ലണ്ടന്‍: ഭാഗ്യദേവത കഷ്ടപ്പാടുകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ ജോര്‍ദനെ അനുഗ്രഹിച്ചിരിക്കുകയാണ്. ഡിഎന്‍എ ടെസ്റ്റിന്റെ രൂപത്തിലാണ് ഭാഗ്യം കടന്നു വന്നതെന്ന് വേണമെങ്കില്‍ ആലങ്കാരികമായി പറയുകയും ചെയ്യാം. ഇംഗ്ലണ്ടിലെ ജോര്‍ദന്‍ അഡ്ലാഡ് റോജറിനെയാണ് കോടിക്കണക്കിന് രൂപയുടെ സമ്പത്ത് നല്കി ഡിഎന്‍എ ടെസ്റ്റ് അനുഗ്രഹിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ കോണ്‍വാളിലെ ശതകോടീശ്വര കുടുംബമാണ് റോജേഴ്സ്. 1536 ഏക്കര്‍ വരുന്ന പെന്റോസ് എസ്റ്റേറ്റും അതില്‍ നിന്നുള്ള വരുമാനവും തലമുറകളായി റോജേഴ്സ് കുടുംബത്തിനായിരുന്നു. 1974 ല്‍ ഈ എസ്റ്റേറ്റിലെ ഒരു ഭാഗം നാഷണല്‍ ട്രസ്റ്റിന് ദാനമായി നല്‍കിയിരുന്നു. 1000 വര്‍ഷത്തേക്ക് എസ്റ്റേറ്റില്‍ താമസിക്കാനും മറ്റും പാട്ടം എഴുതി വാങ്ങിയതിന് പകരമായാണ് ഭൂമി നാഷണല്‍ ട്രസ്റ്റിന് കൈമാറിയത്. ഇതിനിടെ, 2018 ല്‍ റോജേഴ്സ് കുടുംബത്തിലെ അവസാനത്തെ അവകാശിയെന്ന് കരുതിയിരുന്ന ചാള്‍സ് റോജേഴ്സ് അന്തരിക്കുകയും ചെയ്തു.
ഈ സമയത്ത് ആരും തിരിച്ചറിയാതെ പോയ മറ്റൊരു അവകാശി നിയമത്തിന്റെ നൂലാമാലകള്‍ക്ക് മുന്നില്‍ പകച്ച് നില്ക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല ജോര്‍ദന്‍ അഡ്ലാഡ് എന്ന യുവാവായിരുന്നു അത്. എട്ടാം വയസ്സിലാണ് പിതാവ് കോടീശ്വരനായ ചാള്‍സ് ആണെന്ന് അമ്മ ജോര്‍ദനോട് വെളിപ്പെടുത്തുന്നത്. എന്നാല്‍, ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനോടൊപ്പം ഒരു ഉപാധിയും അമ്മ മുന്നോട്ടുവെച്ചു, ഒരിക്കലും അതിന്റെ പേരില്‍ ചാള്‍സിനെ ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു അത്. പതിറ്റാണ്ടുകളോളം ആ രഹസ്യം ജോര്‍ദാനും അമ്മയ്ക്കും ഇടയില്‍ തന്നെ രഹസ്യമായി നിലകൊണ്ടു. എന്നാല്‍ അമ്മയുടെ മരണത്തിന് ശേഷം ഒരിക്കല്‍ ചാള്‍സിനെ കണ്ട് ആ രഹസ്യം ജോര്‍ദാന്‍ വെളിപ്പെടുത്തി. പക്ഷെ, ഇതംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ചാള്‍സ്, ഡിഎന്‍എ ടെസ്റ്റ് നടത്തി തെളിയിക്കാനാണ് അന്ന് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ചാള്‍സ് മരണപ്പെടുന്നതും സ്വത്തുക്കള്‍ അകന്ന ബന്ധുക്കളിലേക്ക് പോകാന്‍ ഇടയായതും.
ഇതോടെ, ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ജോര്‍ദന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വത്തുക്കള്‍ മുഴുവനും ജോര്‍ദന്‍ ലഭിക്കുന്നത് തടയാന്‍ ചാള്‍സിന്റെ അകന്ന ബന്ധുക്കള്‍ ശ്രമങ്ങള്‍ തുടരുകയും ചെയ്തു. ഒടുവില്‍ അനുകൂലമായ കോടതി വിധി സമ്പാദിക്കുകയും ചാള്‍സിന്റെ മകനാണ് താനെന്ന് തെളിയിക്കുകയും ചെയ്തു. ഈ ഒരൊറ്റ കോടതി വിധിയോടെ കോടികളാണ് ചാള്‍സ് സമ്പാദിക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റുകളിലെ നിക്ഷേപങ്ങള്‍, കര്‍ഷകര്‍ക്ക് പാട്ടത്തിന് ഭൂമി നല്കിയ വകയിലുള്ള വരുമാനം തുടങ്ങിയ വഴികളിലൂടെ കസേരയില്‍ കാലു നീട്ടി ഇരുന്നാലും ഓരോ മാസവും കോടികളാണ് ജോര്‍ദന്റെ പോക്കറ്റിലേക്ക് ഒഴുകിയെത്തുന്നത്. 31ാം വയസില്‍ പങ്കാളിയും കുഞ്ഞുമൊക്കെയായി പ്രാരാബ്ദ ജീവിതം നയിക്കുന്നതിനിടെയാണ് ജോര്ദാന്താന് റോജേഴ്സ് ആണെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചിരിക്കുന്നത്.
Discussion about this post