മെല്‍ബേണ്‍: മരിച്ചുപോയ ഭര്‍ത്താവിന്റെ കട്ടൗട്ടും വിവാഹദിനത്തില്‍ എടുത്ത ചിത്രവും മാറോട് ചേര്‍ത്ത് ലോകം ചുറ്റുന്ന ഒരു 58കാരിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മിഷേല്‍ ബോര്‍ക്ക് എന്ന 58കാരിയുടെ സ്നേഹം യഥാര്‍ത്ഥമാണെന്നും ഇങ്ങനെ വേണമെന്നുമാണ് സോഷ്യല്‍മീഡിയയുടെ വാദം. മരണക്കിടക്കയില്‍ കിടക്കുന്ന ഭര്‍ത്താവ് പോള്‍ ബോര്ക്കിന് മിഷേല്‍ നല്കിയ വാക്ക് കൂടിയായിരുന്നു ഇത്. പോളിന്റെ ചിത്രത്തോടൊപ്പം ഈ ലോകം മുഴുവനും താന്‍ സഞ്ചരിക്കുമെന്നാണ് മിഷേല്‍ നല്കിയ വാക്ക്.
പോള്‍ വിടവാങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷമായി. 2016ല്‍ അര്‍ബുദം ബാധിച്ചാണ് പോള്‍ ലോകത്തോട് വിടപറഞ്ഞത്. ഇന്നും തന്റെ പ്രിയതമന് നല്കിയ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുകയാണ് ഇവര്‍. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോളും മിഷേലും തമ്മില്‍ വിവാഹിതരാകുന്നത്. മടക്കി ഉപയോഗിക്കാന്‍ കഴിയുന്ന ചിത്രം തന്റെ ബാഗിലാണ് മിഷേല്‍ സൂക്ഷിച്ച് വയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങള്‍ കാണാന്‍ പോകുമ്പോള്‍ ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന പോളിന്റെ കട്ടൗട്ട് ചിത്രവും മിഷേല്‍ കൂടെ കൊണ്ടുപോകും. എന്നിട്ട് താന്‍ പോകുന്നിടത്തെല്ലാം പോളിന്റെ ചിത്രവും ഒപ്പം കൂട്ടും. താന്‍ കാണുന്ന എല്ലാ കാഴ്ച്ചകളും മിഷേല്‍ പോളിന്റെ കട്ടൗട്ട് ചിത്രത്തെയും കാണിക്കും. ഇങ്ങനെ നീളുന്നു മിഷേലിന്റെ വാക്ക് പാലിക്കല്‍.
ഓസ്ട്രേലിയന്‍ സ്വദേശിയായ മിഷേല്‍ ന്യൂയോര്‍ക്ക്, തായ്ലാന്ഡ്, ഈഫല്‍ ടവര്‍, ബക്കിങ്ഹാം കൊട്ടാരം, സ്റ്റോണ്‍ഹെന്‍ജ് എന്നീ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് കഴിഞ്ഞു. അടുത്ത തവണ യാത്രയ്ക്ക് പോകുമ്പോള്‍ അമ്പത് വയസ്സായപ്പോഴുള്ള ഭര്‍ത്താവിന്റെ ചിത്രം കൂടെ കൊണ്ടുപോകണമെന്നാണ് മിഷേലിന്റെ ആഗ്രഹം. അവസാനനാളുകളില്‍ പോളുമായുള്ള തന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി മിഷേല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കോണ്‍വര്‍സേഷന്‍ വിത്ത് പോള്‍’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്. പോളിന്റെ കട്ടൗട്ടുമായി താന്‍ നടത്തിയ യാത്രകളെക്കുറിച്ചും മിഷേല്‍ പുസ്തകം രചിച്ചിട്ടുണ്ട്. ‘ട്രാവലിങ് വിത്ത് കാര്‍ബോര്‍ഡ്’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുക.
Discussion about this post