ലണ്ടന്‍: സോഷ്യല്‍മീഡിയയില്‍ എഴുതാന്‍ കഴിവുണ്ടോ..? അക്കൗണ്ടുകള്‍ മാനേജ് ചെയ്ത് പരിചയമുണ്ടോ…? എങ്കില്‍ നിങ്ങള്‍ക്ക് ജോലി ഉണ്ട്. ഇവിടെ എങ്ങുമല്ല അങ്ങ് എലിസബത്ത് രാജ്ഞിയുടെ അടുത്ത്. ബ്രിട്ടീഷ് റോയല്‍ കമ്യൂണിക്കേഷന്‍സ് ആണ് ഈ തൊഴിലവസരത്തിന്റെ പരസ്യം തങ്ങളുടെ വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ രാജ്ഞി തനിക്ക് ഒരു ‘സോഷ്യല്‍ മീഡിയാ മാനേജരെ’ തേടുന്നുവെന്നാണ് പരസ്യം.
റോയല്‍ ഹൗസ്ഹോള്‍ഡ് വെബ്സൈറ്റില്‍ ഈ ജോലിയ്ക്ക് കൊടുത്തിരിക്കുന്ന ഔദ്യോഗികമായ പേര്, ‘ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഓഫീസര്‍’ എന്നാണ്. എലിസബത്ത് രാജ്ഞിയുടെ സോഷ്യല്‍ മീഡിയാ മാനേജര്‍ എന്ന തസ്തികയില്‍ ജോലി ചെയ്യുന്ന വ്യക്തി, ‘ പൊതുജനദൃഷ്ടിയില്‍ രാജ്ഞിയുടെ സാന്നിദ്ധ്യം ആഗോളതലത്തില്‍ സജീവവും സര്‍ഗാത്മകവുമായി നിലനിര്‍ത്താന്‍’ കഴിയുന്ന ആളായിരിക്കണമെന്നാണ് മുന്പോട്ട് വെച്ചിരിക്കുന്ന നിബന്ധന.
Earlier today The Queen and The Duke of Edinburgh attended the wedding of Lady Gabriella Windsor and Mr Thomas Kingston. pic.twitter.com/TYO8lGjcY6
— The Royal Family (@RoyalFamily) May 18, 2019
ഇതൊരു സ്ഥിരം ‘ഗവണ്മെന്റ്’ ജോലിയാണ്. പോരാത്തതിന് രാജസേവനവും. ആഴ്ചയില്‍ 40 മണിക്കൂറില്‍ കുറവായിരിക്കും ജോലിസമയം എന്നും പരസ്യത്തില്‍ പറയുന്നുണ്ട്. റോയല്‍ ഹൗസ്ഹോള്ഡിലെ സോഷ്യല്‍ മീഡിയാ മാനേജരുടെ ഓഫീസ് വിശാലമായ ബക്കിങ്ങ് ഹാം പാലസിനുള്ളിലായിരിക്കും. വര്‍ഷത്തില്‍ ഏകദേശം 30,000 പൗണ്ട്സ്( 26 ലക്ഷം രൂപ) നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
അതിനു പുറമെ വളരെ ഉദാരമായ ബെനിഫിറ്റ്സ് പാക്കേജ് വേറെയുമുണ്ട്. പക്ഷേ മറ്റൊന്നു കൂടിയുണ്ട്. ആറ് മാസത്തേയ്ക്ക് പ്രൊബേഷനറി ആയിരിക്കും. ശേഷം 15 ശതമാനം എംപ്ലോയറെ കോണ്ട്രിപ്റ്റഡ് ആയ ഒരു പെന്ഷന് സ്കീമിന് നിങ്ങള്‍ അര്‍ഹനാവും. 33 ദിവസമാണ് വാര്‍ഷിക അവധി. പക്ഷേ, അതില്‍ ബാങ്ക് അവധി ദിനങ്ങളും ഉള്‍പ്പെടും എന്നുമാത്രം. തീര്‍ന്നില്ല, ജോലിയ്ക്കായി പാലസില്‍ വരുന്ന ദിവസങ്ങളില്‍ ഉച്ചഭക്ഷണം സൗജന്യമായി ലഭിക്കുകയും ചെയ്യും. ഈ ജോലി വളരെ ശ്രദ്ധയോടും അര്‍പ്പണമനോഭാവത്തോടും കൂടി മാത്രം ചെയ്യേണ്ടുന്ന ഒന്നാണ്.
റോയല്‍ ഹൗസ്ഹോള്‍ഡിന്റെ സല്‍പ്പേര് നിങ്ങളുടെ കൈയ്യിലാകയാല് നിങ്ങള്‍ തൊഴിലിനെ അതീവഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നും പരസ്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ചാടി കയറരുത്. ആലോചിച്ച് ഉറച്ച തീരുമാനം എടുക്കണമെന്ന് സാരം. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സില്‍ അടിസ്ഥാനപരമായ പശ്ചാത്തലം ആവശ്യമാണ്. വെബ്സൈറ്റുകളും, സോഷ്യല്‍ മീഡിയാ കണ്ടന്റും മാനേജ് ചെയ്ത് നല്ല പരിചയം അത്യാവശ്യമാണ്. theroyalhousehold.tal.net എന്ന വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ജോബ് ഡിസ്ക്രിപ്ഷന്‍ പ്രകാരം, ‘ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ എല്ലാ വിധ നൂതനസങ്കേതങ്ങളിലും അറിവുണ്ടാവണം.
പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും, പ്രചരിപ്പിക്കാനും ഒക്കെ താത്പര്യമുണ്ടാവണം. എഴുതാനും, എഡിറ്റ് ചെയ്യാനും അസാമാന്യമായ കഴിവുണ്ടാവണം..’ ചുരുക്കത്തില്‍ നല്ല പരിജ്ഞാനം അത്യാവശ്യം. മാനേജ്മന്റ് സ്കില്ലുകള്‍ക്കു പുറമെ, ഫോട്ടോഗ്രാഫിയിലും, ഉയര്‍ന്നഗുണനിലവാരമുള്ള വീഡിയോകള്‍ എടുക്കുന്നതിലും വൈദഗദ്യം നിര്‍ബന്ധമാണ്. തികഞ്ഞ പ്ലാനിങ് സ്കില്‍, മാറുന്ന സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള കഴിവ് എന്നിവയും വേണമെന്നും പരസ്യം പറയുന്നത്. മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ ഉണ്ടോ..? ആത്മവിശ്വാസം ഉണ്ടോ..? എങ്കില്‍ ഈ ജോലിക്ക് ധൈര്യമായി അപേക്ഷിക്കാം. theroyalhousehold.tal.net എന്ന വെബ്സൈറ്റില്‍ കേറി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Discussion about this post