വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ചരിത്രത്തിലാദ്യമായി രണ്ട് മുസ്ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും പാലസ്തീന് വംശജയായ റാഷിദ തായിബുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജനപ്രതിനിധി സഭയിലെ ആദ്യ മുസ്ലീം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്റ്റേറ്റ് അറ്റോണി ജനറല്‍ മല്സരത്തിനായാണ് കെയ്ത്ത് എല്ലിസണ് രാജിവെച്ചത്. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം.
സോമാലിയയില്‍ നിന്ന് ഒമര്‍ യുഎസിലെത്തുന്നത് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 14ാം വയസിലാണ്. ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയിലുടെയാണ് അവര്‍ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികള്‍ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമര്‍.
തായിബ് പാലസ്തീന് സ്വദേശികളുടെ മകളാണ്. 2008 മിഷിഗണില്‍ നിന്ന് വിജയിച്ച് അവര്‍ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തെത്തിയിരുന്നു. വന്‍കിട കോര്‍പ്പറേഷനുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെതിരെയും തായിബ് എതിരായിരുന്നു.
Discussion about this post