സിയോള്‍: മാര്‍പ്പാപ്പയെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍. കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇതിനായി കിം ജോങ് ഉന്നിന്റെ സന്ദേശം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ 17 ന് വത്തിക്കാനിലെത്തി മാര്‍പ്പാപ്പയ്ക്ക് കൈമാറും.
വത്തിക്കാനും ഉത്തരകൊറിയയും തമ്മില്‍ നിലവില്‍ നയതന്ത്രബന്ധങ്ങളില്ല. യൂറോപ്പ് സന്ദര്‍ശനത്തിന് പോകുന്ന മൂണ്‍ ജെ ഇന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാനാണ് വത്തിക്കാനിലെത്തുന്നത്. കഴിഞ്ഞമാസം കിമ്മും മൂണ്‍ ജെ ഇന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍പാപ്പയെ കാണാനുള്ള താല്‍പ്പര്യം കിം അറിയിച്ചത്.
അടുത്ത വര്‍ഷം ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് മാര്‍പാപ്പ അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഉത്തരകൊറിയന്‍ സന്ദര്‍ശനവും സാധ്യമാക്കാനാണ് നീക്കം. 2000ത്തിന് ശേഷം ഇത് ആദ്യമായാണ് ഉത്തരകൊറിയ മാര്‍പാപ്പയെ ക്ഷണിക്കുന്നത്.