ട്രംപിനെ വിമര്‍ശിച്ചതിന് സ്ഥാനം തെറിച്ചതോ? ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ രാജി വെച്ചു

ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി

ന്യൂയോര്‍ക്ക്: യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ രാജിവെച്ചു. സൗത്ത് കരോളീന ഗവര്‍ണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, ഒരു വലിയ പ്രഖ്യാപനം ഓവല്‍ ഓഫീസില്‍ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി. രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി ഹാലെ വിമര്‍ശിച്ചത് വൈറ്റ് ഹൗസിന് അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

46-കാരിയായ ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്നങ്ങളിലുമടക്കം യുഎന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നടത്തിയ വ്യക്തിയാണ്.

വ്യാഴാഴ്ച രാവിലെ തന്നെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്.

Exit mobile version