഭാവസ്ഥയില്‍ ഒട്ടേറെ സങ്കീര്‍ണതകളുണ്ടായതാണ് പ്രസവം നേരത്തയാകുവാന്‍ കാരണം. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവത്തിന് ശേഷം ഒരു മണിക്കൂര്‍ മാത്രം കുട്ടിക്ക് ആയുസ് ഡോക്ടര്‍ വിധിച്ചു, എന്നാല്‍ പിന്നീട് രണ്ട് മണിക്കൂറായി, ഒരു ദിവസമായി ആഴ്ചകളായി, ഇപ്പോള്‍ ഒരു മാസവും. എല്ലാം തരണം ചെയ്ത് കുഞ്ഞ് ഇപ്പോള്‍ അത്ഭുതകരമായി അതിജീവിച്ചിരിക്കുകയാണ്.
അവളൊരു അത്ഭുതമാണ് എന്നാണ് ആശുപത്രിയിലെ നഴ്‌സായ കിം നോര്‍ബി പറയുന്നത്. ‘കാരണമെന്താണെന്ന് വച്ചാല്‍ മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന മറ്റ് സങ്കീര്‍ണതകളൊന്നും സേബിക്ക് ഉണ്ടായിരുന്നില്ല. തലച്ചോറില്‍ രക്തസ്രാവമോ, ശ്വാസകോശത്തിനും ഹൃദയത്തിനുമുണ്ടാകുന്ന തകരാറോ ഒന്നും അവള്‍ക്ക് ഉണ്ടായിരുന്നില്ല’. കിം പറയുന്നു. ലോവ സര്‍വകലാശാലയുടെ ‘ടൈനിയസ്റ്റ് ബേബി രജിസ്റ്ററി’യുടെ കണക്ക് പ്രകാരം ജീവന്‍ തിരിച്ചുകിട്ടിയ ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണ് ഇപ്പോള്‍ സേബി. സേബിയുടെ ജനനം മുതലുള്ള വള്‍ച്ചയുടെ വീഡിയോ ഷാര്‍പ് ഹെല്‍ത്ത്‌കെയര്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.